'മമ്മൂക്കയുടെ ചിന്തയും അങ്ങനെയാണ് പോകുന്നത്, സൂര്യ അന്ന് വളരെ ഹാപ്പിയായിട്ടാണ് പോയത്'; അനുഭവം പങ്കിട്ട് ഷാജി!
അടുത്ത കാലത്ത് മമ്മൂട്ടിയുടെ റോഷാക്ക് അടക്കമുള്ള വിജയ സിനിമകളിൽ പ്രവർത്തിച്ച് ശ്രദ്ധനേടിയ ആർട്ട് ഡയറക്ടറാണ് ഷാജി നടുവിൽ. മമ്മൂട്ടിയുടെ കാതൽ അടക്കമുള്ള സിനിമകളുടെ പിന്നണിയിലും ഷാജിയുണ്ട്.
ആർട്ട് ഡയറക്ടർമാരുടെ സഹായിയായി പ്രവർത്തിച്ചാണ് ഷാജി നടുവിൽ മലയാള സിനിമയുടെ ഭാഗമായത്. ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് തന്നെയാണ് ഷാജിയുടെ ലക്ഷ്യം. അതിനുള്ള ശ്രമങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ഒരു കഥ കണ്ടെത്തി നടൻ മമ്മൂട്ടിയോട് പറഞ്ഞെങ്കിലും അത് സിനിമയാക്കുന്നതിൽ തടസങ്ങളുണ്ടായി.
ഇപ്പോഴിതാ മമ്മൂട്ടിയുടെ റിലീസിന് തയ്യാറെടുക്കുന്ന കാതൽ സിനിമയെ കുറിച്ചും അദ്ദേഹത്തോട് കഥ പറഞ്ഞപ്പോഴുണ്ടായ അനുഭവവുമെല്ലാം സില്ലി മോങ്ക്സ് മോളിവുഡ് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഷാജി നടുവിൽ.

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമ എന്നപേരിൽ പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ച സിനിമയാണ് കാതൽ. സിനിമ നവംബറിൽ തിയറ്ററിൽ റിലീസ് ചെയ്തേക്കും. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് കാതൽ സിനിമയിലെ മറ്റ് താരങ്ങൾ.
12 വർഷങ്ങൾക്കുശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്. ജിയോ ബേബിയാണ് സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. 'കാതൽ എന്ന ചിത്രത്തെ കുറിച്ച് ഒന്നും പറയാൻ എനിക്ക് കഴിയില്ല.'
'എന്തായാലും അധികം വൈകാതെ തന്നെ അത് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും. അത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന മമ്മൂക്കയുടെ പ്രകടനത്തെ കുറിച്ച് ഇനിയും ഒരുപാട് എഴുതാനും പറയാനും നമുക്ക് അവസരമൊരുക്കുന്ന ഒരു സിനിമയായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഇനി എനിക്ക് ചെയ്യാൻ പറ്റുന്ന ഏത് കഥാപാത്രമുണ്ട് എന്ന ചിന്ത മമ്മൂക്കയ്ക്കുണ്ട്.'
'ആ ചിന്തയിലൂടെയാണ് അദ്ദേഹം സിനിമകൾ തെരഞ്ഞെടുക്കുന്നത്. അദ്ദേഹത്തിന് അടുത്ത് കഥകൾ പറയാൻ പോകുന്നവരും വ്യത്യസ്തമായത് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. വ്യത്യസ്ത കഥാപാത്രവും കഥയും കൊണ്ടുവരുന്നവരിൽ നിന്നും നല്ലത് തെരഞ്ഞെടുത്ത് ചെയ്യുക എന്ന രീതിയാണ് ഇപ്പോൾ മമ്മൂക്കയുടേത്.'

'ഇതുവരെയുള്ള രീതിയിൽ നിന്നും മാറി മമ്മൂക്കയെ ആളുകൾക്ക് മുമ്പിൽ പ്രസന്റ് ചെയ്യാൻ സാധിച്ചാൽ അത് ആ സംവിധായകന് കിട്ടുന്ന നല്ലൊരു അവസരമാണ്. ജ്യോതികയ്ക്ക് ഇരുപത്തിയഞ്ച് ദിവസത്തോളം ഷൂട്ട് ഉണ്ടായിരുന്നു. കാതലിന്റെ സെറ്റിൽ വന്നുപോയപ്പോൾ സൂര്യയും വളരെ ഹാപ്പിയായിരുന്നു. മമ്മൂക്ക തന്നെയാണ് ബിരിയാണി ചെമ്പ് തുറന്ന് ഭക്ഷണം വിളമ്പിയത്. സൂര്യയ്ക്കൊപ്പമിരുന്ന് അദ്ദേഹം ഭക്ഷണം കഴിക്കുകയും ചെയ്തു.'
'വളരെ ഹാപ്പിയായിട്ടാണ് സൂര്യ പോയത്. സൂര്യയും മമ്മൂക്കയും നേരത്തെ മുതൽ സുഹൃത്തുക്കളാണ്. നമുക്കാണ് ഇരുവരെയും ഒരുമിച്ച് കാണുമ്പോൾ അത്ഭുതം. അവർ ചെന്നൈയിൽ വെച്ചെല്ലാം ഇടയ്ക്കിടെ കാണുകയും സംസാരിക്കുകയും ചെയ്യുന്നവരാണെന്നും', ഷാജി പറയുന്നു.
സംവിധാന മോഹത്തിന്റെ ഭാഗമായി മമ്മൂട്ടിയോട് കഥ പറഞ്ഞപ്പോഴുണ്ടായ അനുഭവങ്ങളും ഷാജി നടുവിൽ വിവരിച്ചു. 'മമ്മൂക്ക പേരൻപ് ചെയ്യുന്ന സമയത്ത് ഊട്ടിയിൽ പോയി ഞാൻ ഒരു കഥ പറഞ്ഞിരുന്നു. ആ സമയത്ത് ഞാൻ പറഞ്ഞ ജോണറിലുള്ള പടം ചെയ്യാൻ മമ്മൂക്ക ആഗ്രഹിച്ചിരുന്നില്ല. അക്കാര്യം അദ്ദേഹം എന്നോട് പറഞ്ഞു.'
'എനിക്കും അത് ശരിയായി തോന്നി. നീ ഇങ്ങനെയുള്ള കഥയല്ല ചെയ്യേണ്ടതെന്ന് പറഞ്ഞ് അദ്ദേഹം ഒരുപാട് ഫയർ ചെയ്തു. വേറൊരു കഥയുമായി വരാനാണ് പറഞ്ഞത്. അപ്പോൾ എനിക്ക് മനസിലായി അദ്ദേഹത്തെ ത്രില്ലടിപ്പിക്കുന്ന ഒരു കഥ വേണം ഞാൻ കണ്ടെത്താനെന്ന്. ഒരു പടമെ ചെയ്തുള്ളുവെങ്കിലും അതിൽ നമ്മുടെ സിഗ്നേച്ചർ ഉണ്ടാവണമെന്ന ആഗ്രഹം എനിക്കുണ്ട്', എന്നുമാണ് സിനിമാ മോഹങ്ങളെ കുറിച്ച് സംസാരിച്ച് ഷാജി നടുവിൽ പറഞ്ഞത്.


Click it and Unblock the Notifications