അപ്പോൾ ഭാര്യ ഒപ്പം കിടക്കില്ല; ഭാര്യ സൈറ ബാനുവിനെക്കുറിച്ച് എആർ റഹ്മാൻ; ശ്രദ്ധ നേടി വാക്കുകൾ
സംഗീത ലോകത്ത് പകരം വെക്കാനില്ലാത്ത പേരാണ് എആർ റഹ്മാൻ. കാലങ്ങൾക്കതീതമായി സഞ്ചരിച്ച നിരവധി ഗാനങ്ങൾ എആർ റഹ്മാൻ സൃഷ്ടിച്ചു. ഇളയരാജയുടെ അസിസ്റ്റന്റ് ആയിരുന്ന ദിലീപ് എന്ന ചെറുപ്പക്കാരനിൽ നിന്നും എആർ റഹ്മാൻ എന്ന പ്രഗൽഭനായി ഇദ്ദേഹം വളർന്നത് ആരാധകർ കണ്ടതാണ്. സംഗീതത്തിനപ്പുറത്ത് എആർ റഹ്മാന്റെ വ്യക്ത ജീവിതവും പലപ്പോഴും ചർച്ചയായിട്ടുണ്ട്. തന്റെ ഇരുപതുകളിലാണ് റഹ്മാൻ ഇസ്ലാം മതം സ്വീകരിക്കുന്നത്.
അസുഖ ബാധിതനായി അച്ഛൻ മരിച്ച ശേഷം പല പ്രതിസന്ധികളും റഹ്മാനും കുടുംബത്തിനും അക്കാലത്ത് നേരിടേണ്ടി വന്നു. ഇതിനിടെയാണ് സൂഫിസത്തിലേക്ക് കുടുംബം ആകൃഷ്ടരായത്. ഇതോടെയായിരുന്നു മതം മാറ്റം. 1995 ലാണ് റഹ്മാൻ വിവാഹിതനായത്. നടൻ റഹ്മാന്റെ ഭാര്യയുടെ സഹോദരി സൈറ ബാനുവാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ഇരുവർക്കും ഖദീജ, റഹീമ, അമീൻ എന്നീ മൂന്ന് മക്കളുമുണ്ട്.

മകൾ ഖദീജ ഇതിനകം സംഗീത ലോകത്ത് പേരെടുത്തിട്ടുണ്ട്. എന്നാൽ ഖദീജയുടെ പേരിൽ പലപ്പോഴും റഹ്മാന് കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. വിശ്വാസിയായ ഖദീജ മുഖം മൂടുന്ന ബുർഖ ധരിച്ച് മാത്രമേ പൊതുവേദികളിൽ എത്താറുള്ളൂ. 2020 ൽ റഹ്മാനൊപ്പം പൊതുവേദിയിൽ മുഖം മറച്ച് എത്തിയ ഖദീജയെ കണ്ട് മിക്കവരും അമ്പരന്നു.
റഹ്മാന്റെ പിന്തിരിപ്പൻ ചിന്താഗതിയാണ് ഈ വേഷത്തിന് കാരണമെന്നും ആക്ഷേപം വന്നു. ബംഗ്ലാദേശ് എഴുത്തുകാരിയായ തസ്ലീമ നസ്റിൻ ആണ് ഇതിൽ റഹ്മാനെ ഏറ്റവും കൂടുതൽ വിമർശിച്ചത്. എന്നാൽ വ്യക്തി സ്വാതന്ത്ര്യമെന്ന് ചൂണ്ടിക്കാട്ടി ഈ കുറ്റപ്പെടുത്തലുകളെ റഹ്മാൻ പ്രതിരോധിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയോ രണ്ടാമത്തെ മകൾ റഹീമയോ ബുർഖ ധരിക്കാറില്ല.

ഇപ്പോഴിതാ ഭാര്യയെക്കുറിച്ച് റഹ്മാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് പരാമർശം. നീണ്ട മുടിയുള്ള റഹ്മാന്റെ പഴയ ലുക്കിനെക്കുറിച്ച് അഭിമുഖത്തിൽ ചോദ്യം വന്നു. വന്ദേ മാതരം എന്ന ഗാനം ഇറങ്ങിയ സമയത്തെ റഹ്മാന്റെ ലുക്ക് വളരെ നല്ലതായിരുന്നു. പക്ഷെ പെട്ടെന്ന് നിങ്ങളിൽ മാറ്റം വന്നു. ആ പഴയ ഹെയർസ്റ്റെെൽ നിങ്ങൾ മിസ് ചെയ്യുന്നുണ്ടോ എന്നാണ് റഹ്മാന് നേരെ വന്ന ചോദ്യം. ഇല്ല, ആ ഹെയർസ്റ്റെെൽ ആണെങ്കിൽ ഭാര്യ തന്റെയൊപ്പം കിടക്കില്ലെന്ന് റഹ്മാൻ തമാശയോടെ മറുപടി നൽകി.
തന്റെ വസ്ത്രധാരണത്തിലും മറ്റും ഭാര്യ സൈറ ബാനു ശ്രദ്ധ പുലർത്താറുണ്ടെന്ന് റഹ്മാൻ മുമ്പ് പറഞ്ഞിട്ടുണ്ട്. സ്റ്റെെലിംഗ് എന്റെ ഭാര്യ ഗൗരവത്തിലെടുക്കുന്നു, അവളാണ് എന്നെ ഡ്രസ് ചെയ്യിക്കാറ്. കഴിഞ്ഞ 10,15 വർഷമായി അവളാണ് വസ്ത്രങ്ങൾ വാങ്ങുന്നത്. അവൾക്ക് അതെല്ലാം ചെയ്യാൻ ഇഷ്ടമാണെന്നും റഹ്മാൻ അന്ന് പറഞ്ഞു.
തന്റെ വിവാഹത്തെക്കുറിച്ചും റഹ്മാൻ മുമ്പ് തുറന്ന് സംസാരിച്ചിട്ടുണ്ട്. അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. അമ്മയാണ് വിവാഹാലോചന നടത്തിയത്. ഒരു വധുവിനെ സ്വയം കണ്ടുപിടിക്കാൻ തനിക്ക് സമയം ഇല്ലായിരുന്നെന്നും റഹ്മാൻ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് ഭാര്യക്കൊപ്പമുള്ള ചിത്രങ്ങൾ റഹ്മാൻ പങ്കുവെക്കാറുണ്ട്.
56 കാരനായ എആർ റഹ്മാന് ഇന്നും സംഗീത ലോകത്ത് മാറ്റി നിർത്താൻ പറ്റാത്ത സ്ഥാനമുണ്ട്. അടുത്തിടെ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ റഹ്മാൻ ഒരുക്കിയ സംഗീതം ഏറെ ശ്രദ്ധ നേടി. ചെന്നെെയിൽ ജനിച്ച് വളർന്ന റഹ്മാന്റെ അമ്മയുടെ പേര് കരീമ ബീഗം എന്നാണ്. അച്ഛൻ ആർകെ ശേഖറും.


Click it and Unblock the Notifications