അമ്പലങ്ങളിലെ പരിപാടിക്ക് മുൻസീറ്റിലുണ്ടാവും! എല്ലാം ഇനി ഓർമ്മ! ഉമ്മൂമ്മ പോയി! സങ്കടക്കുറിപ്പുമായി അനു സിത്താര
ജീവിതത്തില്‍ എല്ലാമെല്ലാമായി കൂടെയുണ്ടായിരുന്ന ഉമ്മൂമ്മ പോയി. മനോഹരമായൊരു വീഡിയോയ്‌ക്കൊപ്പമായാണ് അനു സിതാര ഉമ്മൂമ്മയെക്കുറിച്ച് വാചാലയായത്. ഇഷ്ട ഭക്ഷണം ഉണ്ടാക്കിത്തരാനും, വിശേഷങ്ങളെല്ലാം ഇരുന്ന് കേള്‍ക്കാനും, കാണാന്‍ വൈകുന്നതിന്റെ പരിഭവം പറയാനുമൊന്നും ഇനി ഉമ്മൂമ്മയില്ല. അടുത്ത ജന്മത്തിലും ഊ ഉമ്മൂമ്മയുടെ പേരക്കുട്ടിയായി ജനിച്ചാല്‍ മതിയെന്നും അനു കുറിച്ചിട്ടുണ്ട്.എന്റെ ഉമ്മ (ഉമ്മൂമ്മ) ഇനി ഇല്ല. കുട്ടിക്കാലം മുതൽ ഉമ്മ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരുന്നു. ഉമ്മ പറഞ്ഞുതന്ന കഥകളും പാടിത്തന്ന പാട്ടുകളും എല്ലാം എനിക്ക് ഇപ്പോഴും കേൾക്കാൻ കഴിയുന്നുണ്ട്. എന്റെ അടുത്തുതന്നെ ഇരുന്ന് "മോളേ" എന്ന് വിളിക്കുന്നത് പോലെ.
എന്നും സന്തോഷവതിയായി ഇരിക്കുന്ന ഉമ്മയെയാണ് ഞാൻ കൂടുതലായും കണ്ടിട്ടുള്ളത്. പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ ഞങ്ങളെയൊക്കെ ഒരുപാട് സ്നേഹിച്ച്, ഒരുപാട് നല്ല ഓർമ്മകൾ ബാക്കിവെച്ച് എന്റെ ഉമ്മ പോയി. ഇടയ്ക്ക് ഉമ്മ സുധീർ ആപ്പയുടെ അടുത്തും സുൽഫി ആപ്പയുടെ അടുത്തും ഒക്കെ പോകുമ്പോൾ, "പോകല്ലേ ഉമ്മ" എന്ന് പറഞ്ഞ് ഞാനും അനിയത്തിയും വാശി പിടിക്കുമായിരുന്നു. ഇപ്പോഴും അതുപോലെ വാശി പിടിക്കാൻ തോന്നുകയാണ്. "ഉമ്മ പോകല്ലേ" എന്ന് പറഞ്ഞ്.

അമ്പലങ്ങളിൽ ഉത്സവ സമയത്ത് ഞങ്ങൾ പരിപാടികൾ അവതരിപ്പിക്കുമ്പോൾ, ഒരു തട്ടവുമിട്ട് ഉമ്മയ്ക്ക് വരാൻ പറ്റുന്ന അമ്പലങ്ങളിലെല്ലാം സന്തോഷത്തോടെ ഞങ്ങളുടെ കൂടെ വന്ന്, പരിപാടി കാണാൻ മുൻനിരയിൽ തന്നെ സീറ്റ് പിടിച്ചിരിക്കുന്ന ഉമ്മയെ ഓർക്കുമ്പോൾ എനിക്ക് അഭിമാനമാണ്.
ആ ഉമ്മയുടെ പേരക്കുട്ടിയായി ജനിച്ചതിനേക്കാൾ വലിയൊരു ഭാഗ്യം ഇനി എനിക്ക് കിട്ടാനില്ല. ഒരിക്കൽ കൂടി ഉമ്മയുടെ അടുത്ത് ഇരിക്കണം. ഉമ്മയുടെ കഥകൾ കേൾക്കണം, ഉമ്മയുടെ കവിളിൽ ഒരുപാട് ഉമ്മകൾ നൽകണം. തമാശകൾ പറഞ്ഞ് ഉമ്മയെ ചിരിപ്പിക്കണം. എനിക്ക് വേണ്ടി ഉമ്മ പ്രത്യേകം ഉണ്ടാക്കിത്തരുന്ന ആ ചായ കുടിക്കണം. ഉമ്മയെ കെട്ടിപ്പിടിച്ചു കിടക്കണം. ഇനിയുമൊരു ജന്മമുണ്ടെങ്കിൽ എന്റെ ഉമ്മയുടെ പേരക്കുട്ടിയായി തന്നെ എനിക്ക് വീണ്ടും ജനിക്കണം എന്നായിരുന്നു അനു കുറിച്ചത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെയായി കമന്റുകള്‍ രേഖപ്പെടുത്തിയത്. മാതാപിതാക്കള്‍ മിശ്ര വിവാഹിതരായിരുന്നുവെന്നും, മതം കാരണം ജീവിതത്തില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും അനു നേരത്തെ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications