'ബാലുവിന്റെ കൈപിടിച്ച് നടക്കേണ്ട കുഞ്ഞാണ്, തേജസ്വിനി ജീവിച്ചിരുന്നെങ്കിൽ എട്ട് വയസാകുമായിരുന്നു'; ഫോട്ടോ!
ചില അത്ഭുതങ്ങൾ ലോകാവസാനം വരെ ജന മനസിൽ നിലനിൽക്കും. അത്തരത്തിൽ ചുരുങ്ങിയ കാലയളവുകൊണ്ട് ഇതിഹാസമായി മാറിയ അത്ഭുതമാണ് വയലിനിസ്റ്റ് ബാലഭാസ്കർ. കൺമുന്നിൽ നിന്നും മറഞ്ഞിട്ടും ബാലുവിനെ മലയാളികളും സംഗീതപ്രേമികളും മറന്നിട്ടില്ല. കാർ അപകടത്തിന്റെ രൂപത്തിന്റെ രൂപത്തിലെത്തിയ മരണം ബാലഭാസ്കറിനെ മാത്രമല്ല മകൾ തേജസ്വിനി ബാലയുടേയും ജീവൻ കവർന്നിരുന്നു.
ലക്ഷ്മി തനിച്ചാക്കിയാണ് ബാലു മകളേയും കൂട്ടി മറ്റൊരു ലോകത്തേക്ക് പോയത്. വയലിൻ പ്രാണനായിരുന്ന ബാലുവിന്റെ ഓർമകൾക്ക് ആറ് വയസാകുന്നു. ഇപ്പോഴും ബാലുവിനെ ഒരു ചെറുവേദനയോടെ അല്ലാതെ ഓർക്കാനാവില്ല. നാൽപ്പത് വയസ് മാത്രമായിരുന്നു മരിക്കുമ്പോൾ ബാലുവിന്റെ പ്രായം. മകൾ തേജസ്വിനിക്ക് രണ്ട് വയസും.

കാർ അപകടം നടന്ന സ്ഥലത്ത് വെച്ച് തന്നെ മകൾ തേജസ്വിനി മരിച്ചിരുന്നു. ഗുരുതാരവസ്ഥയിലാണ് ബാലുവിനെ ആശുപത്രിയിലെത്തിച്ചത്. പക്ഷെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചിട്ടും നടന്നില്ല. ബാലു തിരികെ ജീവിതത്തിലേക്ക് തിരികെ വരാൻ അന്ന് നെഞ്ചുരുകി പ്രാർത്ഥിച്ചവരാണ് മലയാളികൾ. പതിനാറ് വർഷത്തെ കാത്തിരിപ്പിനും പ്രാർത്ഥനയ്ക്കും ഒടുവിൽ ബാലുവിനും ലക്ഷ്മിക്കും പിറന്ന കുഞ്ഞായിരുന്നു തേജസ്വിനി ബാല.
മകളെ കൊഞ്ചിച്ച് കൊതിതീർന്നിരുന്നില്ല ബാലുവിനും ലക്ഷ്മിക്കും. ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ എട്ട് വയസ് പ്രായമുണ്ടാകുമായിരുന്നു തേജസ്വിനിക്ക്. അച്ഛന്റെ വിരൽത്തുമ്പിൽ തൂങ്ങി സ്കൂളിൽ പോയി തുടങ്ങിയിട്ടുണ്ടാവും. മകളും ഭർത്താവും നഷ്ടപ്പെട്ട ലക്ഷ്മി ആ അപകടത്തിനുശേഷം ഒരിക്കൽ പോലും ലൈം ലൈറ്റിലേക്ക് വന്നിട്ടില്ല.
ഇപ്പോഴിതാ ബാലുവിന്റെയും മകൾ തേജസ്വിനിയുടേയും ഒരു ഡിജിറ്റൽ ആർട്ടാണ് വൈറലാകുന്നത്. സുരേഷ് ഗോപിയുടെ മകൾ ലക്ഷ്മിയുടേയും ചിത്രയുടെ മകൾ നന്ദനയുടേയും ഇപ്പോഴുള്ള പ്രായത്തിലുള്ള ഡിജിറ്റൽ ആർട്ട് ഫോട്ടോ ചെയ്ത ആർട്ടോമാനിക് ഇൻസ്റ്റഗ്രാം പേജ് ഉടമ അബ്ദുവാണ് തേജസ്വിനി ജീവിച്ചിരുന്നെങ്കിലുള്ള രൂപം എങ്ങനെയായിരിക്കുമെന്ന് ഡിജിറ്റൽ ആർട്ട് വഴി ചെയ്ത് എടുത്തത്.
ബാലുവിന്റെ കൈ പിടിച്ച് നിൽക്കുന്ന എട്ട് വയസുകാരി തേജസ്വിനിയുടെ ചിത്രങ്ങൾ ബാലുവിന്റെ ആരാധകർക്കിടയിൽ എല്ലാം വൈറലാണ്. ബാലുവിനെയും മകളേയും കാണുമ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ അനുഭവപ്പെടുന്നുവെന്നാണ് കമന്റുകൾ ഏറെയും. തൃശൂർ വടക്കുംനാഥ ക്ഷേത്ര ദർശനം കഴിഞ്ഞ് വരുമ്പോഴായിരുന്നു ബാലഭാസ്കറിനും കുടുംബത്തിനും അപകടം സംഭവിച്ചത്.

ദൈവം കനിഞ്ഞ് നൽകിയ മകൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയായിരുന്നു ആ യാത്ര. കുഞ്ഞിന്റെ നേർച്ചയുമായി ബന്ധപ്പെട്ടാണ് ബാലഭാസ്കർ കുടുംബസമേതം ക്ഷേത്രത്തിൽ പോയത്. ബാലുവിന്റെയും ലക്ഷ്മിയുടേയും പ്രണയ വിവാഹമായിരുന്നു. 2000ലായിരുന്നു ഇവരുടെ വിവാഹം. പതിനാറ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവർക്കൊരു മകൾ പിറന്നത്.
അപകടം നടക്കുമ്പോൾ ബാലഭാസ്കറിന്റെ മടിയിലായിരുന്നു കുഞ്ഞ്. കാറിന്റെ ചില്ലു തകർത്ത് പുറത്തെടുക്കുമ്പോഴേക്കും കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പേ തേജസ്വിനി മരിച്ചിരുന്നു.


Click it and Unblock the Notifications











