'നിങ്ങളുടെ റിസ്ക്കിൽ ചെയ്യിപ്പിച്ചോളൂ, ഈ ആത്മാർത്ഥ മാറുമെന്ന് പറഞ്ഞു, അപ്പൻ അഭിനയിക്കുന്നത് കാണാൻ അമ്മ വന്നു'
സിനിമയോടും അഭിനയത്തോടുമുള്ള അടങ്ങാത്ത ആവേശവും ആഗ്രഹവുമാണ് ടൊവിനോ തോമസിനെ സിനിമയ്ക്ക് പിന്നാലെ സഞ്ചരിക്കാൻ പ്രേരിപ്പിച്ചത്. തലതൊട്ടപ്പന്മാരില്ലാതെ മലയാള സിനിമാ ലോകത്തെത്തിയ ടൊവിനോ തോമസ് ഇന്ന് തെന്നിന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ്. ചെന്നൈയിൽ കോഗ്നിസെന്‍റ് ടെക്നോളജീസിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്നു ടൊവിനോ തോമസ് ഏറെനാള്‍.
2012ലാണ് പ്രഭുവിന്‍റെ മക്കൾ എന്ന സിനിമയിലൂടെ സിനിമാ ലോകത്തെത്തിയത്. നെഗറ്റീവ് വേഷങ്ങളിൽ തുടങ്ങിയ ടൊവിനോയുടെ അഭിനയജീവിതം എന്ന് നിന്‍റെ മൊയ്തീനിലെ അപ്പുവിനെ അവതരിപ്പിച്ചശേഷം മാറി മറിഞ്ഞു. പിന്നീട് നായക വേഷങ്ങളും ടൊവിനോയെ തേടി എത്തി തുടങ്ങി. 2016ൽ ഗപ്പിയിലെ എഞ്ചിനീയർ തേജസ് വർക്കി എന്ന കഥാപാത്രം ടൊവിനോയുടെ സിനിമാജീവിതത്തിൽ നിർണ്ണായകമായി മാറുകയായിരുന്നു.

ശേഷം ഇതുവരെ മുപ്പതിലേറെ സിനിമകൾ ടൊവിനോ തോമസ് ചെയ്തു. മുപ്പത്തിയഞ്ചുകാരനായ ടൊവിനോ തോമസ് ഇതുവരെ മലയാളത്തിൽ മാത്രമല്ല തമിഴിലും അഭിനയിച്ചു. മിന്നൽ മുരളിക്കുശേഷം ബോളിവുഡിൽ നിന്ന് അടക്കം ആരാധകർ ടൊവിനോ തോമസിനുണ്ട്. അദൃശ്യ ജാലകങ്ങളാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ടൊവിനോ തോമസ് സിനിമ.
പരീക്ഷണ സിനിമകൾ ചെയ്യാനും താൽപര്യപ്പെടുന്ന താരത്തിന്റെ ഏറ്റവും പുതിയ സിനിമ അന്വേഷിപ്പിൻ കണ്ടെത്തുമെന്ന ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ്. വീണ്ടും ടൊവിനോ പോലീസ് വേഷം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും അന്വേഷിപ്പിൻ കണ്ടെത്തും സിനിമയ്ക്കുണ്ട്.
ഈ സിനിമ മറ്റൊരു രീതിയിൽ കൂടി ഇനി ടൊവിനോയ്ക്ക് വളരെ സ്പെഷ്യലാണ് കാരണം ചിത്രത്തിൽ ടൊവിനോയുടെ പിതാവും അഭിനയിച്ചിട്ടുണ്ട്. ടൊവിനോയെ പോലെതന്നെ ടൊവിനോയുടെ പിതാവ് അഡ്വ.ഇ.ടി തോമസും പ്രേക്ഷകർക്ക് സുപരിചിതനാണ്. ടൊവിനോയുടെ സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെ തന്നെയാണ് ഇ.ടി തോമസ് പ്രേക്ഷകർക്ക് സുപരിചിതനായത്. കുറച്ച് നാളുകൾക്ക് മുമ്പ് അച്ഛനൊപ്പം മസിൽ കാണിച്ച് നിൽക്കുന്ന ചിത്രം ടൊവിനോ പങ്കുവെച്ചത് വൈറലായിരുന്നു.
എന്റെ അച്ഛൻ- വഴികാട്ടി, ഉപദേശകൻ, പ്രോത്സാഹകൻ കൂടാതെ എന്റെ വർക്ഔട്ട് പാർട്നറും. ഇടത് നെഞ്ചിൽ മുകളിൽ കാണുന്ന എക്സ്ട്രാ മസിൽ 2016ൽ വെച്ച പേസ്മേക്കറാണ്. എന്നാൽ അതിനുശേഷം മുമ്പത്തെക്കാളും അദ്ദേഹം ഫിറ്റ്നസിൽ ശ്രദ്ധാലുവായി എന്നാണ് അന്ന് ടൊവിനോ ചിത്രത്തിനൊപ്പം കുറിച്ചത്.

ഇപ്പോഴിതാ അന്വേഷിപ്പിൻ കണ്ടെത്തും സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പിതാവ് തനിക്കൊപ്പം എങ്ങനെ സിനിമയുടെ ഭാഗമായിയെന്ന് നടൻ വെളിപ്പെടുത്തി. 'സിനിമ കാണാൻ ഇഷ്ടപ്പെടുന്നയാളാണെങ്കിലും അഭിനയിക്കുന്ന കാര്യത്തെ കുറിച്ച് അപ്പൻ ഇതുവരെ ചിന്തിച്ചിരുന്നില്ല.'
'ഇത് കരിയറായി മുന്നോട്ട് കൊണ്ടുപോകാനും പുള്ളി തീരുമാനിച്ചിട്ടില്ല. ഇതിൽ വലിയ തട്ടുകേടില്ലാതെ മുന്നോട്ട് പോകണം അത്രമാത്രം. അന്വേഷിപ്പിൻ കണ്ടെത്തും സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയശേഷം അപ്പൻ കറക്ട് സമയത്ത് ലൊക്കേഷനിൽ വരും. ആ സമയത്ത് ഞാൻ അപ്പനോട് പറഞ്ഞു പുതിയ ആളായതുകൊണ്ടാണ് ഈ ആത്മാർത്ഥ പതിയെ മാറുമെന്ന് പറഞ്ഞു.'
'അമ്മയായിരുന്നു അപ്പനൊപ്പം വന്നിരുന്നത്. അപ്പൻ അഭിനയിക്കുന്നത് കാണാനാണ് വന്നത്. അമ്മ ഒപ്പം വരുന്നതാണ് അപ്പന്റെ പ്രശ്നവും ടെൻഷനും. കാരണം അമ്മ സൈഡിൽ ഇരുന്ന് ഓരോ കമന്റുകൾ പറഞ്ഞ് കൊണ്ടിരിക്കും. എന്റെ അപ്പനായിട്ട് തന്നെയാണ് അഭിനയിച്ചത്. പിന്നെ ഞാൻ അപ്പനൊപ്പം ജിമ്മിൽ നിൽക്കുന്ന ചിത്രം പങ്കിട്ടശേഷം ശ്യാം പുഷ്കർ വിളിച്ച് അപ്പനെ അഭിനയിപ്പിക്കാൻ വിടുന്നോയെന്ന് ചോദിച്ചു.'
'ഒരു കാട്ടിൽ രണ്ട് സിംഹം വേണോയെന്നാണ് ഞാൻ തിരിച്ച് ചോദിച്ചത്. നിങ്ങളൊക്കയാണെങ്കിൽ വിടാം. നിങ്ങളുടെ റിസ്ക്കിൽ ചെയ്യിപ്പിച്ചോളൂ എന്നാണ് ഞാൻ പറഞ്ഞത്. ജോജി സിനിമയിലേക്ക് വേണ്ടിയായിരുന്നു', എന്നാണ് അപ്പന്റെ സിനിമ അരങ്ങേറ്റത്തെ കുറിച്ച് സംസാരിച്ച് ടൊവിനോ തോമസ് പറഞ്ഞത്.


Click it and Unblock the Notifications