For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വർഗ്ഗക്കുന്നിലെ കുര്യാക്കോസ്. ഇല്ലായ്മയിൽ നിന്നും ഒരു സിനിമാ സംവിധായകനിലേക്കുള്ള ദൂരം...

  By Desk
  |

  പെരുമ്പാവൂര്‍ സ്വദേശ്ശിയായ ഇമ്മാനുവലിന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു സിനിമാ സംവിധായകന്‍ ആകണം എന്നുള്ളത്. ഇമ്മാനുവേല്‍ സംവിധാനം ചെയ്ത സ്വര്‍ഗ്ഗക്കുന്നിലെ കുരിയാക്കോസ് എന്ന സിനിമ തീയറ്ററില്‍ എത്തിക്കാന്‍ സഹിച്ച കഷ്ടപ്പാടുകള്‍ ഒരു കുന്നോളമുണ്ട്. ഏറിപ്പോയാല്‍ പത്താം ക്ലാസ്സ് അതിലപ്പുറം പഠിക്കാം എന്ന വ്യാമോഹം വേണ്ട. എന്നിട്ടു ചെറിയ വല്ല ജോലിക്കും പോയി കുടുംബം നോക്ക്. വീട്ടില്‍ നിന്നുള്ള ഉത്തരവായിരുന്നു അത്... കഷ്ടപ്പാടും ദാരിദ്ര്യവും നിറഞ്ഞ ജീവിതം. അതായിരുന്നു അങ്ങനൊന്ന് പറയാന്‍ വീട്ടുകാരെ പ്രേരിപ്പിച്ചത്. സ്വന്തമായി ചില്ലറ ജോലികളൊക്കെ നോക്കി അതിർ വരമ്പുകളെ പുഷ്പ്പം പോലെ മായിച്ചു കളഞ്ഞു കൊണ്ട് ഒരു ഡിപ്ലോമയും ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചിത്ര കലയില്‍ ബിരുദവും സ്വന്തമാക്കി. തുടര്‍ന്ന് പഠിക്കണം എന്ന ആഗ്രഹം കൊടുമ്പിരി കൊണ്ട് പ്രണയത്തില്‍ കുരുങ്ങി വിവാഹത്തിലെത്തി. സംവിധാന സ്വപ്നം അവിടെ തീര്‍ന്നു എന്ന് പലപ്പോഴും കരുതി.

  പലയിടങ്ങളിലും അവസ്സരം ചോദിച്ചും ചുറ്റിത്തിരിഞ്ഞു നടന്നും ചുരുക്കത്തില്‍ മറ്റുള്ളവരുടെ മുന്‍പില്‍ നിന്ദാപാത്രമായതു മിച്ചം. വെറുതെ അലഞ്ഞു തിരിഞ്ഞു സമയം കളയുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഇമ്മാനുവേല്‍ മനസ്സിലാക്കി. മൊബൈല്‍ ക്യാമറയിലും മറ്റും ഹ്രസ്വചിത്രം എടുത്തു സ്വന്തമായി സിനിമ പഠിക്കാന്‍ ആരംഭിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങളിലൂടെ ആവശ്യത്തിലധികം ആത്മ വിശ്വാസ്സം സമ്പാദിച്ചു. അങ്ങനെ കൃത്യതയാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ സിനിമാ മോഹികളായ ഒരു കൂട്ടം യുവാക്കളെ ഇമ്മാനുവേലിന് സൗഹൃദമായി ലഭിച്ചു. അങ്ങനെയാണ് സ്വര്‍ഗ്ഗക്കുന്നിലെ കുരിയാക്കോസ് എന്ന സിനിമയിലേക്ക് കടന്നു വരുന്നത്.

  ചെറുത് ആണെങ്കില്‍ കൂടി തുടങ്ങി വച്ച കാര്യങ്ങളെല്ലാം തെറ്റില്ലാത്ത രീതിയില്‍ പൂര്‍ത്തിയാക്കുന്ന ആളായത് കൊണ്ട് ഇമ്മാനുവേലിനെ എല്ലാവര്ക്കും വിശ്വാസമായിരുന്നു. പലരും ദാനമായി കൊടുത്ത രൂപയും അരിയും ആണ് വിശപ്പു മാറ്റാനും മറ്റു കാര്യങ്ങള്‍ക്കും ഉണ്ടായിരുന്നത്. പതിനേഴു ദിവസ്സത്തെ സിനിമാ ഷൂട്ടിങ്ങിനു മേമ്പൊടിയായി വാടകയ്‌ക്കെടുത്ത സിനിമ ഷൂട്ട് ചെയ്യുന്ന ക്യാമറ ഉണ്ടായിരുന്നു. കാശില്ലാത്തവന്റെ വിഡ്ഢിത്തം എന്ന് ഷൂട്ടിംഗ് കാണാന്‍ വന്ന പലരും അയാളെ പരിഹസിച്ചു. നിഷ്‌കളങ്കമായ പുഞ്ചിരി അത് മാത്രമായിരുന്നു ഇമ്മാനുവലിന്റെ മറുപടി.

  അങ്ങനെ പലരുടെയും സഹായം കൊണ്ട് എഡിറ്റിംഗും ഡബ്ബിങ്ങും വരെയെത്തി. സുഹൃത്തുക്കള്‍ ഉണ്ടായിട്ടും പലപ്പോഴും ആരെയും ബുദ്ധിമുട്ടിക്കാതെ ഇമ്മാനുവേല്‍ രാവെന്നും പകലെന്നും ഇല്ലാതെ സിനിമക്ക് വേണ്ടി ഓടി നടന്നു അദ്ധ്വാനിച്ചു. തന്നെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയെന്നോണം എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക് തീയറ്ററില്‍ ഒരു പ്രിവ്യു ഷോ സംഘടിപ്പിച്ചു. സത്യത്തില്‍ ഇമ്മാനുവലിന്റെ ജീവിതം മാറിമറിഞ്ഞത് അവിടെയാണ്. പത്രമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും കുപ്പയിലെ മാണിക്യത്തെ കൊട്ടിഘോഷിച്ചു. മലയാളത്തില്‍ ഇതുവരെ വരാത്ത വ്യത്യസ്തമായ സിനിമ, വ്യത്യസ്തമായ കഥ, മികച്ച സിനിമ, മികച്ച തിരക്കഥ വിശേഷണങ്ങള്‍ ഏറെ ലഭിച്ചുവെങ്കിലും ഇമ്മാനുവേലിനെ സഹായിക്കാന്‍ ആരും വന്നില്ല. അതിനു കാരണം കുറഞ്ഞ ചിലവില്‍ ഷൂട്ട് ചെയ്ത സിനിമ ആണെങ്കിലും അത് തിയേറ്ററില്‍ എത്തണമെങ്കില്‍ മറ്റു സിനിമകളെ പോലെ തന്നെ വലിയൊരു തുക ആവശ്യമുണ്ട്. നിരാശ നിഴലായി കൂടെ നടന്ന ആ ഒരു മാസം അങ്ങനെ കടന്നു പോയി.

  അപ്രതീക്ഷിതമായാണ് അത് സംഭവിച്ചത്. ഇമ്മാനുവലിന്റെ സിനിമ കാണണം ഇഷ്ട്ടപ്പെട്ടാല്‍ ഞാനതു പ്രൊഡ്യൂസ് ചെയ്യാം എന്നൊരു വാഗ്ദാനം. ദുബായില്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുന്ന സിറില്‍ പൈലിത്താനം എന്ന വ്യക്തി ആയിരുന്നു അത്. ഇമ്മാനുവലിന്റെ വ്യത്യസ്തമായ സിനിമാ സമീപനം സിറിലിന് ഏറെ മതിപ്പുളവാക്കി. അങ്ങനെ സിനിമയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ എല്ലാം കഴിഞ്ഞു. സിനിമയുടെ മുഖം തന്നെ മാറി, ദാ ഈ അടുത്ത മാസം മുതല്‍ കേരളക്കരയിലുള്ള തീയറ്ററുകളില്‍ സ്വര്‍ഗ്ഗക്കുന്നിലെ കുരിയാക്കോസ് എന്ന സിനിമ ശക്തമായി ആഞ്ഞടിക്കാന്‍ പോകുകയാണ്. മാത്രമല്ല സ്വര്‍ഗ്ഗക്കുന്നിലെ കുരിയാക്കോസ് തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ പോകുന്നു എന്ന സന്തോഷ വാര്‍ത്ത കൂടിയുണ്ട്.

  അത് കൂടാതെ ഇമ്മാനുവലിന്റെ കഥയിലും തിരക്കഥയിലും മലയാളത്തില്‍ രണ്ടു പ്രോജക്ട് കൂടി വരുന്നു. സ്വപ്നത്തിന്റെ പിറകെ സഞ്ചരിക്കുന്നവര്‍ക്കുള്ള വിജയത്തിന്റെ മറുപടിയാണ് ഇമ്മാനുവലിന്റെ ജീവിതത്തിലൂടെ ജനങ്ങളിലേക്ക് എത്തുന്നത്. എല്ലാവരും ഞങ്ങളുടെ പടത്തിനു കുടുംബസമേതം വരണം.. നല്ലൊരു കൊച്ചു സിനിമയാണിത്. പടം കണ്ടു അഭിപ്രായം പറഞ്ഞു ഞങ്ങളെ പ്രോത്സാഹിപ്പിക്കണം... അത് കൂടാതെ സിനിമ ടിക്കറ്റ് നഷ്ടപ്പെടുത്താതെ സൂക്ഷിക്കണം. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് ക്ലാസ്സിക് 350 ബുള്ളറ്റ് സ്വന്തമാക്കാന്‍ അവസരമുണ്ട്.

  സിനിമ കേവലം ഒരു വിനോദോപാധി എന്നതിനപ്പുറം അതിനൊരു പൊതു സാമൂഹികധര്‍മം ഉണ്ടെന്നു തിരിച്ചറിഞ്ഞു അത് ഒരു പാഷന്‍ ആയി മനസ്സില്‍ സൂക്ഷിക്കുന്ന, സിനിമ എന്ന മാധ്യമത്തോട് അര്‍പ്പണബോധവും സത്യസന്ധതയും കാത്തുസൂക്ഷിക്കുന്ന 45ഓളം യുവാക്കളുടെ പ്രയത്‌നമാണ് സ്വര്‍ഗ്ഗക്കുന്നിലെ കുര്യാക്കോസ് എന്ന സിനിമ. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചു ഫ്രൈഡേ റീല്‍ മൂവീസിന്റെ ബാനറില്‍ സിറില്‍ പൈലിത്താനം നിര്‍മിച്ചു ഹസ്രചിത്രങ്ങളിലൂടെ പ്രശസ്തനായ ഇമ്മാനുവേല്‍ എന്‍ കെ കഥയെഴുതി സംവിധാനം ചെയ്ത സിനിമയില്‍ രാമഭദ്രന്‍ തമ്പുരാനും സംവിധായകന്‍ ഇമ്മാനുവേലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാള സിനിമ ഇതേവരെ കൈകാര്യം ചെയ്യാത്ത ഒരു പ്രമേയമാണ് ഈ സിനിമ അവതരിപ്പിക്കുന്നത്. കലാമൂല്യമുള്ള ചിത്രങ്ങള്‍ നിര്‍മിച്ചു കൊണ്ട് ഈ മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന ഒട്ടേറെപ്പേര്‍ക്ക് ഈ ചിത്രം പ്രചോദനം ആകുമെന്ന കാര്യത്തില്‍ സംശയമില്ല.

  കുര്യാക്കോസ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിയ്ക്കുന്നത് രജീഷ് പുറ്റാട് ആണ്. കാലടി സർവകലാശാലയിൽ നിന്നും നാടകത്തിൽ ബിരുദമെടുത്ത രജീഷ്, മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട് . മാനസിക സംഘർഷങ്ങളുള്ള കുര്യാക്കോസിനെ യാതൊരുവിധ സമ്മർദ്ദങ്ങളുമില്ലാതെ രജീഷ് കാഴ്ച വെച്ചിരിക്കുന്നു. സിന്ധ്യ വിശ്വനാഥ് ആണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചാക്യർകൂത്ത് കലാകാരനായ അനിൽ എളവൂർ ഉൾപ്പെടെയുള്ള മറ്റു നടീനടന്മാരെല്ലാം പക്വതയാർന്ന അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്. യുവ ഛായാഗ്രാഹകനായ ഷിനൂബ് ടി ചാക്കോ ചെയ്ത ഛായാഗ്രഹണം എടുത്തു പറയേണ്ടതാണ്. ബിനീഷ് പുതുപ്പണത്തിന്റെ വരികൾക്ക് വിഷ്ണു ശിവ ഈണം പകർന്നിരിക്കുന്നു. ലിനു കീഴില്ലം ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ആസിഫ് കോട്ടയം (ക്രീയേറ്റീവ് ഡയറക്ടർ), ജോബിൻ ഇഞ്ചപ്പാറ (എഡിറ്റിംഗ്)തുടങ്ങിയവരാണ് മറ്റു അണിയറ ശിൽപികൾ.

  അലസനായ കുര്യാക്കോസിനു ജീവിതത്തിൽ പെട്ടെന്നുണ്ടാവുന്ന മാറ്റങ്ങളെ സിനിമ അതിമനോഹരമായി അവതരിപ്പിക്കുന്നു. നന്മയും സ്നേഹവും മാത്രമല്ല, മഹത്തായ ഒരു സന്ദേശവും ഈ ചിത്രം ഇന്നത്തെ സമൂഹത്തിനു നൽകുന്നു. ജീവിതത്തിൽ തോൽവി ഏറ്റുവാങ്ങുന്നവർക്ക് വിജയത്തിലേക്ക് കുതിക്കുവാൻ ഈ സിനിമ ഒരു പ്രചോദനമാകും. ഈ വർഷം ഫെബ്രുവരി 3 , 4 തീയതികളിൽ സ്വർഗ്ഗക്കുന്നിലെ കുര്യാക്കോസ് എന്ന ഈ ചിത്രം എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയേറ്ററിൽ നടത്തിയ പ്രിവ്യു ഷോയിൽ ധാരാളം പ്രേക്ഷകർ കാണാൻ എത്തിയിരുന്നു. ചിത്രം കണ്ടിറങ്ങിയ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞത് ഈ സിനിമയും അത് നൽകുന്ന സന്ദേശവും പൊതുജനങ്ങളിലെത്തിക്കണം എന്നാണ്. പിന്നീട് കേരളത്തിലുള്ള പ്രമുഖ മാധ്യമങ്ങൾ ഈ ചിത്രത്തെ ചർച്ചാവിഷയമാക്കി.

  (സംവിധായകൻ ഇമ്മാനുവേൽ, നിർമാതാവ് സിറിൽ പൈലിത്താനം, തിരക്കഥാകൃത്ത്‌ രാമഭദ്രൻ തമ്പുരാൻ)

  ഒരു ഗ്രാമം നഗരത്തിൽ നിന്നും അകലെയാണെങ്കിലും പുതിയ സാങ്കേതികവിദ്യകൾ, മൊബൈൽ, യാത്രാസൗകര്യങ്ങൾ ഇവയെല്ലാം ഗ്രാമത്തെയും പിടിമുറുക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ നിന്നും ഒരു ഒളിച്ചോട്ടമോ തിരിച്ചു പോക്കോ സാധ്യമല്ല. അങ്ങനെയുള്ളപ്പോളും ഒരു ഗ്രാമത്തിൽ നിലനിൽക്കുന്ന നന്മ ഈ ചിത്രത്തിലൂടെ ഉയർന്നു വരുന്നു. പെരുമ്പാവൂരിനടുത്തുള്ള വേങ്ങൂർ എന്ന ഗ്രാമത്തിന്റെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ ഒരുക്കിയ ഈ സിനിമയുടെ കഥാപാത്രങ്ങൾ എല്ലാം നമ്മുടെ നിത്യജീവിതത്തിൽ എവിടെയൊക്കെയോ കണ്ടുമുട്ടിയ ആളുകൾ തന്നെയാണ്. അത് കൊണ്ട് തന്നെ പൂർണമായും സിനിമയെ ഉൾകൊള്ളാൻ പ്രേക്ഷകന് സാധിക്കുന്നുണ്ട്.

  (ഷൂട്ടിങ്ങിനിടയിലെ ചില നർമ നിമിഷങ്ങൾ)

  പല സന്ദർഭങ്ങളിലും നമുക്ക് ജീവിതത്തിൽ ഉണ്ടായിട്ടുള്ള അനുഭവങ്ങളിലൂടെ നായക കഥാപാത്രം കടന്നു പോകുന്നത് നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. കുര്യാക്കോസിന്റെ മാനസിക സംഘർഷങ്ങളെ അതിമനോഹരമായിട്ടാണ് രജീഷ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അവിചാരിതമായി ഒരു ത്രില്ലറായി മാറുന്ന ഈ സിനിമ ഓരോ നിമിഷവും പ്രേക്ഷകനെ ആകാംഷാഭരിതനാക്കുന്നതാണ്. നിലവിൽ സമൂഹം ഇനിയും മാറേണ്ട ചില കാര്യങ്ങളിൽ വളരെ ശക്തമായ ഒരു സന്ദേശം നൽകിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.​

  പൂർണമായും റിയലിസ്റ്റിക് ആയി ചിത്രീകരിച്ച ഈ സിനിമ പ്രേക്ഷകനെ തിയേറ്ററിൽ ആകർഷിക്കുമെന്നതിൽ യാതൊരു സംശയവും ഇല്ല. ഒരു കൊമേർഷ്യൽ ചിത്രം ആണെങ്കിൽ കൂടി ഹാസ്യത്തിന്റെ അതിപ്രസരവും, ചോക്ലേറ്റ് മുഖങ്ങളും, ഗ്ലാമറും സ്ഥിരമായി കണ്ടുവരുന്ന പ്രേക്ഷകരിൽ തീർത്തും വ്യത്യസ്തമായ ആയ ഒരു സിനിമ അനുഭവമാണ് നൽകുന്നത്. മലയാളികൾ കുടുംബസമേതം കണ്ടിരിക്കേണ്ട ഒരു സിനിമയാണ് ഇത്. കാരണം മലയാള സിനിമയ്ക്ക് പണ്ടെങ്ങോ നഷ്ടപ്പെട്ടുപോയ ഒരു മൂല്യമുള്ള കഥയും അവതരണശൈലിയും ഈ ചിത്രത്തിലുണ്ട്...

  English summary
  Article about malayalam movie Swargakkunnile Kuriakose
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X