twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒളിച്ചോടിയ അനു സിത്താര! അവരുടെ പ്രണയം നാട്ടില്‍ വലിയ ചര്‍ച്ചയായെന്നും നടി

    |

    നടി അനു സിത്താരയുടെ പ്രണയവും ഭര്‍ത്താവ് വിഷ്ണുവിനെ കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. പല അഭിമുഖങ്ങളിലും വിഷ്ണുവേട്ടനെ കുറിച്ചായിരിക്കും നടി പറയാറുള്ളതും. ഇപ്പോഴിതാ തന്റെ മാതാപിതാക്കളുടെ പ്രണയത്തെ കുറിച്ചും അവര്‍ വിവാഹിതരായതിനെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് അനു.

    നാട്ടില്‍ വലിയ ചര്‍ച്ചയായ അച്ഛനമ്മമാരുടെ പ്രണയത്തെ കുറിച്ച് മാത്രമല്ല സ്‌കൂളില്‍ പഠിക്കുമ്പോള്‍ കലാമണ്ഡലത്തില്‍ നിന്നും ഒളിച്ചോടിയതിനെ കുറിച്ചും അനു സിത്താര പറയുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കുട്ടിക്കാലത്തെ രസകരമായ സംഭവങ്ങള്‍ നടി ഓര്‍ത്തെടുക്കുന്നത്.

     അനു സിത്താര പറയുന്നതിങ്ങനെ

    എട്ടാം ക്ലാസായപ്പോഴാണ് കലാമണ്ഡലത്തില്‍ ചേര്‍ത്തത്. ഒരു ദിവസം കലാമണ്ഡലത്തിലെ ജീവിതത്തിന് ഫുള്‍ സ്റ്റോപ്പിടാന്‍ തീരുമാനിച്ചു. വീട്ടിലേക്ക് ഒളിച്ചോടുക. അതേ വഴിയുള്ളു. പക്ഷേ ഹോസ്റ്റലില്‍ നിന്ന് എങ്ങനെ ഇറങ്ങും എന്ന് മാത്രം അറിയില്ല. ഇറങ്ങിയാല്‍ തന്നെ ഒറ്റയ്ക്ക് ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ വരെ എത്തണം. അവിടുന്ന് ട്രെയിനില്‍ കോഴിക്കോട്. പിന്നെ ബസില്‍ കല്‍പ്പറ്റ. ആലോചിക്കുംതോറും സ്‌കൂള്‍ കുട്ടിയ്ക്ക് പേടി കൂടി. ദൈവം അല്ലാതെ മറ്റാരും കൂട്ടിനില്ല. അത് കൊണ്ട് കലാമണ്ഡലത്തിന് അടുത്തുള്ള പാങ്ങാവ് ശിവക്ഷേത്രത്തില്‍ തൊഴുതിട്ട് ഇറങ്ങാന്‍ തീരുമാനിച്ചു.

     അനു സിത്താര പറയുന്നതിങ്ങനെ

    വീട്ടിലേക്ക് തിരിച്ച് പോയേ പറ്റൂ. നേരായ മാര്‍ഗത്തിലൂടെ പറഞ്ഞിട്ട് കാര്യമില്ല. അനുവദിക്കില്ല. അവിടെ നിന്ന് പുറത്തിറങ്ങാന്‍ ഒറ്റ വഴിയേയുള്ളു. പിറന്നാളാണ് അമ്പലത്തില്‍ പോകണമെന്ന് കളവ് പറയുക. അങ്ങനെ അടുത്ത ദിവസം എന്റെ പിറന്നാള്‍ ആമെന്ന് കഥയിറക്കി. രാവിലെ അമ്പലത്തില്‍ പോകാന്‍ അനുവാദവും കിട്ടി. ആ ദിവസം ഇന്നും ഓര്‍മ്മയുണ്ട്. പച്ച ബ്ലൗസും ചന്ദന കളര്‍ പട്ട് പാവാടയും ഇട്ടു. പിറന്നാളല്ലേ... കണ്ണൊക്കെ എഴുതി പൊട്ടൊക്കെ തൊട്ടു. പക്ഷേ അമ്പലത്തിലേക്ക് ഇറങ്ങാന്‍ നേരം സീനിയറായ ചേച്ചി കൂടെ വന്നു. എല്ലാം പാളുമെന്നായി.

    അനു സിത്താര പറയുന്നതിങ്ങനെ

    ഒടുവില്‍ അമ്പലത്തില്‍ നിന്നും ചേച്ചിയെ നൈസായി ഒഴിവാക്കി ഓട്ടോറിക്ഷയില്‍ നേരെ റെയില്‍വേ സ്റ്റേഷന്‍. അവിടെ നിന്ന് കോഴിക്കോട്. പിന്നെ കല്‍പറ്റ ബസില്‍. പേടിച്ച് വിറച്ചായിരുന്നു യാത്ര. വീട്ടിലെത്തിയപ്പോഴെക്കും എല്ലാവരും അവിടെയുണ്ട്. എന്നെ കാണാനില്ലെന്ന വിവരം അറിഞ്ഞു കഴിഞ്ഞു. കോളേജിലുള്ളവര്‍ കരുതിയത് ഞാന്‍ ആരുടെയോ കൂടെ ഒളിച്ചോടി എന്നാണ്. പക്ഷേ എന്റെ അമ്മ ഉറപ്പിച്ച് പറഞ്ഞു, അതൊരിക്കലും ഉണ്ടാകില്ല. അവള്‍ നേരെ ഇങ്ങോട്ട് വരും. എന്നെ കണ്ടതും എല്ലാവരും കരച്ചില്‍. പിന്നെ കലാമണ്ഡലത്തിലേക്ക് അരങ്ങേറ്റത്തിനാണ് പോയത്.

     അനു സിത്താര പറയുന്നതിങ്ങനെ

    ഉപ്പയുടെയും ഉമ്മയുടെയും പ്രണയം കേട്ടിരിക്കാന്‍ നല്ല രസമാണ്. ഒരു സിനിമ തന്നെ. സലാമിന്റെയും രേണുകയുടെയും വിവാഹം ഞങ്ങളുടെ നാട്ടില്‍ കോളിളക്കം ഉണ്ടാക്കിയ ഒന്നായിരുന്നത്രേ. ഉപ്പയെ മാനു എന്നാണ് ഞാന്‍ വിളിക്കുന്നത്. അമ്മയെ പഠിപ്പിച്ച മാഷാണ് മാനു. വീട്ടില്‍ എല്ലാവര്‍ക്കും അറിയാം. ഒരു ഘട്ടത്തില്‍ വച്ച് അവര്‍ക്ക് പരസ്പരം ഇഷ്ടമായി. അത് കല്യാണത്തിലേക്ക് എത്താനൊരു നിമിത്തം ഉണ്ടായി. അമ്മയുടെ ബന്ധുവിന്റെ വിവാഹം. അതില്‍ പങ്കെടുക്കാന്‍ മാനുവും വന്നു. മാനുവിന്റെ കൈയില്‍ അമ്മയ്ക്കായി എഴുതിയ കത്തും ഉണ്ടായിരുന്നു. പക്ഷേ കത്ത് അവിടെ വച്ച് നഷ്ടമായി. അത് ആര്‍ക്കോ കിട്ടി.

    അനു സിത്താര പറയുന്നതിങ്ങനെ

    ചുരുക്കം പറഞ്ഞാല്‍ കല്യാണത്തിന് വന്നവരെല്ലാം അത് വായിച്ചു. അതോടെ സലാമിന്റെയും രേണുകയുടെയും പ്രണയം നാടുമുഴുവന്‍ അറിഞ്ഞു. ആകെ പ്രശ്‌നമായി. അമ്മയ്ക്ക് വലിയ സങ്കടമായി. മറ്റൊരാളെ വിവാഹം കഴിച്ചാലും ഇത് പറഞ്ഞ് പരിഹാസം ഉറപ്പാണ്. ജീവിതം സംശയത്തിന്റെ നിഴലിലായേക്കാം. ഒരു പക്ഷേ അവിടെ വച്ച് ആ കത്ത് നഷ്ടമായിരുന്നില്ലെങ്കില്‍ അത്രയും പേര്‍ അറിഞ്ഞില്ലെങ്കില്‍ ഒരു പത്താം ക്ലാസുകാരിയുടെ പ്രണയമായി അത് ചിലപ്പോള്‍ അവസാനിച്ചേനെ എന്ന് അമ്മ പറയാറുണ്ട്. ഒരു ദിവസം അമ്മയെയും കൊണ്ട് നിലമ്പൂരിലെ വീട്ടില്‍ മാനു കയറിച്ചെന്നു. ഉമ്മയോട് കാര്യങ്ങള്‍ പറഞ്ഞു.

    അനു സിത്താര പറയുന്നതിങ്ങനെ

    ഉമ്മയുടെ കഴുത്തില്‍ ഉപ്പ കെട്ടിയ താലി ഉണ്ടായിരുന്നു. അത് ഉമ്മ മാനുവിന്റെ കൈയില്‍ കൊടുത്തു. എന്നിട്ട് അമ്മയുടെ കഴുത്തില്‍ അണിയിക്കാന്‍ പറഞ്ഞു. അങ്ങനെയായിരുന്നു അവരുടെ വിവാഹം. വീട്ടുകാരുടെ പിണക്കങ്ങളെല്ലാം ഞാനും അനിയത്തിയും ഉണ്ടായി കഴിഞ്ഞാണ് മാറിയത്. ഞാന്‍ വളര്‍ന്നത് മതത്തിന്റെ അതിരുകള്‍ ഇല്ലാതെയാണ്. കുട്ടിക്കാലത്ത് മദ്രസ്സയില്‍ പോയിട്ടുണ്ട്. മഫ്തയും തലയില്‍ കുത്തി കൈപിടിച്ച് നടത്തി മദ്രസയിലേക്ക് കൊണ്ട് പോകുന്നത് അമ്മയുടെ അച്ഛനായിരുന്നു. സന്ധ്യയ്ക്ക് നാമം ചൊല്ലും. രണ്ട് കള്‍ച്ചറില്‍ ജീവിക്കുന്നത് വലിയ ഭാഗ്യമാണെന്നും അനു സിത്താര പറയുന്നു.

    English summary
    Anu Sithara About Her Kalamandalam Studies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X