ഒരു പാട്ടിലൂടെ ഇന്നും ഓർക്കുന്നു; അനുജയുടെ ഇന്നത്തെ ജീവിതം; സിനിമാ രംഗത്ത് നിന്നും മാറിനിൽക്കാൻ കാരണം
മലയാളത്തിൽ വൻ ഹിറ്റായ സിനിമയാണ് ക്ലാസ്മേറ്റ്സ്. സിനിമയിൽ നായകനേക്കാളും നായികയേക്കാളം ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു റസിയ. നടി രാധികയാണ് ഈ വേഷം ചെയ്തത്. മലയാളത്തിൽ ഹിറ്റായ ശേഷം ഈ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുകയുമുണ്ടായി. നിനൈത്താലെ ഇനിക്കും എന്ന പേരിലാണ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തത്. ക്ലാസ്മേറ്റ്സിലെ നായകൻ പൃഥിരാജ് തന്നെയായിരുന്നു തമിഴ് റീമേക്കിലെയും നായകൻ.
മലയാളത്തിൽ കാവ്യ മാധവൻ ചെയ്ത നായിക വേഷം തമിഴിൽ ചെയ്തത് പ്രിയാമണിയാണ്. രാധിക ചെയ്ത കഥാപാത്രം തമിഴിൽ ചെയ്തത് അനുജ അയ്യർ എന്ന നടിയാണ്. അനുജ മികച്ച രീതിയിൽ കഥാപാത്രത്തെ അവതരിപ്പിച്ചു. സിനിമയിലെ ഗാനത്തിലൂടെയാണ് അനുജയെ ഇന്നും പ്രേക്ഷകർ ഓർക്കുന്നത്.

വളരെ ചുരുങ്ങിയ കാലം മാത്രമേ അനുജ അയ്യർ സിനിമാ രംഗത്ത് സജീവമായിരുന്നുള്ളൂ. 2007 ൽ അഭിനയ രംഗത്തേക്ക് കടന്ന് വന്ന അനുജ 2013 ൽ കരിയർ വിട്ടിട്ടുണ്ട്. 2015 ൽ നടി വിവാഹിതയാകുകയും ചെയ്തു. ബിസിനസുകാരനായ ഭരത് രാമിനെയാണ് അനുജ വിവാഹം ചെയ്തത്. ഏറെക്കാലമായി ലൈം ലൈറ്റിൽ നിന്നും മാറി നിൽക്കുന്ന അനുജ വിശേഷങ്ങൾ പങ്കുവെക്കുകയാണിപ്പോൾ. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അനുജ മനസ് തുറന്നത്.
സന്തോഷകരമായ സമയത്തിലൂടെയാണ് ഇപ്പോൾ കടന്ന് പോകുന്നത്. ഭർത്താവും രണ്ട് മക്കളുമായി കുടുംബജീവിതം നയിക്കുന്നു. കുട്ടികൾ വളരെ ചെറുതാണ്. താനഭിനയിച്ച സിനിമകളൊന്നും അവരെ കാണിച്ചിട്ടില്ലെന്നും അനുജ വ്യക്തമാക്കി. നിനെെത്താലെ ഇനിക്കും സിനിമയിലെ അനുഭവങ്ങളും അനുജ പങ്കുവെച്ചു. അന്ന് കൂടെ അഭിനയിച്ചവരെല്ലാം ചെറുപ്പമാണ്. കോളേജിൽ പഠിക്കുന്ന പോലെയാണ്. സിനിമയിൽ താൻ അഭിനയിച്ച ഗാനം ഹിറ്റായതിന്റെ ക്രെഡിറ്റ് മുഴുവൻ വിജയ് ആന്റണിക്കാണെന്നും അനുജ ചൂണ്ടിക്കാട്ടി.

വിവാഹശേഷം സിനിമാ രംഗത്ത് നിന്നും അവസരങ്ങൾ വന്നിരുന്നു. പക്ഷെ അമ്മയായതിനാൽ കുട്ടികൾക്ക് ശ്രദ്ധ കൊടുത്തു. അവരുടെ ബാല്യകാലം പോയാൽ എനിക്കത് തിരിച്ച് കൊണ്ടുവരാൻ പറ്റില്ല. അതേസമയം നല്ല അവസരം വന്നാൽ ചെയ്യുമെന്ന് അനുജ അയ്യർ വ്യക്തമാക്കി. പ്രായമാകുന്നത് ഗ്രേസ്ഫുളായ പ്രോസസാണ്. എല്ലാവരും നായകനായും നായികയായും അഭിനയിക്കണമെന്ന് പറഞ്ഞാൽ ഒരു സിനിമ എടുക്കാൻ പറ്റില്ലെന്നും നടി ചൂണ്ടിക്കാട്ടി.
അമ്മയായ ശേഷമുള്ള മാറ്റങ്ങളെക്കുറിച്ചും അനുജ അയ്യർ സംസാരിച്ചു. ബയോളജിക്കലായി ഒരു മാറ്റം വരും. അത് സ്വാഭാവികമാണ്. എത്രയോ പേർ കുട്ടികൾ ഇല്ലാത്ത വിഷമത്തിലാണ്. നമുക്ക് അങ്ങനെയൊരു ഭാഗ്യമുണ്ടെങ്കിൽ അതിനൊരു കാരണമുണ്ടാകും. അമ്മയായ ശേഷം ശരീരഭംഗി പോയെന്ന് ആലോചിച്ച് വിഷമിക്കേണ്ടതില്ലെന്നും അനുജ അയ്യർ ചൂണ്ടിക്കാട്ടി. ഇപ്പോഴും തിരക്കിലാണ്. ജീവിതത്തിന്റെ ഈ ഘട്ടത്തിലെ ഉത്തരവാദിത്തങ്ങളുണ്ട്.
ഭാര്യ, മരുമകൾ, അമ്മ തുടങ്ങിയ പല റോളുകളാണ് ജീവിതത്തിൽ തനിക്കിപ്പോഴെന്നും അനുജ അയ്യർ പറയുന്നു. കുറച്ച് സിനിമകൾ മാത്രമാണ് ചെയ്തതെങ്കിലും അനുജ ചെയ്ത കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നിനെെത്താലെ ഇനിക്കും എന്ന സിനിമയ്ക്ക് ശേഷം ഉനൈപോൽ ഒരുവൻ എന്ന സിനിമയിലും ശ്രദ്ധേയ വേഷം അനുജയ്ക്ക് ലഭിച്ചു. 2013 ൽ സ്വർണസംഗീതം എന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ അവതാരകയായും അനുജ അയ്യർ പ്രേക്ഷകർക്ക് മുമ്പിലെത്തി.


Click it and Unblock the Notifications