ഫഹദിന്റെ വീടായി ഒരുക്കിയതിങ്ങനെ! ട്രാന്‍സിന്റെ പിന്നണി കാഴ്ചകള്‍ പുറത്ത് വിട്ട് കലാസംവിധായകന്‍
മൂന്ന് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഫഹദ് ഫാസിലിന്റെ ട്രാന്‍സ് തിയറ്ററുകളിലേക്ക് എത്തുന്നത്. ഫഹദിന്റെ നായികയായി ഭാര്യയും നടിയുമായ നസ്രിയ നസീം എത്തുന്നു എന്നതായിരുന്നു ആദ്യം മുതല്‍ സിനിമ കാണാന്‍ ആരാധകരുടെ കാത്തിരിപ്പിന് പിന്നില്‍. ഒപ്പം അന്‍വര്‍ റഷീദിന്റെ സംവിധാത്തിലൊരുങ്ങുന്ന ചിത്രമാണെന്നുള്ള പ്രത്യേകതയും ട്രാന്‍സിനുണ്ടായിരുന്നു.
ഒടുവില്‍ ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമകളിലൊന്നായി ട്രാന്‍സ് തിയറ്ററുകളിലേക്ക് എത്തി. ആരും ഒരിക്കലും പ്രതീക്ഷിക്കാത്തൊരു കഥയും കഥാപാത്രവുമായിരുന്നു ചിത്രത്തിലേത്. ഇപ്പോഴിതാ സിനിമയിലെ ഫഹദ് അവതരിപ്പിച്ച വിജു പ്രസാദിന്റെ വീട് ഉണ്ടാക്കിയത് എങ്ങനെയാണെന്നുള്ളതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കലാസംവിധായകന്‍ അജയന്‍ ചാലിശ്ശേരി.

കന്യാകുമാരി കടല്‍ക്കരയോട് ചേര്‍ന്നുള്ള ഒരു വീട്ടിലെ ആളുകളെ ഒഴിപ്പിച്ചാണ് സിനിമയ്ക്ക് വേണ്ടുന്ന തരത്തില്‍ ഒരുക്കി എടുത്തത്. സെറ്റിടുന്നതിന് വേണ്ടിയെടുത്ത മുന്നൊരുക്കങ്ങളെ കുറിച്ച് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ അജയന്‍ വ്യക്തമാക്കിയിരിക്കുകയാണ്. സെറ്റിടുന്നതിന് മുന്‍പുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.അജയന്‍ ചാലിശ്ശേരി പറയുന്നതിങ്ങനെ
'ഇതാണു വിജു പ്രസാദിന്റെ വീട്. വളരെ ഭംഗിയേറിയ കന്യാകുമാരി കടല്‍ക്കരയോട് ചേര്‍ന്നുളള ഒരു പഴയ ശൈലിയിലുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയാണ് ഇത്.
അതിലെ വാടകക്കാരെ തല്‍ക്കാലം ഒഴിപ്പിച്ച് വിജുവിന്റെ വീടായി മാറ്റിയത്. അടുക്കള നമ്മള്‍ അതില്‍ സെറ്റ് ചെയ്തതാണു. വിജുവിന്റെ മുറി. അനിയന്റെ മുറിയെല്ലാം സെറ്റു ചെയ്തു.

പഴയതും നല്ല പോലെ ഉപയോഗിച്ച സാധനങ്ങള്‍ തപ്പിയെടുത്ത് വീട്ടില്‍ നിറക്കുക ആയിരുന്നു. മുന്‍പുള്ളതും ശേഷമുള്ളതും തരത്തില്‍ ആണു ഫോട്ടോസ്. വിജുവിന്റെ കുട്ടിക്കാലം ചിത്രീകരിച്ച വീടും പരിസരത്ത് ഉളളത് തന്നെയാണ്. അതിന്റെയും പഴയ രൂപവും നമ്മള്‍ ചെയ്തതും മനസ്സിലാക്കുക'. ട്രാന്‍സ് ഒരു സമ്പൂര്‍ണ അന്‍വര്‍ റഷീദ് ചിത്രമാണെന്നും അദ്ദേഹം പറയുന്നു.
ഒരു മോട്ടിവേഷണല്‍ ട്രെയിനറായ വിജു പ്രസാദ് എന്ന കഥാപാത്രത്തെയാണ് ട്രാന്‍സില്‍ ഫഹദ് അവതരിപ്പിച്ചത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുമ്പോള്‍ വിന്‍സെന്റ് വടക്കനാണ് ട്രാന്‍സിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അമല്‍ നീരദാണ് ക്യാമറ ചലിപ്പിച്ചത്. സൗണ്ട് ഡിസൈനിംഗിന് വളരെ പ്രാധാന്യമുള്ള ചിത്രത്തിന് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് അത് നിര്‍വഹിച്ചു.


Click it and Unblock the Notifications











