അനുഷ്കയെ കാണില്ല, സ്ഥിരീകരിച്ച് പ്രൊഡ്യൂസർ, സെറ്റിൽ ലാത്തി ചാർജ് വേണ്ടി വന്നു; നയൻതാരയുടെ വഴിയെ അനുഷ്കയും
ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് അനുഷ്ക ഷെട്ടി. തമിഴിലും തെലുങ്കിലും വൻ തരംഗം സൃഷ്ടിച്ച അനുഷ്കയെ തുടക്ക കാലത്ത് ഗ്ലാമറസ് റോളുകളിലാണ് പ്രേക്ഷകർ കണ്ടിരുന്നത്. അരുന്ധതി എന്ന സിനിമയുടെ വിജയത്തോടെ അനുഷ്കയുടെ കരിയർ ഗ്രാഫ് മാറി മറിഞ്ഞു. അഭിനയ പ്രാധാന്യമുള്ള സിനിമകൾ നടിയെ തേടി എത്താൻ തുടങ്ങി. ബാഹുബലിയുടെ വിജയത്തോടെ താരമൂല്യം വീണ്ടും കുതിച്ചുയർന്നു. എന്നാൽ പിന്നീട് അനുഷ്ക കരിയറിൽ സജീവമല്ലാതായി. ഈയടുത്ത കാലത്താണ് നടി വീണ്ടും സിനിമകൾ ചെയ്യാൻ തുടങ്ങിയത്. ഘാട്ടിയാണ് അനുഷ്കയുടെ പുതിയ സിനിമ. പല കാരണങ്ങളാൽ റിലീസ് നീണ്ട് പോയ ഘാട്ടി സെപ്റ്റംബർ സെപ്റ്റംബർ 5 ന് തിയറ്ററുകളിലെത്തും.
റിലീസ് അടുത്തിട്ടും ചിത്രത്തിന്റെ പ്രൊമോഷനുകളിൽ അനുഷ്ക ഷെട്ടിയെ കാണുന്നില്ല. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം ഘാട്ടിയുടെ നിർമാതാവ് രാജീവ് റെഡ്ഡി പ്രതികരിച്ചു. ഘാട്ടിയുടെ പ്രൊമോഷണൽ ഇവന്റുകളിൽ അനുഷ്ക ഷെട്ടി പങ്കെടുക്കില്ലെന്ന് ഇദ്ദേഹം വ്യക്തമാക്കി. പ്രൊജക്ട് തുടങ്ങിയ സമയത്ത് എല്ലാ നിബന്ധനകളും ചർച്ച ചെയ്തതാണ്. റിലീസിന്റെ സമയത്ത് പ്രൊമോഷണൽ ഇവന്റുകളിലൊന്നും പങ്കെടുക്കില്ലെന്ന് അനുഷ്ക വ്യക്തമായി ഞങ്ങളെ അറിയിച്ചതാണ്.

അത് അവരുടെ പേഴ്സണൽ ചോയ്സ് ആണ്. നമ്മളതിനെ ബഹുമാനിക്കണം. പ്രീ റിലീസ് ഇവന്റിൽ പോലും അനുഷ്ക വന്നേക്കില്ല. അതൊരു പ്രശ്നമായി കാണുന്നില്ല. അനുഷ്ക ഷെട്ടിയുടെ അത്രയും കഴിവുള്ള നടിക്ക് മാത്രമേ ഷീല എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാനാകൂ. ആ റോളിലേക്ക് മറ്റാരെയെങ്കിലും സങ്കൽപ്പിക്കുക ബുദ്ധിമുട്ടാണ്, രാജീവ് റെഡ്ഡി പറഞ്ഞതിങ്ങനെ.
പ്രേക്ഷകരെ തിയറ്ററിലെത്തിക്കാനുള്ള താരമൂല്യം അനുഷ്ക ഷെട്ടിക്കുണ്ടെന്നും നിർമാതാവ് പറഞ്ഞു. ആന്ധ്ര-ഒഡീഷ ബോർഡറിലാണ് സിനിമ ചിത്രീകരിച്ചത്. ഒഡീഷയിലെ ഒരു ചെറിയ ഗ്രാമത്തിൽ ഷൂട്ടിംഗ് നടക്കുമ്പോൾ അനുഷ്കയെ കാണാൻ അതിരാവിലെ ആയിരത്തോളം പേർ വന്നു. ചെറിയ തോതിൽ അവിടെ ലാത്തി ചാർജും നടന്നു. അത്രയും ഫാൻ ബേസ് അനുഷ്ക ഷെട്ടിക്കുണ്ടെന്നും രാജീവ് റെഡ്ഡി വ്യക്തമാക്കി. കൃഷ് ജഗർലമുടിയാണ് ഘാട്ടി സംവിധാനം ചെയ്തത്. നടൻ വിക്രം പ്രഭുവും ചിത്രത്തിൽ പ്രധാന വേഷങ്ങളിലൊന്ന് ചെയ്യുന്നു.
സിനിമകളില്ലാതെ അനുഷ്കയെ ആരാധകർ അഭിമുഖങ്ങളിലും ഇവന്റുകളിലും കണ്ടിട്ട് ഏറെക്കാലമായി. നേരത്തെ മിസ് ഷെട്ടി ആന്റ് മിസ്റ്റർ പോളി ഷെട്ടി എന്ന സിനിമയുടെ പ്രൊമോഷനിൽ നിന്നും അനുഷ്ക മാറി നിൽക്കുകയാണുണ്ടായത്. അനുഷ്കയെ പാെതുവിടങ്ങളിൽ കാണാത്തതിന് പ്രാധാന കാരണമായി വരുന്ന വാദം നടിയുടെ വണ്ണം കൂടിയതാണ്. സെെസ് സീറോ എന്ന സിനിമയ്ക്ക് വേണ്ടി വണ്ണം വല്ലാതെ കൂട്ടിയ അനുഷ്ക പിന്നീട് വണ്ണം കുറയ്ക്കാൻ പാടു പെടുന്നു എന്ന വാർത്ത നേരത്തെ വന്നിരുന്നു.

ഇതിനിടെ നടി സിനിമകളിൽ സജീവമല്ലാതായി. വണ്ണം കുറച്ച് കാണിക്കാൻ ഘാട്ടിയിൽ കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ സഹായം തേടിയെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. വണ്ണമുണ്ടെങ്കിലും അനുഷ്കയുടെ സ്ക്രീൻ പ്രസൻസ് നഷ്ടപ്പെട്ടിട്ടില്ലെന്നും ഗ്രാഫിക്സ് ഉപയോഗിക്കേണ്ടിയിരുന്നില്ലെന്നും അഭിപ്രായങ്ങൾ അന്ന് വന്നു.
പ്രൊമോഷനുകളിൽ നിന്നും നടി മാറി നിൽക്കുന്നത് എന്തിനെന്ന് വ്യക്തമല്ല. നേരത്തെ നടി നയൻതാര ഉൾപ്പെടെയുള്ളവർ നോ പ്രൊമോഷൻ പോളിസി കരിയറിൽ കൊണ്ട് വന്നിരുന്നു. നയൻതാരയുടെ കരാറിൽ ഇക്കാര്യം വ്യക്തമായി പരാമർശിക്കാറുണ്ട്. എന്നാൽ അടുത്ത കാലത്തായി തന്റെ ചില സിനിമകളുടെ പ്രൊമോഷന് നയൻതാര എത്തി. നയൻതാര നോ പ്രൊമോഷൻ പോളിസി സിനിമാ ലോകത്ത് പല തവണ ചർച്ചയായതാണ്. രക്കായിയെ ആണ് നയൻതാരയുടെ റിലീസ് ചെയ്യാനുള്ള സിനിമകളിലൊന്ന്. ചിത്രത്തിന്റെ പ്രൊമോഷന് നടി എത്താനുള്ള സാധ്യതയുണ്ട്. കാരണം തൊട്ട് മുമ്പിറങ്ങിയ ടെസ്റ്റ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടി ഒരു അഭിമുഖം നൽകിയിരുന്നു.


Click it and Unblock the Notifications











