അനുപമ പരമേശ്വരന്‍റെ ആഗ്രഹം കേട്ട് ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയ മറുപടി! ആസ്വദിച്ച് പഠിച്ചെന്ന് താരം!
മലയാളത്തിലൂടെ തുടക്കം കുറിച്ച് തെന്നിന്ത്യയുടെ പ്രിയനായികയായി മാറുകയായിരുന്നു അനുപമ പരമേശ്വരന്‍. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെയായിരുന്നു ഈ നായിക അരങ്ങേറിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയെങ്കിലും മികച്ച അവസരങ്ങള്‍ക്കായി ഏറെ കാത്തിരിക്കേണ്ടി വന്നിരുന്നു ഈ താരത്തിന്. ഇതിനിടയിലാണ് അന്യഭാഷയിലേക്ക് ചേക്കേറിയത്. തെലുങ്കും കമിഴും അനുപമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതോടെ കരിയറും മാറി മറിയുകയായിരുന്നു. അന്യഭാഷാ ചിത്രങ്ങളില്‍ സജീവമായപ്പോഴും നിലപാട് മാറ്റിയിരുന്നില്ല താരം.
ക്യാമറയ്ക്ക് മുന്നിലെ ജോലി മാത്രമല്ല പിന്നണി കാര്യങ്ങളും ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് താരം പറഞ്ഞിരുന്നു. അല്‍ഫോണ്‍സ് പുത്രനോടായിരുന്നു ആദ്യം ഇതേക്കുറിച്ച് ചോദിച്ചതെന്നും അതെന്തുകൊണ്ടോ നടക്കാതെ പോവുകയായിരുന്നുവെന്നും താരം പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച് ദുല്‍ഖര്‍ സല്‍മാനോട് പറഞ്ഞപ്പോള്‍ സന്തോഷത്തോടെ അദ്ദേഹം അത് നടത്തിത്തരികയായിരുന്നുവെന്നും താരം പറയുന്നു. അനുപമയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

ആഗ്രഹിച്ച കാര്യം
അഭിനേത്രിയായാണ് തുടക്കം കുറിച്ചതെങ്കിലും ക്യാമറയ്ക്ക് പിന്നിലെ കാര്യങ്ങളും ചെയ്യണമെന്നാഗ്രഹിച്ചിരുന്നു അനുപമ. അരങ്ങേറ്റ ചിത്രമായ പ്രേമത്തിന്റെ സംവിധായകനായ അല്‍ഫോണ്‍സ് പുത്രനോട് അടുത്ത ചിത്രത്തില്‍ തന്നെ അസിസ്റ്റന്റാക്കാമോ എന്ന ചോദിച്ചിരുന്നു താരം. എന്നാല്‍ അത് സാധിച്ചിരുന്നില്ലെന്നും താരം പറയുന്നു. ആദ്യത്തെ ശ്രമം നടന്നില്ലെങ്കിലും താരത്തിന്റെ മനസ്സില്‍ നിന്നും ആ ആഗ്രഹം വിട്ടുപോയിരുന്നില്ല. ഇതിനിടയിലാണ് ദുല്‍ഖര്‍ സല്‍മാനോട് ഇതേക്കുറിച്ച് പറഞ്ഞത്.

ദുല്‍ഖറിനോട്
അഭിനയം മാത്രമല്ല നിര്‍മ്മാതാവായും അരങ്ങേറിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. കുറുപ്പ്, മണിയറയിലെ അശോകന്‍ തുടങ്ങിയ സിനിമകള്‍ നിര്‍മ്മിക്കുന്നതും ദുല്‍ഖറാണ്. മണിയറയിലെ അശോകനില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അനുപമ തന്റെ ആഗ്രഹത്തെക്കുറിച്ച് ദുല്‍ഖറിനോട് പറഞ്ഞത്. കേട്ടപാടെ അതിന് സമ്മതം മൂളുകയായിരുന്നു താരം.

എല്ലാ ജോലിയും
വൈനോട്ട്, കം, ജോയിന്‍ ഇതായിരുന്നു ദുല്‍ഖറിന്‍ഫെ മറുപടി. ഇതിന് ശേഷം പുതിയ റോളിലായിരുന്നു താനെന്ന് അനുപമ പറയുന്നു. കാരവാനില്ല, കുടയില്ല , സ്‌ക്രിപ്റ്റ് നോക്കലും ഫീല്‍ഡില്‍ നിന്ന് ആളെ ഒഴിപ്പിക്കുന്നതുമുള്‍പ്പടെയുള്ള ജോലികളായിരുന്നു ചെയ്തിരുന്നത്. ടീമിലെല്ലാവരും പുതിയ ആള്‍ക്കാരായിരുന്നു. എല്ലാവരും ഒരുമിച്ച് പഠിക്കുകയായിരുന്നു. ക്രൂ താമസിക്കുന്ന സ്ഥലത്ത് തന്നെയായിരുന്നു താനും താമസിച്ചതെന്നും അനുപമ പറയുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍ ജീവിതം ശരിക്കും ആസ്വദിച്ച് പഠിക്കണമെന്ന് കരുതിയിരുന്നു, അതിനാല്‍ കൂടുതല്‍ സൗകര്യങ്ങളൊന്നും എടുത്തിരുന്നില്ല.

ഉറച്ച നിലപാടുകള്‍
സിനിമ സ്വീകരിക്കുന്ന കാര്യത്തില്‍ തന്റേതായ നിലപാടുണ്ട് അനുപമയ്ക്ക്. ബിക്കിനി ധരിച്ച് അഭിനയിക്കുന്നതിനോട് താല്‍പര്യമില്ലെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ഗ്ലാമര്‍ വേഷങ്ങളില്‍ പരിധി ലംഘിക്കാനും തന്നെക്കിട്ടില്ലെന്ന് താരം പറഞ്ഞിരുന്നു. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷമായാണ് താരം വീണ്ടും മലയാളത്തിലേക്ക് എത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ജോമോന്റെ സുവിശേഷങ്ങളിലായിരുന്നു ഒടുവിലായി താരം അഭിനയിച്ച മലയാള സിനിമ.

വീടിനും ആ പേര് നല്‍കി
പ്രേമത്തിലൂടെയായിരുന്നു അനുപമ അരങ്ങേറിയത്. ഈ സിനിമ സമ്മാനിച്ച സൗഭാഗ്യങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടേണ്ടതുമാണ്. അതിനാല്‍ത്തന്നെ വീട് പുതുക്കിപ്പണിതപ്പോള്‍ അധികം ആലോചിക്കാതെ പ്രേമം എന്ന പേര് നല്‍കുകയായിരുന്നു താരം. സ്വയം വിശകലനം ചെയ്ത് തെറ്റുകള്‍ തിരുത്തി മുന്നേറുന്ന ശൈലിയാണ് തന്റേതെന്ന് മുന്‍പൊരു അഭിമുഖത്തിനിടയില്‍ അനുപമ പറഞ്ഞിരുന്നു. ഏത് പ്രതിസന്ധി വന്നാലും നേരിടാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ട്.


Click it and Unblock the Notifications











