ദുല്‍ഖറിന്റെ ഒറ്റ ചോദ്യം, പിന്നെ ഒന്നും ആലോചിച്ചില്ല, ചാടി പുറപ്പെട്ടു; അനുപമ പരമേശ്വരന്‍ പറയുന്നു
പ്രേമം എന്ന ചിത്രത്തിലൂടെ അഭിമുഖമായ അനുപമ പരമേശ്വരനും മറ്റ് നായികമാരെ പോലെ തന്നെ, ആദ്യത്തെ ഒരു സിനിമ കഴിഞ്ഞ് നേരെ പോയത് അന്യ ഭാഷകളിലേക്കാണ്. തെലുങ്കില്‍ നടിയ്ക്ക് വലിയ സ്വീകരണം തന്നെ ലഭിച്ചു. തമിഴില്‍ ചെയ്ത സിനിമകളും ഒട്ടും മോശമായിരുന്നില്ല. അതിനിടയില്‍ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലൊന്ന് മുഖം കാണിച്ചു.
എന്നാല്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം അനുപമ വീണ്ടും മലയാളത്തിലെത്തുന്നത് വെറും അഭിനേതാവായി മാത്രമല്ല, ഒരു സഹ സംവിധായികയായി കൂടെയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിയ്ക്കുന്ന മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനൊപ്പം, ആ ചിത്രത്തിലെ സഹസംവിധായികയുമാണ് അനുപമ.

ദുല്‍ഖറും താനും തമ്മില്‍ നല്ല സൗഹൃദമാണെന്ന് അനുപമ പറയുന്നു. ഒരു സംവിധായികയാകണം എന്ന് ഞാന്‍ ജോമോന്റെ സെറ്റില്‍ വച്ച് ദുല്‍ഖറിനോട് പറഞ്ഞിരുന്നു. ആ ഓര്‍മയിലാണ് ദുല്‍ഖര്‍ മണിയറയിലെ അശോകനില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിക്കൂടെ എന്ന് ചോദിച്ചത്, പിന്നെ ഒന്നും എനിക്കാലോചിക്കാനുണ്ടായിരുന്നില്ല, ആ ചോദ്യം ഒരു ക്ഷണമായി സ്വീകരിച്ച് സഹ സംവിധായികയാകുകയായിരുന്നു.
സത്യം പറഞ്ഞാല്‍ ക്യാമറയ്ക്ക് പിന്നില്‍ എന്താണ് സംഭവിയ്ക്കുന്നത് എന്നറിയാനുള്ള ആകാംക്ഷ എനിക്കെന്നുമുണ്ടായിരുന്നു. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ സഹ സംവിധായികയായി പ്രവൃത്തിച്ചതോടെ ക്യാമറയ്ക്ക് പിന്നിലെ മാജിക് എങ്ങിനെയാണ് സംഭവിയ്ക്കുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിച്ചു. മുറിവുകളോ ക്ഷീണമോ ഒന്നും എനിക്ക് പ്രശ്‌നമല്ലായിരുന്നു. ഒരു ദിവസത്തെ ജോലി കഴിഞ്ഞ് ഉറങ്ങാന്‍ പോവുമ്പോള്‍ ഞാന്‍ തീര്‍ത്തും സംതൃപ്തയായിരുന്നു.
പ്രേമം മുതലേ സഹ സംവിധായികയായി പ്രവൃത്തിക്കാമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ സഹ സംവിധായാകാന്‍ കഴിഞ്ഞാല്‍ സിനിമയ്ക്ക് പിന്നിലെ സാങ്കേതികതയെ കുറിച്ചും അറിയാന്‍ സാധിയ്ക്കും. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ഞാന്‍ ഒരു സിനിമയെങ്കിലും സംവിധാനം ചെയ്യുമെന്നും അനുപമ പരമേശ്വരന്‍ പറയുന്നു.


Click it and Unblock the Notifications











