നട്ടെല്ലിന് പരിക്ക് പറ്റി കിടപ്പിലായ നാളുകൾ, സിനിമയില്ലാതായപ്പോഴും കോടികൾ വാരിക്കൂട്ടിയ അരവിന്ദ് സ്വാമി
അരവിന്ദ് സ്വാമി ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ രംഗത്തുണ്ടാക്കിയ തരംഗം ചെറുതല്ല. റൊമാന്റിക് ഹീറോയായി തുടരെ സിനിമകൾ ചെയ്ത അരവിന്ദ് സ്വാമിക്ക് ഒന്നിന് പിറകെ ഒന്നായി അവസരങ്ങൾ വന്നു. റോജ, ബോംബെ എന്നീ സിനിമകൾ നടന്റെ കരിയർ ഗ്രാഫിൽ ഇന്നും എടുത്ത് പറയുന്ന സൃഷ്ടികളാണ്. പക്ഷെ സിനിമാ രംഗത്ത് വിജയം പോലെ തന്നെ പരാജയവും അരവിന്ദ് സ്വാമി കണ്ടിട്ടുണ്ട്. ഒരേ തരത്തിലുള്ള റോളുകൾ ചെയ്തത് അരവിന്ദ് സ്വാമിയെ ബാധിച്ചു. സിനിമാ കരിയറിലെ വീഴ്ച പക്ഷെ അരവിന്ദ് സ്വാമിയുടെ ജീവിതത്തെ ബാധിച്ചിട്ടില്ല.
കാരണം ബിസിനസ് രംഗത്ത് ശോഭിക്കാൻ അരവിന്ദ് സ്വാമിക്കായി. തന്റെ പിതാവിന്റെ ബിസിനസിന്റെ മേൽനോട്ടം ഏറ്റെടുക്കുകയായിരുന്നു ഇദ്ദേഹം. 2005 ൽ ടാലന്റ് മാക്സിമസ് എന്ന കമ്പനി സ്ഥാപിച്ചു. എന്നാൽ 2005 ൽ ജീവിതത്തിൽ വലിയൊരു തിരിച്ചടി അരവിന്ദ് സ്വാമിക്കുണ്ടായി. നട്ടെല്ലിനേറ്റ പരിക്ക് കാരണം 18 മാസത്തോളം കിടപ്പിലായിരുന്നു അരവിന്ദ് സ്വാമി. നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു താനെന്ന് അരവിന്ദ് സ്വാമി ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്.

ശാസ്ത്രക്രിയക്ക് തയ്യാറാകാതിരുന്ന അരവിന്ദ് സ്വാമി ആയുർവേദ ചികിത്സ സ്വീകരിച്ചു. ചികിത്സ തുടങ്ങി മൂന്ന് ദിവസം കൊണ്ട് അദ്ദേഹം എന്നെ നടത്തിച്ചു. തന്റെ വ്യക്തിപരമായ അനുഭവമാണിതെന്നും എല്ലാവരും ഇതേവഴി സ്വീകരിക്കണമെന്ന് താൻ പറയില്ലെന്നും അരവിന്ദ് സ്വാമി പറഞ്ഞിട്ടുണ്ട്. ബിസിനസ് രംഗത്തെ പ്രബല സാന്നിധ്യമായി അരവിന്ദ് സ്വാമിയുടെ കമ്പനി വളർന്നു. ടാലന്റ് മാക്സിമസിന്റെ 2022 ലെ വരുമാനം 3300 കോടി രൂപയാണ്. സിനിമാ രംഗത്ത് ഇടയ്ക്ക് മാത്രമേ അരവിന്ദ് സ്വാമി സാന്നിധ്യം അറിയിക്കാറുള്ളൂ.


Click it and Unblock the Notifications











