അമ്മാവൻ ഇത്രയും വലിയ ആളാണോ?; പ്രകാശിന് അന്നാണത് മനസിലായത്; ജി.വി പ്രകാശിന്റെ അമ്മ എആർ റെയ്ഹാന
സംഗീത ലോകത്ത് പകരം വെക്കാനില്ലാത്ത പ്രതിഭയായ എആർ റഹ്മാന്റെ കുടുംബവും പിന്നണി ഗാനരംഗത്തും സംഗീത സംവിധാനത്തിലും സജീവമാണ്. മകൾ ഖദീജ ഇതിനകം ഗാന രംഗത്ത് പേരെടുത്ത് കഴിഞ്ഞു. റഹ്മാന്റെ സഹോദരി എആർ റെയ്ഹാനയും വർഷങ്ങളായി സംഗീത സംവിധാന രംഗത്ത് സാന്നിധ്യം അറിയിക്കുന്നു. റെയ്ഹാനയുടെ മകനാണ് ഇന്ന് സംഗീത സംവിധായകനും നടനുമായ ജിവി പ്രകാശ് കുമാർ. ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ ജിവി പ്രകാശിന് കഴിഞ്ഞു.
ഒരു ദേശീയ പുരസ്കാരവും മൂന്ന് ഫിലിം ഫെയർ പുരസ്കാരവും നേടിയ ജിവി പ്രകാശിന് ബോളിവുഡിൽ വരെ സംഗീത സംവിധായകനായി സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞു. ജിവി പ്രകാശിനെക്കുറിച്ച് സംസാരിക്കുകയാണ് അമ്മ റെയ്ഹാന. മകന് ചെറുപ്പത്തിൽ മ്യൂസിക്കിൽ വലിയ താൽപര്യമില്ലായിരുന്നെന്ന് റെയ്ഹാന പറയുന്നു. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

പ്രകാശിന് കഴിവിൽ ഒരു അടിത്തറ പാകിയത് ഞാനാണ്. വളരെ സ്ട്രിക്റ്റായി എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞ് കൊടുത്തു. ക്രിക്കറ്റിനോട് ജീവനായിരുന്നു അവന്. ദിവസേന ഉച്ചത്തിൽ സംസാരിച്ച് ശബ്ദം മോശമാക്കും. ഇതിനൊരു പരിഹാരം കാണണം, ഇവനെ തല്ലി നേരെയാക്കാൻ പറ്റില്ലെന്ന് മനസിലാക്കി. സച്ചിനെന്നാൽ അവന് ഭ്രാന്താണ്.
സച്ചിൻ പോലും റഹ്മാന്റെ ആരാധകനാണ്. നീ പാടിയാലേ ബഹുമാനം കിട്ടൂ എന്ന് ഞാൻ പറഞ്ഞു. മ്യൂസിക് ക്ലാസിൽ അയക്കാൻ വേണ്ടി കള്ളം പറയുകയാണെന്ന് അവൻ. അടുത്ത ദിവസം മാഗസിനിൽ സച്ചിൻ റഹ്മാന്റെ പാട്ടാണ് ഫ്രീയായിരിക്കുമ്പോൾ കേൾക്കുന്നത്, അദ്ദേഹം റഹ്മാന്റെ ആരാധകനാണെന്ന വാർത്ത വന്നു. പ്രകാശ് അന്ന് ചെറുതാണ്. ഞാൻ വായിച്ച് കൊടുത്തു. വിശ്വാസത്തിനായി മറ്റൊരാളെക്കാെണ്ട് വായിപ്പിക്കുകയും ചെയ്തു. സച്ചിൻ ശരിക്കും റഹ്മാന്റെ ആരാധകനാണോ, അമ്മാവൻ അത്രയും വലിയ ആളാണോ എന്ന് അവൻ ചോദിച്ചു.

എല്ലാവരും റഹ്മാന്റെ ഫാനാണെന്ന് പറഞ്ഞ് അവനെ മനസിലാക്കി അടുത്ത ദിവസം മുതൽ അവനിൽ സംഗീതത്തിന് താൽപര്യമുണ്ടാക്കിയെന്നും എആർ റിഹാന വ്യക്തമാക്കി. ജിവി പ്രകാശിന്റെ കരിയർ ഗ്രാഫിനെക്കുറിച്ചും റെയ്ഹാന സംസാരിച്ചു. ആയിരത്തിൽ ഒരുവൻ എന്ന സിനിമയിലെ സംഗീത സംവിധാനത്തിന് അർഹമായ അംഗീകാരം ലഭിച്ചില്ലെന്ന് പ്രകാശിന് തോന്നിയിട്ടുണ്ട്. പക്ഷെ വെയിൽ, മദിരാശിപട്ടണം, തലൈവ എന്നീ സിനിമകളാണ് പ്രശാശ് ചെയ്തതിൽ എനിക്കിഷ്ടം.
അനുരാഗ് കശ്യപിന്റെ ഹിന്ദി സിനിമയിലൂടെ അവന് ദേശീയ പുരസ്കാരം കിട്ടുമെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പായിരുന്നു. അത്രയും നന്നായി ചെയ്തിരുന്നു. പക്ഷെ ലഭിക്കാത്തതിൽ വളരെ വിഷമം തോന്നി. സൂരരെെ പോട്രിന് അവന് പുരസ്കാരം ലഭിക്കുമെന്ന് എനിക്കുറപ്പായിരുന്നു. ദേശീയ പുരസ്കാരം കൊടുക്കാൻ അവർ നിർബന്ധിതരായി. കാരണം സിനിമ ഓസ്കാറിന് പോയതിനാൽ അവഗണിക്കാൻ പറ്റിയില്ലെന്നും റെയ്ഹാന ചൂണ്ടിക്കാട്ടി.
ജിവി പ്രകാശിന്റെ ഊർജമാണ് തനിക്കിഷ്ടമെന്നും റെയ്ഹാന വ്യക്തമാക്കി. സഹോദരൻ റഹ്മാനെക്കുറിച്ചും റെയ്ഹാന സംസാരിച്ചു. പാടുമ്പോൾ മറ്റാര് തിരുത്തലുകൾ പറഞ്ഞാലും തനിക്ക് പ്രശ്നമല്ല. എന്നാൽ റഹ്മാൻ പറഞ്ഞാൽ തനിക്ക് പേടിയാണ്. അദ്ദേഹമൊന്നും പറയില്ല. പക്ഷെ തനിക്ക് പേടിയാണെന്നും റെയ്ഹാന വ്യക്തമാക്കി.


Click it and Unblock the Notifications