എന്നും നിന്നെ സ്നേഹിക്കും, ലോകത്തിലെ ഏറ്റവും വലിയ നുണ; ഓടിക്കോ...; തുറന്ന് പറഞ്ഞ് അനുപമ പരമേശ്വരൻ
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഇന്ന് വലിയ ജനപ്രീതി അനുപമ പരമേശ്വരനുണ്ട്. പ്രേമം എന്ന ആദ്യ സിനിമയിലൂടെ തരംഗം സൃഷ്ടിച്ച അനുപമ പക്ഷെ മലയാളത്തിൽ പിന്നീട് സജീവമായില്ല. തെലുങ്ക് സിനിമാ ലോകത്ത് അനുപമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. ഹിറ്റുകൾ ഒന്നിന് പിറകെ ഒന്നായി നടിയെ തേടിയെത്തി. തമിഴിലും സാന്നിധ്യമറിയിച്ചെങ്കിലും ടോളിവുഡാണ് അനുപമയ്ക്ക് വലിയ അവസരങ്ങൾ തുടരെ നൽകിയത്. മലയാളത്തിൽ നടി സജീവമാകാത്തത് എന്തെന്ന ചോദ്യം ആരാധകർക്കുണ്ട്. കടുത്ത സൈബർ ആക്രമണം അനുപമയ്ക്ക് കേരളത്തിൽ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട്.
എന്നാൽ ഇതിൽ അനുപമയ്ക്ക് പരാതിയില്ല. കരിയറിൽ മുന്നോട്ട് കുതിക്കുകയാണ് താരം. സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം സംസാരിക്കാത്തയാളാണ് അനുപമ. അപൂർവമായേ നടിയെക്കുറിച്ച് ഗോസിപ്പുകളും വന്നിട്ടുള്ളൂ. ഇപ്പോഴിതാ പുതിയ അഭിമുഖത്തിൽ അനുപമ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പ്രണയത്തെക്കുറിച്ചാണ് നടി സംസാരിച്ചത്. ഞാൻ നിന്നെ എന്നത്തേക്കുമായി സ്നേഹിക്കും എന്നതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ നുണ. അതൊരിക്കലും സംഭവിക്കില്ലെന്ന് അനുപമ പറയുന്നു. ടോക്സിക് റിലേഷൻഷിപ്പിലുള്ള ആൾക്ക് നൽകാനുള്ള ഉപദേശമെന്തെന്ന് ചോദിച്ചപ്പോൾ ഓടിക്കോ എന്നാണ് നടി നൽകിയ മറുപടി.

വോഗിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. വോഗിന് വേണ്ടിയുള്ള അനുപമയുടെ ഫോട്ടോഷൂട്ട് ഇതിനകം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. വളരെ സ്റ്റെെലിഷായ അനുപമയെയാണ് ഫോട്ടോകളിൽ കാണുന്നത്. മുമ്പൊരിക്കൽ തന്റെ ബ്രേക്കപ്പിനെക്കുറിച്ച് അനുപമ സംസാരിച്ചിരുന്നു. പ്രണയത്തിലായിട്ടുണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിന് സോഷ്യൽ മീഡിയയിലൂടെ മറുപടി നൽകുകയായിരുന്നു നടി. താൻ പ്രണയത്തിലായിരുന്നെന്നും പിന്നീട് ബ്രേക്കപ്പായെന്നും അന്ന് നടി വ്യക്തമാക്കി.
വോഗിന്റെ അഭിമുഖത്തിൽ തനിക്ക് സമ്മർദ്ദമുണ്ടാക്കുന്ന കാര്യമെന്തെന്നും അനുപമ പറയുന്നുണ്ട്. ഫോട്ടോഷൂട്ടും അഭിമുഖങ്ങളിലുമാണ് തനിക്ക് സമ്മർദ്ദമുണ്ടാക്കുന്നതെന്ന് അനുപമ പറഞ്ഞു. 10 പേജുള്ള ഡയലോഗ് പറയുന്നത് കുഴപ്പമല്ല. എന്നാൽ ഫോട്ടോഷൂട്ടും ഇന്റർവ്യൂകളും അങ്ങനെയല്ലെന്നും നടി വ്യക്തമാക്കി.

ഈഗിൾ, തില്ലു സ്ക്വയർ, സെെറൺ എന്നിവയാണ് 2024 ൽ അനുപമയുടേതായി പുറത്തിറങ്ങിയ സിനിമകൾ. നടിയുടെ ആറോളം സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രേമത്തിന് ശേഷം ജെയിംസ് ആന്റ് ആലീസ് എന്ന മലയാള ചിത്രത്തിൽ അതിഥി വേഷം ചെയ്ത അനുപമ പിന്നീട് തെലുങ്ക് സിനിമകളിലേക്ക് ശ്രദ്ധ കൊടുത്തു. പ്രേമത്തിന്റെ തെലുങ്ക് റീമേക്കിലും അഭിനയിച്ചു. തമിഴിൽ കൊടി എന്ന ചിത്രത്തിൽ ധനുഷിന്റെ നായികയായി.
മണിയറയിലെ അശോകൻ, കുറുപ്പ്, ഫ്രീഡം അറ്റ് മിഡ്നെെറ്റ് എന്നിവയാണ് മലയാളത്തിൽ പിന്നീട് നടി ചെയ്ത വർക്കുകൾ. തുടരെ സിനിമകൾ ചെയ്യാതെ മികച്ച സിനിമകൾ തെരഞ്ഞെടുക്കുകയാണ് അനുപമ. 28 കാരിയായ അനുപമയുടെ സ്വദേശം തൃശൂരിലെ ഇരിഞ്ഞാലക്കുടയാണ്. പരമേശ്വരൻ, സുനിത എന്നിവരാണ് താരത്തിന്റെ മാതാപിതാക്കൾ. അക്ഷയ് എന്ന സഹോദരനുമുണ്ട്. മലയാള സിനിമയിലേക്ക് നടി തിരിച്ചെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.


Click it and Unblock the Notifications











