'റാംപ് വാക്ക് അല്ല വേണ്ടതെന്ന് പറയും, റൂമിൽ രണ്ട് ദിവസം നടന്ന് പഠിച്ചു, എല്ലാ സെമെസ്റ്ററിലും സപ്ലിയുണ്ട്'
അടുത്തിടെ പുറത്തിറങ്ങിയതിൽ ഇപ്പോഴും തിയേറ്ററുകൾ നിറഞ്ഞോടുന്ന സിനിമയാണ് ടൊവിനോ തോമസ് നായകനായ അന്വേഷിപ്പിൻ കണ്ടെത്തും. സാധാരണ പോലീസ് സിനിമകൾ പോലെ ഫൈറ്റ് സീനുകളും ഓവർ മാസുമൊന്നും കുത്തികയറ്റി ബോറാക്കാതെ നല്ലൊരു ക്ലീൻ ത്രില്ലർ സിനിമയായാണ് സംവിധായകൻ അന്വേഷിപ്പിൻ കണ്ടെത്തും ഒരുക്കിയിരിക്കുന്നതെന്നാണ് സിനിമ കണ്ടവർ അഭിപ്രായപ്പെട്ടത്. ലൗലി എന്ന പെൺകുട്ടിയുടെ മിസ്സിങ് കേസിൽ തുടങ്ങുന്ന സിനിമയിൽ ആദ്യ പകുതിയിൽ ലൗലി കേസും രണ്ടാം പകുതിയിൽ ആറ് വർഷങ്ങൾക്ക് മുമ്പ് നടന്ന ശ്രീദേവി കൊലക്കേസുമാണ് പ്രമേയമാവുന്നത്.
പക്കാ സിനിമാറ്റിക്കാക്കാതെ റിയലസ്റ്റിക് സിനിമാറ്റിക് കൂടികലർന്ന രീതിയിലാണ് സിനിമ സംവിധായാകൻ എടുത്തിരിക്കുന്നത്. കണ്ണൂർ സ്‌ക്വാഡിനോട് വരെ കിടപിടിക്കുന്നതാണ് അന്വേഷിപ്പിൻ കണ്ടെത്തുമെന്ന് അഭിപ്രായപ്പെട്ടവരും നിരവധിയാണ്.

സിനിമയിൽ സുപ്രധാന കഥാപാത്രങ്ങളിൽ ഒന്നായ ബ്ലെസിയെ അവതരിപ്പിച്ചത് മോഡലായ മാനുഷി ഖൈറാണ്. കോളജ് വിദ്യാർത്ഥിനിയായ മാനുഷിയുടെ ആദ്യ സിനിമ കൂടിയായിരുന്നു അന്വേഷിപ്പിൻ കണ്ടെത്തും. ഇപ്പോഴിതാ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ തന്റെ ആദ്യ സിനിമാ അനുഭവം പങ്കുവെക്കുകയാണ് മാനുഷി ഖൈർ.
'എനിക്ക് ഇതൊരു വലിയ തുടക്കമാണ്. ബ്ലെസിയെ അവതരിപ്പിക്കുക എന്നത് ഏറെ പ്രയാസമുണ്ടാക്കിയ കാര്യമായിരുന്നു. മുമ്പ് മോഡലിങ്ങിലായിരുന്നു. അതിൽ നിന്നും പെട്ടന്ന് സിനിമയിലേക്ക് വരുമ്പോൾ ഉണ്ടാവുന്ന സ്വാഭാവിക ബുദ്ധിമുട്ടുകളൊക്കെ എനിക്കും ഉണ്ടായിരുന്നു. ഏതൊരു തുടക്കക്കാരിക്കും കിട്ടാവുന്ന നല്ലൊരു റോളായിരുന്നു ബ്ലെസി. കുറച്ച് നെഗറ്റീവ് ഭാവമാണെങ്കിലും ബ്ലെസി ആളൊരു പാവമാണ്. രണ്ടും ഒരേ സമയം അവതരിപ്പിക്കുകയെന്നത് ബുദ്ധിമുട്ടായിരുന്നു.'
'ഡയലോഗുകളും കുറവായിരുന്നു. അതുകൊണ്ട് ഭാവങ്ങളിലൂടെയും വികാരങ്ങളിലൂടെയും മാത്രമെ പ്രേക്ഷകരുമായി സംവദിക്കാനുമായിരുന്നുള്ളു. ഇത്രയും ആളുകൾ അത് അംഗീകരിച്ചു എന്നതിൽ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. മോഡലിങ്ങിലായിരുന്നതുകൊണ്ട് ഞാൻ ബ്ലെസിയിൽ നിന്നും ഏറെ വ്യത്യസ്തമാണ്. ശരീരഭാഷയാണെങ്കിലും സംസാരമാണെങ്കിലും നടക്കുന്ന രീതിയാണെങ്കിലും ഒക്കെയും വ്യത്യസ്തമാണ്.'
'കഴിഞ്ഞ നാല്, അഞ്ച് വർഷമായി ഒരേ കാര്യം തന്നെ തുടർച്ചയായി ചെയ്യുന്നത് കൊണ്ട് എന്ത് ചെയ്യുമ്പോഴും അതിന്റെ എല്ലാ എലമെന്റുകളും കയറിവരും. ഏറ്റവും പ്രയാസം ബ്ലെസിയുടെ ശരീരഭാഷ സ്വീകരിക്കുന്നതായിരുന്നു. ഒരുപാട് സീനുകളിൽ ബ്ലെസി നടക്കുന്നത് കാണിക്കുന്നുണ്ട്.'
'ഞാൻ കഥാപാത്രമായി നടക്കുമ്പോൾ അസോസിയേറ്റ് മൈക്കിലൂടെ പറയും... മാനുഷി റാമ്പ് വാക്ക് അല്ലെന്ന്. ആദ്യം കരുതിയത് വെറുതെ കളിയാക്കുകയാണെന്നാണ്. പിന്നെ മനസിലായി ഇത് തമാശയല്ല ഗൗരവമുള്ളതാണെന്ന്. കാരണം അതിൽ ഏറ്റവും പ്രധാനം ആ നടത്തമാണ്. അത് മോശമായാൽ കഥാപത്രവും മോശമായിപ്പോകും.'

'അതുകൊണ്ട് തിരികെ റൂമിൽ എത്തി രണ്ട് ദിവസം നടന്ന് പഠിച്ചു. റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കും അത് റെക്കോർഡ് ചെയ്യും നോക്കും തിരുത്തും വീണ്ടും നടക്കും. കുറച്ചധികം ബുദ്ധിമുട്ടിയിട്ടുണ്ട്. പതിനഞ്ചാം വയസിലാണ് മോഡലിങ് ആരംഭിക്കുന്നത്. പക്ഷെ എന്റെ പ്രധാന ലക്ഷ്യം സിനിമ തന്നെയായിരുന്നു. ഒരു ബാലതാരമായി വന്ന് പോകാൻ താത്പര്യമുണ്ടായിരുന്നില്ല. ഒരു വേഷത്തിന് വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു.'
'മുമ്പൊരു സീരിസിന്റെ ഓഡിഷന് പോയപ്പോൾ അവിടെ വെച്ച് കണ്ട പരിചയത്തിന്മേലാണ് സിനിമയിലേക്ക് വിളി വരുന്നത്. എന്നെ വ്യക്തിപരമായും പ്രഫഷണലായും അറിയുന്നവർ പോലും ബ്ലെസിയായി കണ്ടപ്പോൾ ഞെട്ടി. തിരിച്ചറിയാൻ വളരെ പ്രയാസമാണ്. അതിനെല്ലാം ഉപരി അമ്മയ്ക്ക് സിനിമ ഇഷ്ട്ടമായി. സിനിമ കഴിഞ്ഞ് ഇറങ്ങിയപ്പോൾ നന്നായി ചെയ്തു ഇനിയും നല്ല സിനിമകളൊക്കെ വരട്ടെ എന്ന് പറഞ്ഞു.'
'പഠനവും തൊഴിലും ഒരുമിച്ചാണ് കൊണ്ടുപോകുന്നത്. വാസ്തവത്തിൽ എനിക്ക് എല്ലാ സെമെസ്റ്ററിലും ഓരോ സപ്ലി വീതമുണ്ട്. പക്ഷെ കോളേജ് അത്രയും പ്രധാനമാണ്. എന്നെ സംബന്ധിച്ചിടത്തോളം എച്ച്ഒഡിയാണെങ്കിലും ഡിപ്പാർട്മെന്റിലെ മാറ്റ് അധ്യാപകരാണെങ്കിലും എല്ലാം നല്ല രീതിയിൽ പിന്തുണക്കുന്നുണ്ട്. പിന്ന, മഹാരാജാസ് എല്ലാവർക്കും അറിയുന്നതുപോലെ കലയെ നല്ല രീതിയിൽ പിന്തുണയ്ക്കുന്ന കോളേജാണ്.'
'പിടിച്ചിരുത്തി പഠിപ്പിക്കുന്ന രീതിയില്ല. അസൈൻമെന്റുകളും പ്രൊജക്ടുകളും കൃത്യമായി തീർക്കുന്നതുകൊണ്ട് വലിയ പ്രശ്നങ്ങൾ ഉണ്ടാകാറില്ല. ആദ്യ വർഷം എനിക്ക് ലീവ് എടുക്കാനൊക്കെ നല്ല പേടിയായിരുന്നു. അടുത്ത വർഷം ആയപ്പോഴേക്കും ആ പേടിയൊക്കെ നഷ്ടമായി. ഇപ്പോൾ മിക്കപ്പോഴും വർക്കിലാണ്. ജോലിയെടുക്കാതെ എപ്പോഴും പഠിക്കുക എന്നതിന് മനസുവരില്ല. മോഡലിങ് എന്തായാലും നിർത്താനാവില്ല അതെന്റെ ശ്വാസമാണ്', അന്വേഷിപ്പിൻ കണ്ടെത്തും സിനിമാ അനുഭവങ്ങളും ജീവിതവും പങ്കിട്ട് മാനുഷി പറഞ്ഞു.


Click it and Unblock the Notifications











