ട്രോളിക്കോളൂ, കൊല്ലരുതെന്ന് അനുപമ പരമേശ്വരൻ; പിന്തുണയുമായി സുരേഷ് ഗോപി
പ്രേമം എന്ന നിവിൻ പോളി ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ മൂന്ന് നായികമാരിൽ ഒരാളാണ് അനുപമ പരമേശ്വരൻ. 'ആലുവ പുഴ' എന്ന ആദ്യ ഗാനം ഇറങ്ങിയപ്പോൾ സോഷ്യൽ മീഡിയയിൽ സെൻസേഷൻ ആയ അനുപമ പക്ഷെ, ചിത്രം ഇറങ്ങിക്കഴിഞ്ഞപ്പോൾ ട്രോളുകളുടെ ഇരയായി. പിന്നീട് മലയാള സിനിമയിൽ നിരാശ മാത്രമാണ് നടിക്ക് ഉണ്ടായതെങ്കിലും, തെലുങ്കിലും തമിഴിലും ഒരുപിടി നല്ല ചിത്രങ്ങളിലൂടെ അനുപമ തന്റേതായ ഇടം നേടിയെടുത്തു.
അടുത്തിടെ, തന്റെ പുതിയ ചിത്രമായ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രൊമോഷൻ പരിപാടിക്കിടെ, മലയാള സിനിമയിൽ നിന്ന് നീണ്ട ഇടവേളയെടുക്കാനുള്ള കാരണം അനുപമ പരമേശ്വരൻ വെളിപ്പെടുത്തി. മലയാള സിനിമ തന്നെ അവഗണിച്ചുവെന്ന് തുറന്നു പറഞ്ഞ നടിക്ക് പിന്തുണയുമായി ചിത്രത്തിലെ നായകനും, എം.പി.യുമായ സൂപ്പർതാരം സുരേഷ് ഗോപിയും എത്തി.
മലയാളത്തിൽ നിന്ന് മാറ്റി നിർത്തി; അനുപമ വെളിപ്പെടുത്തുന്നു
ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രൊമോഷണൽ പരിപാടിയിൽ സംസാരിക്കുകയായിരുന്ന അനുപമ പരമേശ്വരൻ, സംവിധായകൻ പ്രവീൺ നാരായണന് നന്ദി പറഞ്ഞു കൊണ്ടാണ് തുടങ്ങിയത്. ഒരുപാട് കാലത്തിന് ശേഷം മലയാള സിനിമയിൽ താൻ ഇഷ്ടപ്പെട്ട ചെയ്യുന്ന ചിത്രമാണ് ജെ.എസ.കെ എന്ന് നടി വെളിപ്പെടുത്തി. തന്നെ വിശ്വസിച്ചു ഇത്രയും പ്രാധാന്യമുള്ള ഒരു കഥാപാത്രം ഏൽപ്പിച്ചതിനാണ് സംവിധായകനോട് വലിയ കടപ്പാടാണ് ഉള്ളതെന്ന് നടി പറഞ്ഞു.

ഒപ്പം തന്നെ, ഇത്രയും കാലം മലയാള സിനിമയിൽ നിന്ന് നേരിട്ടത് അവഗണനകൾ മാത്രമാണെന്നും അനുപമ പരമേശ്വരൻ വെളിപ്പെടുത്തി. "ഒരുപാട് പേർ എന്നെ മലയാളത്തിൽ മാറ്റിനിർത്തുകയും, എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറയുകയും ചെയ്തിരുന്നു," നടി പറഞ്ഞു. "എനിക്ക് ഇഷ്ടപ്പെടുന്ന സബ്ജക്റ്റ് മാത്രമേ ഇനി മലയാളത്തിൽ ചെയ്യുുള്ളൂ എന്ന് വിചാരിച്ചിരിക്കുന്ന സമയത്താണ് ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്നെ തേടിയെത്തിയത്. ലോക്ക്ഡൌൺ സമയത്ത് വന്ന ആദ്യ സ്ക്രിപ്റ്റുകളിൽ ഒന്നായിരുന്നു ഇത്," നടി ഓർത്തെടുത്തു. "പ്രേക്ഷകരുടെ എല്ലാ പിന്തുണയും ഞാൻ പ്രതീക്ഷിക്കുന്നു. ഒരു കാര്യമേ പറയാനുള്ളൂ ട്രോളിക്കോളൂ പക്ഷേ കൊല്ലരുത്," അനുപമ പറഞ്ഞു നിർത്തി.
അനുപമയ്‌ക്ക് പിന്തുണയുമായി സുരേഷ് ഗോപി
പ്രൊമോഷൻ ചടങ്ങിനെത്തിയ നായകൻ സുരേഷ് ഗോപി അനുപമ പരമേശ്വരന് പിന്തുണയറിയിച്ച് ഉടൻ തന്നെ രംഗത്തെത്തി. "അനുപമ ഹൃദയത്തിൽ നിന്നാണ് സംസാരിച്ചത്... ഇങ്ങനെ സംഭവിക്കുന്നത് ഇത് ആദ്യമായല്ല. എനിക്ക് സത്യം അറിയാം - സിമ്രാൻ ഇത് പോലെ അവഗണിക്കപ്പെട്ട, മലയാള സിനിമാ മേഖല ഒഴിവാക്കിയ ഒരു നടി ആയിരുന്നു. പക്ഷേ പിന്നീട്, മലയാള സിനിമയിലെ ചില പ്രമുഖ സംവിധായകർ അവരെ നായികയാക്കാൻ വേണ്ടി പിന്നാലെ പോയത് എനിക്ക് നേരിട്ട് അറിയാം," സുരേഷ് ഗോപി പറഞ്ഞു.

"അത് പോലെ അസിൻ, നയൻതാര - അവരെല്ലാം വിവിധ ഭാഷകളിൽ ആരാധിക്കപ്പെടുന്ന മുൻനിര നായികമാരായി വളർന്നു. അനുപമയുടെ ജീവിതത്തിലും ഇത് തന്നെ സംഭവിക്കും. ഇതിനെയാണല്ലോ നമ്മൾ കർമ്മ എന്ന് പറയുന്നത്. ഇത് സംഭവിക്കുക തന്നെ ചെയ്യും. എൻ്റെ പ്രാർത്ഥനകൾ അവൾക്കൊപ്പമുണ്ട്," മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ കൂട്ടി ചേർത്തു. സുരേഷ് ഗോപിയും അനുപമ പരമേശ്വരനും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള ജൂൺ 27നാണ് തീയറ്ററുകളിൽ എത്തുക. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി പ്രേമം നായിക എത്തുമ്പോൾ, അഡ്വക്കേറ്റിന്റെ വേഷമാണ് സുരേഷ് ഗോപിക്ക്.


Click it and Unblock the Notifications











