ലോണിൻമേലുള്ള കളിയാണ് എല്ലാം, നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല; തുറന്ന് പറഞ്ഞ് അനുശ്രീ
ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തിന് ലഭിച്ച മികച്ച അഭിനേത്രിമാരിൽ ഒരാളാണ് അനുശ്രീ. പിന്നീടിങ്ങോട്ട് ശ്രദ്ധേയമായ ഒരുപിടി സിനിമകൾ അനുശ്രീ ചെയ്തു. നാട്ടിൻപുറത്തുകാരിയായാണ് മിക്ക സിനിമകളിലും അനുശ്രീയെ കണ്ടിട്ടുള്ളത്. ഇതിഹാസ എന്ന സിനിമയിലാണ് നടിക്ക് വ്യത്യസ്ത റോൾ ലഭിച്ചത്. താരമായപ്പോഴും അനുശ്രീ സിനിമാ ലോകത്തിന്റെ നിറപകിട്ടിൽ സ്വയം മറന്നിട്ടില്ലെന്ന് ആരാധകർ പറയാറുണ്ട്.
നാട്ടിലെ പരിപാടികൾക്കെല്ലാം അനുശ്രീ മുന്നിലുണ്ട്. അടുത്തിടെ നാട്ടിലെ ഒരു പരിപാടിയിൽ ഡാൻസ് ചെയ്യുന്ന അനുശ്രീയുടെ വീഡിയോ വെെറലായിരുന്നു. ഇപ്പോഴിതാ തന്റെ സൗഹൃദങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് നടി. ഹെയർ സ്റ്റെെലിസ്റ്റുമാരായ സജിത്ത്, സുജിത്ത് എന്നിവരുമായുള്ള സൗഹൃദത്തെക്കുറിച്ചാണ് അനുശ്രി ജിഞ്ചർ മീഡിയ എന്റർടെയിൻമെന്റ്സിൽ സംസാരിച്ചത്.

സങ്കടവും സന്തോഷവും ഇൻസെക്യൂരിറ്റികളും പ്ലാനുകളും എല്ലാം സജിത്തിനോടും സുജിത്തിനോടും പറയാറുണ്ട്. ആ ലോൺ എടുക്കണോ ഗോൾഡ് പണയം വെക്കണോ കിഡ്നി കൊടുക്കണോ തുടങ്ങി എല്ലാം ഇരുവരോടും സംസാരിക്കാറുണ്ടെന്നും അനുശ്രീ ചിരിയോടെ പറഞ്ഞു. വീട് പണിയുടെ സമയത്ത് സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ എന്നെ സപ്പോർട്ട് ചെയ്തവരാണ് സജിത്തും സുജിത്തുമെന്നും അനുശ്രീ വ്യക്തമാക്കി. തനിക്ക് ലോണുകൾ ഉണ്ടെന്ന് തുറന്ന് പറയാനും അനുശ്രീ മടിച്ചില്ല.
നിങ്ങളൊക്കെ വിചാരിക്കുന്നതിന്റെ അപ്പുറമാണ്. രണ്ട് കിഡ്നിയുണ്ട്, ഒരു കിഡ്നി മതിയല്ലോ എന്ന് കഴിഞ്ഞ ദിവസം കൂടി പറഞ്ഞതാണ്. നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല. മുഴുവൻ ലോണിൻമേലുള്ള കളിയാണെന്നും അനുശ്രീ പറയുന്നു. സംവിധായകൻ ലാൽ ജോസിനെക്കുറിച്ചും അനുശ്രീ സംസാരിക്കുന്നുണ്ട്.

എങ്ങനെയാണ് ഇൻസെക്യൂറായിരിക്കുമ്പോൾ അവരെ പൊക്കിക്കൊണ്ട് വരിക എന്ന് ലാൽ ജോസ് സാറിൽ നിന്നാണ് ഞാൻ മനസിലാക്കിയത്. പിന്നീടുള്ള വഴികളിലാണ് എന്നിലേക്ക് ഒത്തിരി പേർ വന്നതും കൂട്ടുകാരൊക്കെ ആയതും. ഒരുപക്ഷെ ആ സമയത്ത് എന്നെക്കുറിച്ച് സാറിന് ചിന്തിക്കേണ്ട ഒരു കാര്യവും ഇല്ല. സർ എത്രയോ നായികമാരെ കൊണ്ട് വന്നിരിക്കുന്നു. ഞാൻ വരുന്ന സമയത്ത് സർ എത്രയോ തിരക്കുള്ള ആളാണ്. പക്ഷെ ഞാൻ വിളിച്ച് കരയുന്ന സമയത്ത് അര മണിക്കൂറായി, തിരക്കുണ്ട് എന്ന് സർ പറഞ്ഞിട്ടില്ല. ഞാൻ കഥകൾ പറഞ്ഞ് ഓക്കെ ആകുന്നത് വരെ കേൾക്കാൻ ലാൽജോസ് സർ തയ്യാറായെന്നും അനുശ്രീ ചൂണ്ടിക്കാട്ടി.
താൻ സിനിമാ രംഗത്തേക്ക് വന്ന കാലത്ത് നാട്ടിലെ ചില ആളുകൾ തെറ്റായി പലതും സംസാരിച്ചിരുന്നു എന്നാണ് അനുശ്രീ പറയുന്നത്. വളരെ വിഷമം തോന്നുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ ആരുടെ അടുത്താണ് ഇത് പറയേണ്ടതെന്ന് അറിയില്ല. പറയാൻ ആകെയുണ്ടായിരുന്ന ആൾ ലാൽ ജോസ് സാറായിരുന്നു. സങ്കടം വരുമ്പോൾ അദ്ദേഹത്തെ വിളിച്ച് കരയും. വീട്ടിൽ വെച്ച് കരഞ്ഞാൽ ഇത്രയും സങ്കടമാണെങ്കിൽ നീ പോകേണ്ടെന്ന് പറയും. അതിനാൽ ലാൽ ജോസ് സാറോടാണ് അന്ന് താനെല്ലാം സംസാരിച്ചിരുന്നതെന്ന് നടി വ്യക്തമാക്കി.
നിന്നെ കുറ്റം പറയുന്നവർ നാളെ നിന്റെ ബന്ധുക്കളാണ് എന്ന് പറയുന്ന കാലം വരുമെന്ന് ലാൽ ജോസ് സർ പറഞ്ഞിരുന്നു. അത് സത്യമായെന്നും അനുശ്രീ പറഞ്ഞു. അനുശ്രീയുടെ ആദ്യ സിനിമ ഡയമണ്ട് നെക്ലേസ് സംവിധാനം ചെയ്തത് ലാൽ ജോസാണ്. പിന്നീട് ഇദ്ദേഹത്തിന്റെ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന സിനിമയും ചെയ്തു. ഒരു റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീയെ ലാൽ ജോസ് കണ്ടെത്തുന്നത്.


Click it and Unblock the Notifications











