പെട്ടന്നുണ്ടായ പ്രശസ്തി, പതിനെട്ട് വയസിൽ പഠനം ഉപേക്ഷിച്ചു, ആക്ഷേപങ്ങളും പരിഹാസവും; സിനിമ അനുപമയെ പഠിപ്പിച്ചത്!
ഒരു സുപ്രഭാതത്തിൽ തലവര മാറിയ നായികയാണ് അനുപമ പരമേശ്വരൻ. പ്രേമത്തിലെ ആദ്യ ഗാനവും പോസ്റ്ററുകളും പുറത്ത് വന്നപ്പോൾ നിവിന്റെ ഹൃദയം കവർന്ന ചുരുളൻ മുടിക്കാരി മേരി ആരാണെന്നായിരുന്നു പ്രേക്ഷകർ ഒന്നടങ്കം തിരഞ്ഞത്. പ്രേമത്തിനുശേഷം അനുപമ യുത്തിനിടയിൽ തരംഗമായിരുന്നു. ഇന്നും സിനിമാപ്രേമികൾക്ക് ജോർജിന്റെ മേരിയാണ് അനുപമ. പത്ത് വർഷത്തിനിടെ മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം സൂപ്പർ താരങ്ങൾക്കൊപ്പം വരെ നായിക വേഷങ്ങൾ നടി ചെയ്തു.
പക്ഷെ അനുപമയിലെ അഭിനേത്രിക്ക് വേണ്ടത്ര ശ്രദ്ധ മലയാളത്തിൽ കിട്ടിയിട്ടില്ലെന്ന് തന്നെ പറയേണ്ടി വരും. മാത്രമല്ല നായിക വേഷങ്ങൾ ചെയ്ത് ഏറ്റവും കൂടുതൽ ട്രോളും പരിഹാസവും ഏറ്റ് വാങ്ങിയ നടിയുമാണ് താരം. പത്ത് വർഷം കൊണ്ട് സിനിമയേയും പ്രേക്ഷകരേയും താരം വിശദമായി പഠിച്ചു.

നായിക വേഷങ്ങൾ എന്നതിലുപരി നല്ല സിനിമയിൽ കാമ്പുള്ള വേഷങ്ങളാണ് അനുപമയുടെ ലക്ഷ്യം. അതുകൊണ്ട് തന്നെയാണ് മലയാളത്തിൽ വിരളമായി മാത്രം നടി അഭിനയിക്കുന്നതും. ഇപ്പോഴിതാ സിനിമ കരിയറായി തെരഞ്ഞെടുത്തപ്പോൾ കേട്ട ഉപദേശങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് നടി. ഡിഗ്രി പഠനം നിർത്തിയപ്പോൾ മുമ്പ് തന്നെ വെറുത്തവർ വരെ നമ്പർ കണ്ടെത്തി വിളിച്ചുവെന്നും അനുപമ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പത്ത് വർഷത്തെ സിനിമാ ജീവിതം നല്ലൊരു യാത്ര തന്നെയായിരുന്നു. നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്. ഒരുപാട് സെലിബ്രേറ്റ് ചെയ്യപ്പെട്ടു. ഒരുപാട് റിജക്ട് ചെയ്യപ്പെട്ടു. പക്ഷെ അതൊക്കെയാണ് ഇന്ന് കാണുന്ന രീതിയിലേക്ക് എന്നെ എത്തിച്ചത്. മുമ്പാണ്ടായിരുന്നതിനേക്കാൾ മെച്ചപ്പെട്ട ഒരാളാണ് ഞാൻ ഇന്ന്.
ആ യാത്രക്കിടയിൽ കിട്ടിയ അനുഭവങ്ങളും ഓർമകളുമാണ് ഞാൻ ഏറ്റവും കൂടുതൽ മനസിൽ സൂക്ഷിക്കുന്നത്. അഭിനേതാവ് എന്നതിന്റെ ലക്ഷ്വറി അല്ലാതെ വേറെയും നിരവധി കാര്യങ്ങൾ അഭിനേതാവിന്റെ ജീവിതത്തിൽ സംഭവിക്കുകയും അതിൽ നിന്നും അവർ പലതും മനസിലാക്കുകയും പഠിക്കുകയും ചെയ്യാറുണ്ട്. ആ ഒരു ജീവിത പാഠം മറ്റൊരു പ്രൊഫഷനിൽ പോയാലും എനിക്ക് കിട്ടുമായിരുന്നില്ല.
ചെറിയ പ്രായത്തിൽ തന്നെ ഇങ്ങനൊരു മേഖലയിൽ എനിക്ക് എത്തിപ്പെടാൻ കഴിഞ്ഞു. ഭാഗ്യവും കഠിനാധ്വാനവുമെല്ലാം അതിന് കാരണമായിട്ടുണ്ട്. ആദ്യ കാലങ്ങളിൽ ചെയ്ത സിനിമകളുടെ പേരിൽ ഗേൾ നെക്സ്റ്റ് ഡോർ ഇമേജായിരുന്നു എനിക്ക്. ക്യൂട്ടായിട്ടുള്ള നായികയായി പാട്ട് സീനിലൊക്കെ അഭിനയിക്കുന്ന നടിയായിരുന്നു ഞാൻ. പക്ഷെ അപ്പോഴെല്ലാം ഞാൻ ഒരു അഭിനേത്രിയാണെന്ന് തെളിയിക്കുന്ന റോളുകൾ ചെയ്യാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.

പിന്നീട് അത് തെളിയിക്കാൻ കുറച്ച് അവസരങ്ങൾ ലഭിച്ചു. നല്ല സിനിമകളുടെ ഭാഗമാകുക എന്നത് മാത്രമാണ് എന്റെ ഇപ്പോഴത്തെ ലക്ഷ്യം. അത്രത്തോളം ഞാൻ സിനിമയെ സമീപിക്കുന്ന രീതി മാറിയിട്ടുണ്ട്. നല്ല സിനിമകൾക്ക് കാത്തിരുന്നതുകൊണ്ടാണ് മലയാളത്തിൽ സിനിമകൾ ചെയ്യാൻ വൈകിയത്. കുറുപ്പിൽ ഒറ്റ സീനിൽ വരുന്ന കഥാപാത്രമായിരുന്നുവെങ്കിൽ കൂടിയും എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഞാനാണ് ആ കഥാപാത്രം ചെയ്തതെന്ന് പലരും വൈകിയാണ് തിരിച്ചറിഞ്ഞത്. പലർക്കും മനസിലായില്ല.
അച്ഛനും അമ്മയുമാണ് എന്റെ ഏറ്റവും വലിയ ബലം. പതിനെട്ട് വയസിൽ പ്രേമം ചെയ്യുമ്പോൾ ഞാൻ ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിയാണ്. അറ്റന്റൻസ് ഇല്ലാത്തതുകൊണ്ട് രണ്ടാം വർഷം പരീക്ഷ എഴുതാൻ പറ്റില്ലെന്ന് പറഞ്ഞു. അതോടെ ഞാൻ ഡിഗ്രി പഠനം പാതി വഴിയിൽ നിർത്തി. നാട്ടുകാരും കൂട്ടുകാരും വരെ എന്നെ കുറ്റം പറഞ്ഞു. ഡിഗ്രി ചെയ്യുന്നത് നിർത്തി സിനിമ ചെയ്താൽ അവസാനം ഒന്നും ഉണ്ടാവില്ല എന്നൊക്കെ പലരും പറഞ്ഞു.
പലരും നമ്പർ തപ്പി കണ്ടുപിടിച്ച് വിളിച്ചാണ് പഠനം നിർത്തിയാൽ രക്ഷപ്പെടില്ലെന്ന് എന്നെ ഉപദേശിച്ചത്. സ്കൂൾ ടൈമിൽ എനിക്ക് പാരവെച്ചിരുന്നവർ വരെ വിളിച്ചിരുന്നു. അപ്പോഴെല്ലാം അതൊന്നും വകവെയ്ക്കാതെ എനിക്കൊപ്പം നിന്നത് അച്ഛനും അമ്മയുമാണ്. ഞാൻ എടുത്ത തീരുമാനങ്ങളുടെ പേരിൽ അവർ എന്നെ ഇന്നേവരെ കുറ്റം പറഞ്ഞിട്ടില്ല. എന്റെ പേര് അച്ഛൻ ഗൂഗിൾ ചെയ്യാത്ത ദിവസങ്ങളില്ല. ഞാൻ അയച്ച് കൊടുക്കുന്ന സ്ക്രിപ്റ്റുകളെല്ലാം അച്ഛൻ കുത്തിയിരുന്ന് വായിക്കും. അച്ഛനും സിനിമ വളരെ ഇഷ്ടമാണ്. അവരാണ് എന്നെ ഇവിടെ എത്തിച്ചതെന്നും അനുപമ പറയുന്നു.


Click it and Unblock the Notifications











