അന്ന് ആരും ഒപ്പമുണ്ടായില്ല; ഒരു മെസേജ് മതിയായിരുന്നു; അവരിനി ജീവിതത്തിൽ വേണ്ട; അപർണയും ജീവയും
ടെലിവിഷൻ രംഗത്ത് അവതാരകരായി ശ്രദ്ധിക്കപ്പെട്ട് പിന്നീട് സോഷ്യൽ മീഡിയയിലും ജനശ്രദ്ധ നേടിയവരാണ് അപർണ തോമസും ജീവ ജോസഫും.
യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ജീവയും അപർണയും ഇന്ന് താരങ്ങളാണ്. ഒരേ മേഖലയിൽ പ്രവർത്തിക്കുന്ന ഇരുവരും പങ്കാളികൾ എന്നതിനൊപ്പം നല്ല സുഹൃത്തുക്കളുമാണ്. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ മിക്ക വിശേഷങ്ങളും ജീവയും അപർണയും പങ്കുവെക്കാറുണ്ടായിരുന്നു.
എന്നാൽ ഇടയ്ക്ക് യൂട്യൂബ് ചാനൽ പാർടണറുമായി ചില പ്രശ്നങ്ങൾ വരികയും ഈ ചാനൽ അപർണ ഉപേക്ഷിക്കുകയും ചെയ്തു. അടുത്തിടെയാണ് അപർണ പുതിയ ചാനൽ തുടങ്ങിയത്. അന്ന് നേരിട്ട് പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് അപർണയും ജീവയും. ഐ ആം വിത്ത് ധന്യ വർമ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.
ഇങ്ങനെയൊരു സാഹചര്യം വന്നപ്പോൾ എന്റെ കൂടെ നിന്ന വളരെ കുറച്ച് ആളുകളേയുള്ളൂ. വിരലിൽ എണ്ണാവുന്നവരേ ഉണ്ടായിരുന്നുള്ളൂ എന്നെനിക്ക് ആത്മവിശ്വാസത്തോടെ പറയാം. ഒപ്പമുണ്ടാകുമെന്ന് വിചാരിച്ചവർ ഒന്നും ഉണ്ടായില്ല. ഇങ്ങനെയൊരു സംഭവം നടന്നതിൽ എനിക്ക് സന്തോഷമുണ്ട്. കാരണം ആളുകളെ എനിക്ക് മനസ്സിലാക്കാൻ പറ്റി. യൂട്യൂബ് പോയപ്പോൾ ഞാനിരുന്ന് കരഞ്ഞു. ആ ഒരു ചാനലിന് വേണ്ടി അത്രയും കഠിനാധ്വാനം ചെയ്തിരുന്നു. ജീവ മാത്രമേ അപ്പോൾ ഒപ്പം ഉണ്ടായുള്ളൂ. ജീവ മാത്രം വന്ന് കുഴപ്പമില്ല എന്ന് പറഞ്ഞു.

ഈ ചാനലിൽ നിന്ന് ഗുണമുണ്ടായ ആളുകളുണ്ട്, ചാനലിന്റെ വളർച്ചയിലും തളർച്ചയിലും ഒപ്പമുള്ളവരുണ്ട്. ഈ ആളുകളെയൊന്നും അന്ന് കാണാൻ പറ്റിയില്ല. ഒരു മെസേജ് മതി. ഇറ്റ്സ് ഓക്കെ എന്ന മെസേജ് മതിയായിരുന്നു. അതുണ്ടായില്ല. അതിനാൽ ഈ ആളുകൾ എന്റെ ജീവിതത്തിൽ വേണ്ടെന്ന് തീരുമാനിച്ചു. കാരണം ആ സമയത്ത് ഞാനും എന്റെ ഭർത്താവും മാത്രമേ ഉണ്ടായിരുന്നുള്ളൂയെന്ന് അപർണ തോമസ് ചൂണ്ടിക്കാട്ടി.
ഭർത്താവ് ജീവയെക്കുറിച്ചും അപർണ സംസാരിച്ചു. വളരെ നിഷ്കളങ്കനാണ്. കുറച്ച് നന്മ കൂടുതലാണ്. ജീവ, നമ്മൾ കലികാലത്തിലാണ് ജീവിക്കുന്നത്. ആര് എപ്പോഴാണ് പിന്നിൽ നിന്ന് കുത്തുക എന്ന് പറയാൻ പറ്റില്ല. ശ്രദ്ധിക്കണം എന്ന് ഞാനെപ്പോഴും പറയും. ജീവ പക്ഷെ അങ്ങനെയല്ല. പാവം മനുഷ്യനാണെന്നും അപർണ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകളെക്കുറിച്ച് ജീവ സംസാരിച്ചു. അപർണയ്ക്കുള്ള സ്വാതന്ത്ര്യത്തിന്റെ പേരിൽ നീ ആണാണോടാ എന്ന് ചോദിച്ച് കമന്റുകൾ വരാറുണ്ട്. എനിക്ക് സ്ത്രീകൾ വരെ മെസേജ് അയച്ചിട്ടുണ്ട്. നിനക്ക് ഭർത്താവാണെന്ന് പറഞ്ഞ് നടക്കാൻ നാണമില്ലേ. നീയിങ്ങനെ അഴിച്ച് വിട്ടേക്കുകയാണോ എന്ന് ചോദിച്ച്. ഭാര്യക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യിക്കാത്തതാണോ ആണത്തം.
അമ്മയാണ് തന്നെ പുരോഗമനപരമായി ചിന്തിക്കാൻ പഠിപ്പിച്ചത്. എന്റെ കുട്ടിക്കാലത്ത് പപ്പ മരിച്ചു. കുടുംബം മുന്നോട്ട് കൊണ്ട് പോകാൻ അമ്മ ഗൾഫിൽ ജോലിക്ക് പോവുകയായിരുന്നെന്നും ജീവ തുറന്ന് പറഞ്ഞു. അപർണ കരയുന്നത് തനിക്ക് സഹിക്കാൻ പറ്റില്ലെന്നും ജീവ വ്യക്തമാക്കി.
തന്റെ വസ്ത്രങ്ങളുടെ പേരിൽ വരുന്ന മോശം കമന്റുകളെക്കുറിച്ച് അപർണ നേരത്തെ സംസാരിച്ചിരുന്നു. വസ്ത്രം തെരഞ്ഞെടുക്കുന്നതിൽ ഭർത്താവിന്റെ അനുവാദം വാങ്ങേണ്ടതില്ല. നമ്മൾക്ക് വേണ്ട കാര്യങ്ങൾ തീരുമാനിക്കേണ്ടത് നമ്മളാണ്. പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോകുന്നവരാണ് തങ്ങളെന്നും അന്ന് അപർണയും ജീവയും പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ വേർപിരിഞ്ഞ സുഹൃത്തുക്കളെ അറിയാം. ഞങ്ങൾ അഭിപ്രായ വ്യത്യാസങ്ങൾ പരസ്പരം സംസാരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അപർണ വ്യക്തമാക്കി.


Click it and Unblock the Notifications











