ദേഷ്യപ്പെട്ടവർ ഇനി ബുദ്ധിമുട്ടും, അനുഷ്കയെത്തുന്നു; നയൻതാരയ്ക്ക് വിന, സായ് പല്ലവിയുടെ സ്ഥാനം തിരിച്ചെടുക്കുമോ?
തെന്നിന്ത്യൻ സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് അനുഷ്ക ഷെട്ടി. ആഘോഷിക്കപ്പെടുന്ന ഒരുപാട് നായിക നടിമാർ ഉണ്ടെങ്കിലും അനുഷ്ക ഷെട്ടിയോട് പ്രത്യേക മമത ആരാധകർക്കുണ്ട്. സ്വീറ്റി എന്നാണ് അനുഷ്കയുടെ യഥാർത്ഥ പേര്. പേര് പോലെ തന്നെ സ്വീറ്റാണ് അനുഷ്കയുടെ പെരുമാറ്റമെന്ന് സഹപ്രവർത്തകർ പറയാറുണ്ട്. തെലുങ്ക് സിനിമാ ലോകത്ത് അനുഷ്കയെ പോലെ അഭിനയ പ്രാധാന്യമുള്ള സിനിമകൾ ലഭിച്ച നടിമാർ വിരളമാണ്. അരുന്ധതി എന്ന സിനിമയോടെയാണ് അനുഷ്കയുടെ കരിയർ മാറി മറിയുന്നത്.
അത് വരെയും ഗ്ലാമറസ് നായിക മാത്രമായിരുന്നു അനുഷ്ക. എന്നാൽ അരുന്ധതിയുടെ വിജയത്തോടെ നടിക്ക് ശ്രദ്ധേയ വേഷങ്ങൾ ലഭിക്കാൻ തുടങ്ങി. ബാഹുബലിയുടെ വിജയത്തോടെ നടിയുടെ പ്രശസ്തി പാൻ ഇന്ത്യൻ തലത്തിൽ ഉയർന്നു. എന്നാൽ താരപരിവേഷത്തോട് അനുഷ്കയ്ക്ക് വലിയ താൽപര്യമില്ല. ബാഹുബലിക്ക് ശേഷം വലിയ അവസരങ്ങൾ വന്നിട്ടും നടി സിനിമാ ലോകത്ത് നിന്നും ഇടവേളയെടുക്കുകയാണ് ചെയ്തത്.

അനുഷ്കയുടെ തീരുമാനം പലരെയും അമ്പരപ്പിച്ചു. താര പദവിക്ക് വേണ്ടി അഭിനേതാക്കൾ കിണഞ്ഞ് പരിശ്രമിക്കുമ്പോഴാണ് സൂപ്പർതാര പദവിക്കപ്പുറം തന്റെ വ്യക്തിപരമായ സന്തോഷങ്ങൾക്ക് അനുഷ്ക പ്രാധാന്യം കൊടുത്തത്. ഇപ്പോഴിതാ സിനിമാ രംഗത്ത് വീണ്ടും സജീവമാകുകയാണ് അനുഷ്ക. മലയാളത്തിൽ കത്തനാർ എന്ന സിനിമ റിലീസ് ചെയ്യാനുണ്ട്. നടിയുടെ ആദ്യ മലയാള സിനിമയാണിത്. തെലുങ്കിൽ ഗാട്ടി എന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി.
അനുഷ്ക സിനിമാ രംഗത്ത് നിന്നും മാറി നിന്ന ഘട്ടത്തിൽ താര റാണിമാരായി മാറിയ നടിമാരുണ്ട്. നയൻതാര ലേഡി സൂപ്പർസ്റ്റാറായി മാറുന്നത് ഈ കാലഘട്ടത്തിലാണ്. സായ് പല്ലവി, സമാന്ത എന്നിവരും അനുഷ്ക മാറി നിന്ന ഘട്ടത്തിൽ ടോളിവുഡിൽ വലിയ ജനപ്രീതി നേടി. ഒരുപക്ഷെ സജീവമായിരുന്നെങ്കിൽ ഇവരേക്കാളും മുകളിലായേനെ അനുഷ്കയുടെ ഗ്രാഫ്. ഈ നടിമാരെയെല്ലാം കരിയറിൽ തുണച്ച ഘടകങ്ങളെല്ലാം അനുഷ്കയ്ക്ക് ഒരു പോലെ ലഭിച്ചിട്ടുണ്ട്.

താരമൂല്യവും സ്ക്രീൻ പ്രസൻസും ഒരു സിനിമ ഒറ്റയ്ക്ക് വിജയിപ്പിക്കാനുള്ള കഴിവുമാണ് നയൻതാരയെ ലേഡി സൂപ്പർസ്റ്റാറാക്കിയത്. അനുഷ്കയുടെ സ്ക്രീൻപ്രസൻസ് നയൻതാരയെ വെല്ലുന്നതാണെന്ന് ആരാധകർ പറയുന്നു. നയൻതാരയ്ക്കും മുമ്പ് സ്ത്രീപക്ഷ സിനിമകൾ വിജയിപ്പിക്കാൻ അനുഷ്കയ്ക്ക് കഴിഞ്ഞിട്ടുമുണ്ട്.
അഭിനയ മികവിനൊപ്പം സായ് പല്ലവിക്ക് ജനപ്രീതി ലഭിച്ചതിൽ വലിയൊരു ഘടകം നടിയുടെ ഓൺസ്ക്രീൻ ഇമേജാണ്. ഏവരോടും ഭവ്യമായ പെരുമാറ്റം, താര ജാഡകളില്ല തുടങ്ങിയ ഗുണങ്ങൾ സായ് പല്ലവിക്ക് ഗുണകരമായി. അനുഷ്ക ഷെട്ടിയും ഇതേ സ്വഭാവ ഗുണങ്ങളുള്ള നടിയാണ്. പ്രൊമോഷനുകളിൽ ആങ്കർമാർക്ക് അനുഷ്ക കൊടുക്കുന്ന ബഹുമാനം ഏവരും ചൂണ്ടിക്കാട്ടാറുണ്ട്.
അനുഷ്ക കരിയറിൽ സജീവമാകുമ്പോൾ സോഷ്യൽ മീഡിയയുടെ കാലത്ത് ഇതെല്ലാം കൂടുതൽ ചർച്ചയാകും. ഒരു പക്ഷെ ഇത് വിനയാകുക നയൻതാരയ്ക്കാണ്. സോഷ്യൽ മീഡിയ അടുത്ത കാലത്ത് നയൻതാരയുടെ ഇമേജിനെ ചെറിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഒരു ഇവന്റിൽ തന്റെ ഡ്രസിൽ ചവിട്ടിയ ആളെ നയൻതാര രൂക്ഷമായി നോക്കുന്ന വീഡിയോ വൈറലായി. അതിന് മുമ്പ് ക്ഷേത്ര ദർശനത്തിന് വന്നപ്പോഴുണ്ടായ സംഭവവും ചർച്ചയായി.
ആരാധകർക്കൊപ്പം ഫോട്ടോയെടുക്കവെ ഒരു സ്ത്രീ നയൻതാരയുടെ തോളിൽ കൈ വെച്ചു. ഇതിൽ നീരസം തോന്നിയ നടി കൈ മാറ്റി. സാധാരണക്കാരിയോട് നയൻതാര പെരുമാറിയ രീതി ശരിയായില്ലെന്ന് അന്ന് അഭിപ്രായം വന്നു. ഇതിനെല്ലാം നേർവിപരീതമാണ് അനുഷ്ക ഷെട്ടിക്കുള്ള ഇമേജ്. എപ്പോഴും സൗമ്യമായി പെരുമാറുന്ന അനുഷ്കയെയേ ആരാധകർ കണ്ടിട്ടുള്ളൂ.
സോഷ്യൽ മീഡിയയിൽ നിന്ന് പോലും മാറി നിൽക്കുന്ന അനുഷ്ക പുതിയ സിനിമകളുടെ അപ്ഡേഷനൊന്നും പൊതുവെ പങ്കുവെക്കാറില്ല. വരാനിരിക്കുന്ന സിനിമകളുടെ പ്രൊമോഷനുകൾക്ക് നടി എത്തുമോയെന്ന ചോദ്യവും ആരാധകർക്കുണ്ട്. തൊട്ടുമുമ്പിറങ്ങിയ മിസ് ഷെട്ടി മിസ്റ്റർ പോളി ഷെട്ടി എന്ന സിനിമയുടെ പ്രൊമോഷന് നടി എത്തിയിരുന്നില്ല. എന്നാൽ ഇത്തവണ രണ്ട് ബിഗ് ബജറ്റ് സിനിമകളാണ് റിലീസിനെത്തുന്നതെന്നതിനാൽ നടിക്ക് പ്രൊമോഷന് എത്തേണ്ടി വരുമെന്നും റിപ്പോർട്ടുകളുണ്ട്.


Click it and Unblock the Notifications