50രൂപയുടെ ഹെഡ്സെറ്റ്, ഗ്ലാസില്ലാത്ത കണ്ണട... അർജുനെ ട്രോളി പണി വാങ്ങി ഫുക്രു...
കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം ടിക് ടോക്ക് റോസ്റ്റിങ്ങാണ്. ഫേസ്ബുക്ക്, വാട്സ്പ്പ്, ഇൻസ്റ്റഗ്രാം... എന്നിങ്ങനെ ഇപ്പോൾ എവിടെ തിരിഞ്ഞാലും ടിക് ടോക്കേഴ്സിനെ ട്രോളി കൊല്ലുന്ന റോസ്റ്റിങ്ങ് വീഡിയോ മാത്രമാണ് കാണാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾ കൊണ്ടാണ് ട്രെന്റുകൾ മാറി മറിയുന്നത്. ഒരു കാലത്ത് ടിക് ടോക്ക് വാണിരുന്ന സോഷ്യൽ മീഡിയയിൽ ഇപ്പോൾ റോക്കറ്റ് വിട്ടതു പോലെ അർജുന്റെ വീഡിയോ പറക്കുന്നത്. ഒരാഴ്ചകൊണ്ടാണ് മില്യൺ സബ്സ്ക്രൈബേഴ്സിനെ അർജുൻ നേടിയെടുത്തത്.

അർജുന്റെ റോസ്റ്റിങ് എത്തിയതോടെ സോഷ്യൽ മീഡിയയിൽ മറ്റൊരു രസകരമായ പോരാട്ടത്തിന് കൂടി കളമൊരുങ്ങിയിരിക്കുകയാണ്. അർജുന്റെ വീഡിയോയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി ടിക് ടോക്കേഴ്സ് രംഗത്തെത്തുകയും ചെയ്തിരുന്നു. അർജുന്റെ കണ്ണട മുതൽ മാനറിസം വരെ ഇവരും റോസ്റ്റ് ചെയ്തു.
പ്രമുഖ ടിക് ടോക് താരവും ബിഗ് ബോസ് മത്സരാർഥിയുമായിരുന്ന ഫുക്രുവിനെയും അർജുൻ ട്രോളിയിരുന്നു. ഇതിന് മറുപടിയുമായി ഫുക്രു തന്നെ രംഗത്തെത്തിയിരുന്നു. ഫുക്രു വ്ലോഗ്സ് എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു വീഡിയോ പുറത്തു വിട്ടത്. എന്നാൽ ഡിസ് ലൈക്കിന്റെ പെരുമഴയായിരുന്നു താരത്തിന്. ഫുക്രുവിന്റെ വീഡിയോയ്ക്ക് വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. ഡിസ് ലൈക്കുകളാണെങ്കിലും നിമിഷ നേരം കൊണ്ടായിരുന്നു ഫുക്രുവിന്റെ വീഡിയോ 1 മില്യൺ വ്യൂ നേടിയത്. പിന്നീട് അർജുൻ- ഫുക്രു ആരാധകർ നേർക്കു നേർ എത്തിയതോടെ സോഷ്യൽമീഡിയയിൽ ഇതൊരു ചൂടൻ വിഷയമായി മാറുകയായിരുന്നു.
ഇപ്പോഴിതാ തന്നെ ട്രോളിയവരെ ഡബിൾ റോസ്റ്റ് ചെയ്ത് അർജുൻ രംഗത്ത്. കഴിഞ്ഞ ദിവസം പുറത്തു വന്ന പുതിയ വീഡിയോയിലൂടെയാണ് തനിയ്ക്കെതിരെ ഉയർന്ന ചിലരുടെ ടിക് ടോക്ക് വിമർശനങ്ങൾക്ക് അർജുൻ റോസ്റ്റിങ്ങിലൂടെ മറുപടി നൽകിയത്. അതിൽ ആദ്യ സ്ഥാനത്ത് തന്നെ ഫുക്രുവും ഉണ്ടായിരുന്നു. തനിയ്ക്ക് എതിരെ പ്രയോഗിച്ച അതേ നാണയത്തിൽ തന്നെയാണ് അർജുൻ ഫുക്രുവിനും മറുപടി കൊടുത്തത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അർജുൻ ഫാൻസും ഫുക്രു ഹേറ്റേഴ്സും വീഡിയോ ഏറ്റെടുത്തതോടെ സംഭവം മറ്റൊരു ലെവലിലേയ്ക്ക് മാറുകയും ചെയ്തു . ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഫുക്രുവിന് ട്രോൾ മഴയാണ്.


Click it and Unblock the Notifications