'മുടിയൻ ഈസ് ബാക്ക്... ഒപ്പം സിദ്ധുവും, ഓണം പൊടിപൊടിക്കും'; റിഷിയും ഡെയ്നും ഉപ്പും മുളകിലേക്ക് തിരിച്ചെത്തി?
കണ്ണീർ പരമ്പരകൾക്കിടയിൽ മനസ് നിറഞ്ഞ് ചിരിച്ച് ആസ്വദിക്കാൻ പ്രേക്ഷകർക്ക് അവസരം ലഭിച്ചത് ഫ്ലവേഴ്സ് ചാനലിൽ 2015ൽ ഉപ്പും മുളകും എന്ന സിറ്റ്കോം ടെലികാസ്റ്റ് ചെയ്ത് തുടങ്ങിയപ്പോൾ മുതലായിരുന്നു. മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട പരമ്പരയാണ് അന്നും ഇന്നും ഉപ്പും മുളകും. പരമ്പര മാത്രമല്ല പരമ്പരകളിൽ അണിനിരക്കുന്ന താരങ്ങളും പ്രേക്ഷകർക്ക് സുപരിചിതരാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഉപ്പും മുളകിലെ കഥാപാത്രങ്ങളായ ബാലുവും നീലുവും കേശുവും ലച്ചുവും മുടിയനും കുട്ടൻപിള്ളയും പാറുക്കുട്ടിയുമെല്ലാം പ്രേക്ഷകരുടെ ഹൃദയം കവർന്നത്.
ഒന്നാമത്തെ സീസൺ മികച്ച വിജയമായതിനാലാണ് രണ്ടാം സീസണും അണിയറപ്രവർത്തകർ കൊണ്ടുവന്നത്. 2015 ഡിസംബർ 14നാണ് ഉപ്പും മുളകും ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. പരമ്പര അവസാനിച്ചപ്പോഴും ഇന്നും ഓരോ എപ്പിസോഡും നിരവധിവട്ടമാണ് യുട്യൂബിൽ മാത്രം സ്ട്രീം ചെയ്യപ്പെടുന്നത്.

ഇപ്പോഴിതാ മൂന്നാം സീസണും വൻ വിജയമായി സംപ്രേഷണം ചെയ്യുന്നുണ്ട്. മൂന്നാം സീസണിൽ ചില പുതിയ കഥാപാത്രങ്ങൾ കൂടി പരമ്പരയിൽ ഭാഗമായിട്ടുണ്ട്. സോഷ്യൽ മീഡിയ താരങ്ങളായ നന്ദൂട്ടിയും രണ്ടുവയസുകാരൻ ഇസ്ദാനും ഗൗരി ഉണ്ണിമായയുമെല്ലാമാണ് പുതിയതായി ഉപ്പും മുളകിന്റെ ഭാഗമായ താരങ്ങൾ. പുതിയ എത്ര താരങ്ങൾ വന്നാലും പഴയ ചില താരങ്ങൾ സിറ്റ്കോമിൽ നിന്നും വിട്ടുനിൽക്കുന്നതിനാൽ ഉപ്പും മുളക് ആരാധകരിൽ വലിയ രീതിയിലുള്ള കുറവ് സംഭവിച്ചിട്ടുണ്ട്.
പ്രേക്ഷകർക്ക് ഏറ്റവും വലിയ നിരാശ സമ്മാനിച്ചത് ബാലുവിന്റെയും നീലുവിന്റെയും മൂത്തമകൻ മുടിയനായി അഭിനയിക്കുന്ന റിഷി കുമാറിന്റെ പിന്മാറ്റമായിരുന്നു. താൻ പോലും അറിയാതെ തന്റെ കഥാപാത്രത്തിന്റെ കഥയുടെ ഗതി മാറ്റിയതിനാലാണ് റിഷി ഉപ്പും മുളകിൽ നിന്നും പിന്മാറിയത്.
തന്നെ പരമ്പരയിൽ നിന്നും പൂർണ്ണമായിട്ടും മാറ്റി നിർത്താൻ സംവിധായകൻ ശ്രമിക്കുകയാണെന്നും റിഷി ആരോപിച്ചിരുന്നു. സിറ്റ്കോം പരമ്പരയായ ഉപ്പും മുളകിനെ ഒരു സീരിയൽ പോലെയാക്കി മാറ്റുന്നതിനെ സംവിധായകനെ ചോദ്യം ചെയ്തതിനാണ് എന്നെ കഥയിൽ നിന്നും മാറ്റിയത്. കഴിഞ്ഞ് നാല് മാസമായി സീരിയലിൽ നിന്നും എന്നെ യാതൊരു കാരണമില്ലാതെയാണ് സംവിധായകൻ ഉണ്ണി കൃഷ്ണൻ മാറ്റി നിർത്തിയിരിക്കുന്നത്.
സഹതാരങ്ങൾക്ക് ഒന്ന് പ്രതികരിക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണ് ഉപ്പും മുളകിന്റെ സെറ്റിൽ നടക്കുന്നത്. എന്റെ കഥാപാത്രത്തിന്റെ വിവാഹം നടക്കുന്നത് വരെ പരമ്പര ഒരു സിറ്റ്കോം മാതൃകയിലാണ് പോയിരുന്നത്. എന്നാൽ അതിനുശേഷം ഉപ്പും മുളകും ഒരു സീരിയൽ പരവത്തിലായി. ഇത് സോഷ്യൽ മീഡിയയിൽ ഞങ്ങൾക്ക് മോശം കമന്റുകൾ ലഭിക്കുന്നതിന് ഇടയാക്കി.

ഇതെ തുടർന്നാണ് ഉപ്പും മുളകിനെ സീരിയൽ പോലെയാക്കുന്നതിനെതിരെ സംവിധാകനോട് പറഞ്ഞത്. തുടർന്നാണ് എന്നെ പരമ്പരയിൽ നിന്നും മാറ്റി നിർത്തിയിരിക്കുന്നതെന്നുമായിരുന്നു റിഷി പറഞ്ഞത്. അതുപോലെ വളരെ കുറച്ച് എപ്പിസോഡുകളിൽ മാത്രം പ്രത്യക്ഷപ്പെട്ട് പിന്നീട് കാണാമറയത്തേക്ക് പോയ ഒരു കഥാപാത്രമായിരുന്നു ഉപ്പും മുളകിൽ ഡെയ്ൻ ഡേവിസ് അവതരിപ്പിച്ച സിദ്ധാർത്ഥ്. ജൂഹിയുടെ കഥാപാത്രത്തിന്റെ ഭർത്താവായിരുന്നു സിദ്ധാർത്ഥ്.
ഇപ്പോഴിതാ ഇരുവരും ഉപ്പും മുളകിലേക്കും തിരിച്ചെത്തിയെന്നാണ് ആരാധകർ പറയുന്നത്. അതിന് കാരണം നിഷാ സാരംഗ് പങ്കിട്ട ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ജൂഹി റുസ്തഗിക്കും ഡെയ്ന്‍ ഡേവിസിനുമൊപ്പമുള്ളൊരു ഫോട്ടോയായിരുന്നു നിഷ സാരംഗ് ആദ്യം പങ്കുവെച്ചത്. പിന്നാലെ പാറമട വീടിന്റെ മുറ്റത്ത് ഉപ്പും മുളകും ടീമിനൊപ്പം നിൽക്കുന്ന റിഷിയുടെ ഫോട്ടോയും നിഷ പങ്കിട്ടു.
മുടിയും സിദ്ധുവും ഇനി ഉപ്പും മുളകിൽ കാണുമോയെന്നുള്ള ചോദ്യങ്ങളെല്ലാം നിരവധി കമന്റായി പ്രത്യക്ഷപ്പെട്ടുവെങ്കിലും നിഷ ഒന്നിനും മറുപടി നൽകിയിട്ടില്ല. സിദ്ധു തിരിച്ചെത്തിയോ, ഇതെപ്പോഴാണ് സംഭവിച്ചത്, എന്തൊക്കെയോ സര്‍പ്രൈസ് വരുന്നുണ്ടല്ലോ, ഈ ഓണം പൊടിപൊടിക്കും എന്നൊക്കെയായിരുന്നു പോസ്റ്റിന് പ്രത്യക്ഷപ്പെട്ട കമന്റുകൾ.


Click it and Unblock the Notifications