പ്രണയത്തിന് പ്രായമില്ല; അമ്പതാം വയസിൽ വിവാഹിതനായി മലയാളികളുടെ ശ്രീകൃഷ്ണൻ, വൈറലായി അരവിന്ദിന്റെ വിവാഹ ഫോട്ടോ!
നന്ദനം എന്ന സിനിമയിലൂടെ മലയാളികളുടെ മനസിൽ ഗുരുവായൂരപ്പനായി സ്ഥാനം നേടി തരംഗം തീർത്ത നടനാണ് അരവിന്ദ് ആകാശ്. നന്ദനത്തിന് മുമ്പും പിൻപും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രീകൃഷ്ണനെന്നാൽ മലയാളികൾക്ക് ഓർമ വരിക അരവിന്ദിന്റെ മുഖമാണ്. ഇപ്പോഴിതാ താരം വിവാഹിതനായി എന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വിവാഹ ഫോട്ടോകളും ഇതിനോടകം സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു.
സാറാ എന്നാണ് താരത്തിന്റെ പങ്കാളിയുടെ പേര്. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന മനോഹരവും സ്വകാര്യവുമായ വിവാഹച്ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമാരംഗത്തെ ചുരുക്കം ചില സഹപ്രവർത്തകരും മാത്രം പങ്കെടുത്തു.

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയുമായി. നിരവധി ആരാധകരും സഹപ്രവർത്തകരും നവദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. അമ്പതാം വയസിലാണ് അരവിന്ദിന്റെ വിവാഹം എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. പലരും താരത്തിന്റെ വിവാഹ ഫോട്ടോ കണ്ട് അമ്പരന്നു. ഇത്രയും കാലം നടൻ ബാച്ച്ലറായിരുന്നുവോ എന്നാണ് ഏറെയും ആരാധകർ ചോദിക്കുന്നത്.
നടൻ വിവാഹിതനും കുടുംബവും കുട്ടികളുമായി കഴിയുന്ന വ്യക്തിയുമാണെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും കരുതിയിരുന്നത്. പർപ്പിൾ നിറത്തിലുള്ള സിംപിൾ കുർത്തയായിരുന്നു അരവിന്ദിന്റെ വേഷം. പർപ്പിൾ നിറത്തിലുള്ള പട്ട് സാരിയും മിനിമൽ ആഭരണങ്ങളും ധരിച്ച് സുന്ദരിയായാണ് വധു സാറ എത്തിയത്. പ്രണയത്തിന് പ്രായമില്ല.
ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കടക്കുന്ന അരവിന്ദ് ആകാശിനും ജീവിതപങ്കാളിക്കും ഹൃദയം നിറഞ്ഞ വിവാഹാശംസകൾ. സ്നേഹവും സന്തോഷവും ഐക്യവും നിറഞ്ഞ ദീർഘദാമ്പത്യ ജീവിതം ആശംസിക്കുന്നു എന്നിങ്ങനെ നീളുന്നു ആരാധകരുടെ കമന്റുകൾ. മലയാളം, തമിഴ് സിനിമകളിലൂടെയാണ് അരവിന്ദ് കൂടുതൽ ശ്രദ്ധ നേടിയത്. യഥാർത്ഥ പേര് എസ്. അരവിന്ദർ സിങ്. ജനനം ഡൽഹിയിൽ ആയിരുന്നു. കുടുംബത്തിന്റെ വേരുകൾ പഞ്ചാബിലെ ജലന്ധറിലാണ്.
പിന്നീട് കുടുംബം ചെന്നൈയിലേക്ക് താമസം മാറി. അമ്മ തമിഴ് സിനിമകളിലെ ഒരു നർത്തകിയായിരുന്നു. അമ്മയിൽ നിന്നാണ് നൃത്തത്തോടുള്ള താൽപര്യം നടനിൽ വളർന്നത്. ചരിത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ചെന്നൈയിലെ അക്കാദമി ഓഫ് മോഡേൺ ഡാൻസിൽ നിന്ന് നൃത്തപരിശീലനവും നേടി. നടൻ ആദ്യം ഡാൻസറായും ടെലിവിഷൻ താരമായും ശ്രദ്ധ നേടി.

പിന്നീട് 2002ൽ പുറത്തിറങ്ങിയ മലയാളം സിനിമ നന്ദനം അദ്ദേഹത്തിന്റെ കരിയറിലെ വലിയ വഴിത്തിരിവായി. തുടർന്ന് മലയാളത്തിൽ പ്രജാപതി, നന്മ, പോസിറ്റീവ്, മുല്ലവള്ളിയും തേന്മാവും, ഗുരുവായൂർ അമ്പലനടയിൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിൽ ചെന്നൈ 600028, ഗോവ, മങ്കാത്ത, ഉന്നാലെ ഉന്നാലെ, ഗോട്ട് തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. തമിഴ്, മലയാളം റിയാലിറ്റി ഷോകളിൽ ജഡ്ജായും അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്.
നൃത്തവുമായി ബന്ധപ്പെട്ട പരിപാടികളിൽ സജീവ സാന്നിധ്യമാണ് ഇപ്പോഴും അരവിന്ദ്. സിനിമയ്ക്ക് പുറത്തുള്ള സ്വകാര്യ ജീവിതം പൊതുവേദികളിൽ അധികം പങ്കുവെക്കാത്ത താരങ്ങളിൽ ഒരാൾ കൂടിയാണ് അരവിന്ദ്. രണ്ട് പതിറ്റാണ്ടിൽ ഏറെയായി സിനിമയിൽ സജീവമാണെങ്കിലും ഇതുവരെ വിവാദങ്ങളിലോ നിയമപ്രശ്നങ്ങളിലോ നടൻ ഉൾപ്പെട്ടിട്ടില്ല. ഇന്റസ്ട്രിയിൽ ക്ലീൻ ഇമേജാണ്.
താരത്തിന്റെ പ്രണയം, പങ്കാളി എന്നിവയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ 2025 മുതലാണ് ശക്തമായത്. നന്ദനം സിനിമയിൽ അതിഥി വേഷമായിരുന്നുവെങ്കിലും നായകന് പോലും ലഭിക്കാത്ത സ്വീകാര്യതയാണ് അരവിന്ദ് നേടിയെടുത്തത്. വർഷങ്ങൾക്കുശേഷം ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയിലും സമാന റോളിൽ അരവിന്ദ് അഭിനയിക്കുകയും അത് വലിയ രീതിയിൽ വൈറലാവുകയും കയ്യടി നേടുകയും ചെയ്തിരുന്നു.


Click it and Unblock the Notifications


