ഭിന്നശേഷിക്കാരനായ ഒരു അനിയനുണ്ട്, 'അമ്മയായിരുന്നു എനിക്കെല്ലാം', അമ്മയുടെ വിയോഗത്തെക്കുറിച്ച് സാജൻ പള്ളുരുത്തി
മലയാളികൾക്ക് സുപരിചിതനായ കലാകാരനാണ് സാജൻ പള്ളുരുത്തി. കോമഡി പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികളുടെ വീട്ടിലെ ഒരംഗത്തെ പോലെയായി മാറിയ താരമാണ് സാജൻ. നാട്ടുകാരെ ചിരിപ്പിക്കാൻ ഇറങ്ങി തിരിക്കുമ്പോൾ സാജന്റെ വ്യക്തിജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. ഒമ്പത് വർഷത്തോളം കാലം കലാരംഗത്ത് നിന്ന് വിട്ടുനിൽക്കേണ്ടി വന്നിട്ടുണ്ട്.
അടുത്തിടെ ഫ്ലവേഴ്സ് ഒരു കോടിയിൽ അതിഥിയായി വന്നപ്പോൾ വ്യക്തി ജീവിതത്തിലുണ്ടായ നഷ്ടങ്ങളെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സാജൻ. ജീവിതത്തിൽ അമ്മയായിരുന്നു എല്ലാം. എല്ലാ കാര്യങ്ങളും നോക്കുന്നതും എനിക്ക് വേണ്ടി കാത്തിരിക്കുന്നതും എല്ലാം അമ്മയാണ്. ഞാൻ എഴുതുന്ന സ്‌ക്രിപ്റ്റ് അമ്മയെയാണ് ആദ്യം വായിച്ചുകേൾപ്പിക്കുന്നത്. അമ്മ സ്ക്രിപ്റ്റ് കേട്ട് ഓക്കെ പറഞ്ഞതിന് ശേഷമാണ് ഞാൻ അത് ഫൈനലൈസ് ചെയ്യുന്നത്, സാജൻ പള്ളുരുത്തി പറഞ്ഞു.

'ഒരുദിവസം ഞാനും അമ്മയും ഉച്ച ഭക്ഷണമൊക്കെ കഴിച്ച് മുറിയിലേക്ക് കിടക്കാൻ പോയി. അപ്പോഴേക്കും അച്ഛൻ വന്നിട്ട് പറയുകയാണ് അമ്മക്ക് സുഖമില്ലെന്ന്. തുടർന്ന് 27 ദിവസം ഐസിയുവിലായിരുന്നു അമ്മ. ആശുപത്രിയിൽ അമ്മക്കൊപ്പം ഞാനാണ് കൂട്ടിരുന്നത്'.
'അമ്മയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായപ്പോൾ വീട്ടിൽ പോയി രാമായണം വായിക്കണമന്ന് തോന്നി. ഡോക്ടറുടെ അനുവാദം വാങ്ങി വീട്ടിൽ വന്ന് രാമായണം വായിക്കുന്ന സമയത്ത് ആംബുലൻസിന്റെ ശബ്ദവും ചലനങ്ങളും എല്ലാം മനസിലേക്ക് ഓടിയെത്തുന്നുണ്ടായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ നിന്ന് കോളും വന്നു. സാജൻ ഉടനെ ആശുപത്രിയിൽ എത്തണം എന്ന് പറഞ്ഞ്. അങ്ങനെ ഉടനെ ആശുപത്രിയിൽ എത്തി'.
'അമ്മ എന്നെ കണ്ടതും കൈയ്യിൽ ഒന്ന് പിടിച്ചു. ആ സമയം തന്നെ അമ്മ പോവുകയും ചെയ്തു'.

'അമ്മക്ക് എന്നെക്കുറിച്ച് ഓർത്ത് വലിയ ഭയം ഉണ്ടായിരുന്നില്ല, പക്ഷെ ഭിന്നശേഷിക്കാരനായ അനിയനെ ഓർത്ത് വലിയ ആശങ്കയായിരുന്നു.
അവന് അമ്മയോടും വളരെ സ്‌നേഹമാണ്. ഇപ്പഴും കുളിപ്പിക്കുമ്പോഴും ഭക്ഷണം കൊടുക്കുമ്പോഴുമെല്ലാം അവൻ ചോദിക്കും അമ്മയെവിടെ, കണ്ടില്ലല്ലോ എന്ന്. ഇതുവരെ അമ്മ മരിച്ച കാര്യം അവൻ അറിഞ്ഞിട്ടില്ല', സാജൻ പറയുന്നു.

'അമ്മയുടെ മരണ ശേഷം ഒമ്പത് വർഷം അച്ഛനും കിടപ്പിലായിരുന്നു. ഒരു മുറിയിൽ അച്ഛനും ഒരു മുറിയിൽ അനിയനും. ഇവരെ നോക്കാൻ വേണ്ടി ഞാൻ അങ്ങ് നിന്നു. ആ ഒമ്പത് വർഷം എനിക്ക് വനവാസമായിരുന്നു. എന്നെ തേടി ഒരുപാട് അവസരങ്ങൾ വന്ന കാലമായിരുന്നു അത്'.
'ചില പരിപാടികൾക്കൊക്കെ പോകുമായിരുന്നു. വിദേശത്തൊക്കെ പോയാൽ പരിപാടി കഴിഞ്ഞ ഉടൻ അടുത്ത ഫ്ലൈറ്റിൽ കയറി നാട്ടിലേക്ക് എത്തും. അപ്പോഴൊക്കെ വീട്ടിൽ നിന്നും വിളി വന്നാൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ എന്ന ടെൻഷനായിരുന്നു'.
Recommended Video

'മരണം ഒരു കർക്കിടകത്തിലായിരുന്നു. രണ്ട് മരണവും അടുത്തു വരുന്നുവെന്ന ഫീൽ തന്നിരുന്നു. അമ്മ മരിച്ചിട്ട് 13 കൊല്ലവും അച്ഛൻ മരിച്ചിട്ട് നാല് കൊല്ലവുമായി. ഇതിനിടെ ഞാനൊന്ന് മരിച്ചു. അത് വാർത്തകളിലും സോഷ്യൽ മീഡിയയിലും വന്നു. ഞാൻ ഭാര്യയെ വിളിച്ചിട്ട് പറഞ്ഞു ഞാൻ മരിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പലരും വിളിക്കുമെന്ന്. ഒരു ഉയർച്ചയുണ്ടെങ്കിൽ ഒരു താഴ്ചയുമുണ്ടാകും. പിന്നെയാണ് ആക്ഷൻ ഹീറോ ബിജുവിലൂടെ സിനിമയിലേക്ക് തിരികെ വരുന്നത്', സാജൻ വ്യക്തമാക്കി.


Click it and Unblock the Notifications