നിങ്ങൾ ഒരിടത്ത് ഉറച്ച് നിൽക്ക്, ഉണ്ണി ചേട്ടനും ഞാനും അയ്യേ എന്ന് പറയും; വിവാഹ ഗോസിപ്പുകളെക്കുറിച്ച് അനുശ്രീ
തുടരെ സിനിമകളിൽ കാണാറില്ലെങ്കിലും മിക്കപ്പോഴും ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുമ്പിലെത്താൻ കഴിഞ്ഞ നടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച അനുശ്രീ സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടി. മിക്ക നടിമാരെയും പോലെ ഗോസിപ്പുകൾ അനുശ്രീയെയും തേടി വന്നു. നടൻ ഉണ്ണി മുകുന്ദനും അനുശ്രീയും വിവാഹിതരാകുന്നു എന്നാണ് മിക്കപ്പോഴും വരാറുള്ള ഗോസിപ്പുകൾ. ഇരുവരും ഒരുമിക്കണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്.
ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് അനുശ്രീ. റെഡ് എഫ്എം മലയാളവുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ഗോസിപ്പുകൾ താനിപ്പോൾ കാര്യമാക്കാറില്ലെന്ന് അനുശ്രീ പറയുന്നു. ഗോസിപ്പുകൾ വരുമ്പോൾ ഞങ്ങൾ രണ്ട് പേരും പരസ്പരം അയ്യേ എന്ന് പറയും. ഇത്തരം ന്യൂസുകൾ അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്യാറുണ്ട്. പുതിയത് വന്നിട്ടുണ്ട്, കണ്ടോ എന്ന് പറഞ്ഞ് ചിരിച്ച് തള്ളും. ചിലപ്പോൾ ഈ ആൾക്കാർക്ക് വേറെ പണിയില്ലേ എന്ന് തോന്നും.

കഴിഞ്ഞ ദിവസം മീഡിയക്കാരുമായി ഒരുമിച്ചിരുന്ന് സംസാരിക്കവെ അവരോട് തന്നെ നിങ്ങൾക്ക് ബോറടിക്കില്ലേ എന്ന് ചോദിച്ചു. ഇന്ന് എന്നെ ചേർത്ത് പറയുന്ന ആൾക്കാർ ഉണ്ണിച്ചേട്ടൻ അടുത്ത സിനിമയ്ക്ക് വേറെ നായികയുമായി നിൽക്കുമ്പോൾ അവരെ ചേർത്ത് പറയുന്നുണ്ട്. ഒന്നുകിൽ നിങ്ങളൊരിടത്ത് ഉറച്ച് നിൽക്കെന്ന് മീഡിയക്കാരോട് പറഞ്ഞു.
ആദ്യം കേൾക്കുമ്പോൾ ഇതെന്തായിതെന്ന് തോന്നിയിട്ടുണ്ട്. പിന്നെ ഗോസിപ്പ് സ്ഥിരം വന്നതോടെ കാര്യമാക്കാതായെന്നും അനുശ്രീ പറയുന്നു. ഉണ്ണി ചേട്ടനെയും എന്നെയും ഓരോ ഇവന്റിന് ഒരുമിച്ച് കാണുന്നത് കൊണ്ടു വിശ്വാസങ്ങൾ ഒന്നായതിനാലുമാണ് ഗോസിപ്പ് വരാൻ തുടങ്ങിയത്. അല്ലാതെ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. വിശ്വാസ സൂചകമായാണ് ഞങ്ങളുടെ പേര് വന്നിട്ടുള്ളത്. സിനിമയല്ലാതെ വിശ്വാസത്തിന്റെ പേരിൽ നാട്ടുകാർ ഒന്നിപ്പിക്കാൻ നോക്കുന്നവർ ഞങ്ങളാണെന്നും അനുശ്രീ ചിരിയോടെ പറഞ്ഞു.

നേരത്തെ ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനിൽ നിന്നും അനുശ്രീക്ക് അവസരം വന്നിരുന്നു. എന്നാൽ നടി ഈ റോൾ വേണ്ടെന്ന് വെച്ചു.
തനിക്ക് സൗഹൃദങ്ങൾ വളരെ പ്രധാനമാണെന്നും അനുശ്രീ പറയുന്നു. ചിലരുമായി സൗഹൃദത്തിലാകാൻ രണ്ട് മൂന്ന് മാസമെടുക്കും. ചിലർ രണ്ട് ദിവസത്തിൽ വരും. അവരെന്നും ഉണ്ടാകും. ഞാനെന്നാൽ എന്റെ കുടുംബവും സുഹൃത്തുക്കളും ചേരുന്നതാണ്. അതിനപ്പുറത്ത് ഭാവിയെക്കുറിച്ച് ചിന്തിച്ച് പ്രവർത്തുന്ന ആളല്ല താനെന്നും അനുശ്രീ പറയുന്നു.
ഒരാളെ മനസിലാക്കുകയെന്നതാണ് സൗഹൃദത്തിൽ ഏറ്റവും പ്രധാനം. ചെറിയ പ്രശ്നമാണെങ്കിലും അത് കേൾക്കണം. ആ മനസിലാക്കൽ പ്രധാനമാണ്. സിനിമാ ലോകത്ത് ട്വൽത്ത് മാൻ സിനിമയിൽ ഒപ്പം അഭിനയിച്ചവരുമായി അടുത്ത സൗഹൃദമുണ്ടെന്നും അനുശ്രീ പറയുന്നു. നെഗറ്റീവ് അടിക്കണമെങ്കിൽ എന്നെ എവിടെയെങ്കിലും ഒറ്റയ്ക്ക് ഇരുത്തിയാൽ മതി.
ചിലർ ഒറ്റയ്ക്കിരിക്കുന്നത് നന്നായി ആസ്വദിക്കും എന്ന് പറയും. അതെങ്ങനെയാണ് പറ്റുകയെന്ന് തനിക്ക് തോന്നാറുണ്ടെന്നും അനുശ്രീ പറയുന്നു. കഥ ഇന്നുവരെയാണ് അനുശ്രീയുടെ പുതിയ സിനിമ. നടിക്കൊപ്പം ബിജു മേനോൻ, മേതിൽ ദേവിക, നിഖില വിമൽ, അനു മോഹൻ, ഹക്കിം ഷാജഹാൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്.


Click it and Unblock the Notifications











