23 വയസിലായിരുന്നു വിവാഹം, സിനിമാ നിര്‍മാണം നഷ്ടമായപ്പോള്‍ രക്ഷയായത് സീരിയലാണെന്ന് നടന്‍ അരുണ്‍ ഘോഷ്
നടനും നിര്‍മാതാവുമൊക്കെയായി തിളങ്ങി നിന്ന താരമാണ് അരുണ്‍ ഘോഷ്. വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അദ്ദേഹം അഭിനയിച്ചിട്ടുള്ളുവെങ്കിലും ഒത്തിരി ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ടായിരുന്നു. പരിജാതം എന്ന സീരിയലിലെ ജെപി എന്ന കഥാപാത്രമായിരുന്നു അരുണിന് ഏറ്റവുമധികം പ്രേക്ഷക പ്രശംസ നേടി കൊടുത്തത്.
അതിലുപരി മലയാളത്തിലെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ് അരുണ്‍ ഘോഷ്. സിനിമാ ജീവിതം പോലെ കുടുംബ ജീവിതവും വിജയകരമായി പോവുകയാണെന്ന് പറയുകയാണ് താരം. വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ 23 വയസില്‍ വിവാഹം കഴിച്ച കഥയും ആദ്യമായി നിര്‍മാതാവ് ആയ കഥയുമൊക്കെ താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

ഡേവിഡ് ചേട്ടന്‍ നിര്‍മ്മിച്ച ഇഷ്ടം എന്ന സിനിമയില്‍ അഭിനയിക്കുകയും നിര്‍മാണത്തില്‍ സഹായിയായി ഞാന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. അങ്ങനെയാണ് സ്വന്തമായി നിര്‍മാണം തുടങ്ങാം എന്ന ആശയം തോന്നതും ഗ്രീറ്റിങ്‌സിലേക്ക് എത്തുന്നതും. 2011 ലാണ് ബിജോയ് ചന്ദ്രനുമായി ചേര്‍ന്ന് ചാന്ദ് വി ക്രിയേഷന്റെ ബാനറില്‍ രണ്ടാമത്തെ സിനിമയായ വെള്ളരിപ്രാവിന്റെ ചങ്ങാതി നിര്‍മ്മിച്ചത്. അത് നഷ്ടമായില്ല. അതോടെ നിര്‍മാണ രംഗത്ത് ഉറച്ചു.

റോമന്‍സ്, ഉത്സാഹ കമ്മിറ്റി, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, ജോര്‍ജേട്ടന്‍സ് പൂരം, വികടകുമാരന്‍ എന്നീ സിനിമകള്‍ നിര്‍മ്മിച്ചു. മരുഭൂമിയിലെ ആന, പൊറിഞ്ചു മറിയം ജോസ് എന്നീ സിനിമകള്‍ വിതരണം ചെയ്തു. ഒരു വര്‍ഷം ഒരു സിനിമ എന്നതാണ് രീതി. നിര്‍മ്മിക്കുന്ന പുതിയ ചി്ത്രത്തിന്റെ ജോലികള്‍ പുരോഗമിക്കുന്നു. പറയാറായിട്ടില്ല.

ഇതുവരെ 25 സീരിയലുകളോളം ചെയ്തു. പരിജാതത്തിലെ ജെപി ഒക്കെ ഇപ്പോഴും ആളുകള്‍ ഓര്‍ത്തിരിക്കുന്നു എന്നതാണ് സന്തോഷം. ഒരുപാട് അംഗീകാരങ്ങള്‍ നേടി തന്ന വേഷമാണ് ജയപ്രകാശ് എന്ന ജെപി. അതേ പോലെ മിന്നുകെട്ടിലെ സതീഷ്. മാനസപുത്രിയിലെ ഗിരി ഒക്കെ എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. 2010 ല്‍ സീരിയല്‍ വിട്ടു. സ്വപ്‌നക്കൂട് ആണ് അവസാനം ചെയ്തത്. സമയ കുറവാണ് കാരണം.

സിനിമാ നിര്‍മാണത്തിലും തിയറ്റര്‍ ബിസിനസിലും സജീവമായപ്പോള്‍, ഒരു മാസം പതിനഞ്ച് ദിവസം തിരുവനന്തപുരത്ത് ചെന്ന് നില്‍ക്കാന്‍ ബുദ്ധിമുട്ടായി. ആമ്പല്ലൂരിലെ ചാന്ദ് വി, ശ്രീരാമം എന്നീ തിയറ്ററുകളിലും ഞാന്‍ പങ്കാളിയാണ്. സിനിമയില്‍ ഐവി ശശി സാര്‍ സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. ശേഷം ഇഷ്ടം, കേരള പോലീസ്, റോമന്‍സ്, വികടകുമാരന്‍, തുടങ്ങി കുറേ ചിത്രങ്ങള്‍ ചെയ്തു. കഥാപാത്രത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണ്.

23 വയസില്‍ ഞാന്‍ കല്യാണം കഴിച്ചു. പ്രിയയും ഞാനും പ്രണയത്തിലായിരുന്നു. ഇന്നസെന്റ് കഥകളില്‍ പ്രിയയുടെ അനിയത്തി അഭിനയിച്ചിരുന്നു. അങ്ങനെയാണ് പരിചയപ്പെട്ടത്. രണ്ട് പെണ്‍മക്കളാണ് ഞങ്ങള്‍ക്ക്. മൂത്തമോള്‍ ശിവാനി ഘോഷ് പ്ലസ് വണ്ണിനും ഇളയവള്‍ വൈഗ ഘോഷ് ആറാം ക്ലാസിലും പഠിക്കുന്നു. മൂത്ത മോളുടെ കല്യാണമാകുമ്പോഴെക്കും ഞാന്‍ പയ്യനായിട്ട് തന്നെ നില്‍ക്കും എന്ന് തമാശ പറയാറുണ്ട്. ഇപ്പോള്‍ 41 വയസായി. പലരും ചോദിക്കും എങ്ങനെയാണ് ഇപ്പോഴും ചെറുപ്പമായി നില്‍ക്കുന്നതെന്ന്. സത്യം പറയാമല്ലോ? രഹസ്യങ്ങളൊന്നുമില്ല. ജിമ്മില്‍ പോലും പോകുന്ന ആളല്ല ഞാന്‍. ഇനി തുടങ്ങണമെന്നുണ്ട്.


Click it and Unblock the Notifications