ഇവർ ഒരുമിച്ചാണോ എന്ന് ആരും നോക്കില്ലായിരുന്നു; ബംഗ്ലാവിൽ കഴിയുന്നവരുടെ അവസ്ഥ; അന്തനൻ
സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ് എആർ റഹ്മാന്റെ വിവാഹമോചനം. 29 വർഷം നീണ്ട് നിന്ന വിവാഹ ജീവിതമാണ് എആർ റഹ്മാനും ഭാര്യ സൈറ ബാനുവും അവസാനിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സൈറ ബാനുവിന്റെ അഭിഭാഷകയാണ് ആദ്യം പ്രസ്താവന പുറത്ത് വിട്ടത്. പിന്നാലെ എആർ റഹ്മാനും ഇക്കാര്യം വ്യക്തമാക്കി. 1995 ലാണ് സൈറ ബാനുവും എആർ റഹ്മാനും വിവാഹിതരായത്. 57ാം വയസിലാണ് എആർ റഹ്മാൻ വിവാഹ ബന്ധം പിരിയുന്നത്.
ഇപ്പോഴിതാ വിഷയത്തിൽ തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് ഫിലിം ജേർണലിസ്റ്റ് അന്തനൻ. എആർ റഹ്മാന്റെ തീരുമാനം പല തരത്തിൽ സമൂഹത്തെ ബാധിക്കുമെന്ന് അന്തനൻ അഭിപ്രായപ്പെട്ടു. വിവാഹമോചിതരാവുകയാണെന്ന് എആർ റഹ്മാനും സൈറ ബാനുവും തുറന്ന് പറയേണ്ടിയിരുന്നില്ലെന്ന് അന്തനൻ പറയുന്നു.

എആർ റഹ്മാൻ ഭാര്യക്കൊപ്പമാണോ കഴിയുന്നതെന്ന് ആരും നോക്കാൻ പോകുന്നില്ല. ഒന്നിച്ച് പോകാനാകുന്നില്ലെങ്കിൽ പുറത്ത് പറയാതെ മാറി നിൽക്കാമായിരുന്നു. മകളുടെ കല്യാണം നടത്തി. തങ്ങളുടെ കടമകളെല്ലാം ചെയ്തു. പരസ്പരം പ്രശ്നമുണ്ടെന്ന് അകന്ന് കഴിയാം. ഇത് പുറത്ത് പറയേണ്ട ആവശ്യം ഇല്ല. ഇന്നത്തെ തലമുറയ്ക്ക് വിവാഹ ജീവിതത്തോട് താൽപര്യമില്ല.
പെട്ടെന്ന് വിവാഹം ചെയ്ത് പെട്ടെന്ന് തന്നെ വേർപിരിയുന്നു. കുടുംബ കോടതിയിൽ ദിനംപ്രതി ഒരുപാട് കേസുകൾ. ഇങ്ങനെയൊരു സാഹചര്യത്തിൽ പുതുതലമുറയ്ക്ക് വിവാഹ ജീവിതത്തെക്കുറിച്ച് വിശ്വാസം പകർന്ന് നൽകേണ്ടവരാണ് ഇവരെല്ലാം. എആർ റഹ്മാന്റെ തീരുമാനം ഭാവി സമൂഹത്തെ മോശമായി സ്വാധീനിക്കുമെന്നും അന്തനൻ പറയുന്നു.

വിവാഹമോചനത്തെക്കുറിച്ച് താനറിഞ്ഞ വിവരവും അന്തനൻ പങ്കുവെച്ചു. എആർ റഹ്മാൻ പൂർണമായും സംഗീതത്തിലേക്ക് തന്റെ ജീവിതം അർപ്പിച്ചു. വലിയൊരു സ്റ്റുഡിയോ പണിതിട്ടുണ്ട്. വിദേശത്തുള്ളത് പോലെ ഹൈ ടെക് സൗകര്യങ്ങളുള്ള സ്റ്റുഡിയോ ആണിത്. തുടരെ വലിയ തിരക്കുകളിലേക്ക് കടന്നു. വീട്ടിൽ ഫോൺ ചെയ്താൽ എന്താണെന്ന് ചോദിക്കാൻ പോലും പറ്റാത്ത തിരക്കിലായി.
ഇത് വിവാഹ ജീവിതത്തെ ബാധിച്ചു. വലിയ ബംഗ്ലാവ്. കിച്ചണിൽ നിന്ന് ഹാളിലേക്ക് നാല് കിലോ മീറ്റർ ദൂരമുണ്ടെങ്കിൽ ആ വീട്ടിലുള്ള എല്ലാവരും അവരവരുടെ റൂമിലായിരിക്കും. പരസ്പരമുള്ള സംസാരം കുറയും. ആഡംബര ജീവിതം നയിക്കുന്ന പലരുടെയും പ്രശ്നം ഇതാണ്. കുടുംബത്തോടൊപ്പമിരുന്ന് സംസാരിക്കാതാകുമ്പോൾ വിരക്തി തോന്നും. റഹ്മാൻ ഇനിയും കരിയറിൽ ഉയർച്ചയ്ക്ക് വേണ്ടി ഓടുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
അതേസമയം ബന്ധുക്കളും സുഹൃത്തുക്കളും ഇവരെ വീണ്ടും ഒന്നിപ്പിക്കാൻ ശ്രമം നടത്തിയേക്കുമെന്നും അന്തനൻ പറഞ്ഞു. ഖദീജ റഹ്മാൻ, എആർ അമീൻ, റഹീമ റഹ്മാൻ എന്നീ മൂന്ന് മക്കളാണ് എആർ റഹ്മാനും സൈറ ബാനുവിനുമുള്ളത്. മൂത്ത മകൾ ഖദീജ വിവാഹിതയാണ്. പിതാവിന്റെ പാത പിന്തുടർന്ന് ഖദീജയും സംഗീത ലോകത്തേക്ക് കടന്ന് വന്നു. ഇന്ന് തമിഴകത്ത് അറിയപ്പെടുന്ന ഗായികയും സംഗീത സംവിധായികയുമാണ് ഖദീജ.


Click it and Unblock the Notifications