'ദിലീപേട്ടന്റെ ജീവിതവുമായി ബന്ധപ്പെടുത്തി ഡയലോഗ് എഴുതിയിട്ടില്ല, പ്രണവ് ഭാവിയിൽ നല്ല നടനായി മാറും'; അരുൺ!
രാമലീലയ്ക്ക് ശേഷം ദിലീപും അരുൺ ഗോപിയും ഒന്നിച്ച ബാന്ദ്ര റിലീസിന് തയ്യാറെടുക്കുകയാണ്. സിനിമയുടെ റിലീസിന് പത്ത് ദിവസം മാത്രം ശേഷിക്കെ പ്രമോഷൻ തിരക്കുകളിലാണ് സംവിധായകൻ അരുൺ ഗോപിയും നായകൻ ദിലീപും.
ആഗ്രഹിച്ച് മോഹിച്ച് സ്വതന്ത്ര്യ സംവിധായകനായി സിനിമ ചെയ്ത് റിലീസിന് ഒരുങ്ങവെ വന്ന വിവാദങ്ങളും പ്രതിസന്ധികളും മൂലം ഭാവി സിനിമാ ജീവിതം തന്നെ ഇരുട്ടിലായിപ്പോയ സംവിധായകനായിരുന്നു അരുൺ ഗോപി.
പ്രതീക്ഷകൾ കൈ വിടാതെ മുന്നോട്ട് എന്നുള്ള മനോഭാവത്തിൽ സഞ്ചരിച്ചതുകൊണ്ട് മാത്രമാണ് തകർന്നുപോകുമായിരുന്ന കരിയർ ഉയർത്തി കൊണ്ടുവരാൻ അരുൺ ഗോപിക്ക് സാധിച്ചത്. സച്ചിയുടെ തിരക്കഥയിലാണ് രാമലീല ഒരുക്കിയത്. സിനിമയുടെ ഷൂട്ടിങ് അടക്കമുള്ള എല്ലാ ജോലികളും പൂർത്തിയായ ശേഷമാണ് നായകൻ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതും റിമാന്റ് ചെയ്യുന്നതും.

അതോടെ രാമലീല സിനിമ തീർന്നുവെന്ന് കരുതിയിരുന്നവരെ അമ്പരപ്പിച്ചുകൊണ്ട് കുറച്ച് നാളുകൾക്ക് ശേഷം രാമലീല തിയേറ്ററുകളിൽ റിലീസ് ചെയ്യുകയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.
സിനിമ റിലീസ് ചെയ്ത സമയത്ത് ചിത്രത്തിലെ പല ഡയലോഗുകളും ദിലീപിന്റെ ജീവിതവുമായി ബന്ധപ്പെടുത്തി ന്യായീകരിക്കാനായി വീണ്ടും അണിയറപ്രവർത്തകർ കുത്തി കയറ്റിയതാണെന്ന തരത്തിൽ ആരോപണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം കഴമ്പില്ലാത്ത ആരോപണങ്ങളാണെന്നും സ്ക്രിപ്റ്റ് ലോക്ക് ചെയ്ത ശേഷമാണ് ഷൂട്ടിങ് തുടങ്ങിയതെന്നും പറയുകയാണ് അരുൺ ഗോപി.
കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തിലെ ഉയർച്ച താഴ്ചകളെ കുറിച്ച് അരുൺ ഗോപി സംസാരിച്ചു. തന്റെ ആദ്യ സിനിമയുടെ തിരക്കാഥാകൃത്ത് എന്നതിലുപരിയായി ഒരു ആത്മബന്ധം സച്ചിയുമായി അരുൺ ഗോപിക്ക് ഉണ്ടായിരുന്നു.
അതുകൊണ്ട് തന്നെ സച്ചിയുടെ വേർപാടുണ്ടാക്കിയ വേദനയിൽ അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുമ്പോൾ പോലും അരുണിന് വാക്കുകൾ ഇടറും. 'സച്ചിയേട്ടൻ ഇല്ലാത്തത് വലിയൊരു ശൂന്യതയാണ്. ഇരുപത്തിഒന്നാം നൂറ്റാണ്ടിന് ശേഷം നമുക്ക് മറ്റൊരു സിനിമ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹം കൂടെയുള്ളത് എപ്പോഴും ഒരു ബലമായിരുന്നു. നല്ലൊരു ആളായിരുന്നു.'

'പക്ഷെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. രാമലീലയിൽ ഒരു ഡയലോഗും കുത്തികയറ്റിയിട്ടില്ല. എല്ലാം സംഭവിക്കുന്നതിന് മുമ്പ് തന്നെ സച്ചിയേട്ടൻ ഈ ഡയലോഗുകൾ എഴുതിയിരുന്നു. വളരെ നേരത്ത തന്നെ സ്ക്രിപ്റ്റ് ലോക്ക് ചെയ്തിരുന്നു. 2016 ജൂണിലാണ് ഫൈനൽ സ്ക്രിപ്റ്റ് എഴുതി പൂർത്തിയാക്കി മൂകാംബികയിൽ നിന്നും പൂജിച്ച് കൊണ്ടുവരുന്നത്.'
'ആ സ്ക്രിപ്റ്റിലെ ഒരു വരിപോലും വെട്ടുകയോ തിരുത്തകയോ മാറ്റുകയോ ചെയ്തിട്ടില്ല. ക്ലൈമാക്സിലേക്ക് സച്ചിയേട്ടൻ പുതിയ ഡയലോഗ് എഴുതി തന്നിരുന്നു. പക്ഷെ ഞാൻ അത് എടുത്തില്ല. സ്ക്രിപ്റ്റിൽ ഉള്ളത് തന്നെ മതിയെന്ന് അദ്ദേഹത്തോട് ഞാൻ പറഞ്ഞു. അതാണ് പിന്നീട് ഷൂട്ട് ചെയ്തതും. സച്ചിയേട്ടൻ കൈപ്പടയിൽ എഴുതിയ സ്ക്രിപ്റ്റ് ഇപ്പോഴും എന്റെ കയ്യിലുണ്ട്.'
'ആളുകൾ ഞങ്ങൾ ഡയലോഗ് കുത്തി കയറ്റിയെന്ന് തെറ്റിദ്ധരിച്ചെങ്കിൽ ഒന്നും പറയാൻ പറ്റില്ല. കാരണം അവർക്ക് സത്യാവസ്ഥ അറിയില്ല. അപ്പോൾ അവർ ഇങ്ങനെയൊക്കയെ ചിന്തിക്കൂ. ഞാനും സച്ചിയേട്ടനും ഒരുമിച്ച് യാത്ര ചെയ്യുമായിരുന്നുവെന്നും', അരുൺ ഗോപി പറയുന്നു. രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്തത് ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആയിരുന്നു.
പക്ഷെ സിനിമ പരാജയപ്പെടുകയും ഒരുപാട് വിമർശനങ്ങൾ അരുണിനും നായകൻ പ്രണവ് മോഹൻലാലിനും കേൾക്കേണ്ടി വന്നു. പ്രണവ് ഭാവിയിൽ നല്ല നടനായി മാറാനുള്ള സാധ്യതയുണ്ടെന്നും അരുൺ ഗോപി പറയുന്നു. 'വിമർശനം ഞാൻ ആ സിനിമയ്ക്ക് കേൾക്കേണ്ടതാണ്. വ്യക്തിഹത്യ നടത്താതിരുന്നാൽ മതി.'
'ഒരു സിനിമകൊണ്ട് ആരെയും വിലയിരുത്തരുത്. എന്റെ തീരുമാനങ്ങളിൽ ഒരു പാളിച്ചയുണ്ടായിരുന്നു. എനിക്ക് നോ പറയാൻ ബുദ്ധിമുട്ടാണ്. പ്രണവിന് പറ്റാത്തതൊന്നുമല്ല. നമ്മുടെ ജെഡ്ജ്മെന്റിന്റെ കുഴപ്പമാണ്. ഭാവിയിൽ പ്രണവ് മികച്ച നടനെന്ന രീതിയിൽ രൂപപ്പെടാൻ സാധ്യതയുള്ള ഒരാളാണ്. പ്രണവ് എല്ലാത്തിനോടും വളരെ ചില്ലാണ്. ഒരു സിനിമ കമ്മിറ്റ് ചെയ്താൽ അതിന്റെ സംവിധായകൻ പറയുന്നതിന് അനുസരിച്ച് ചെയ്യാൻ പ്രണവ് എപ്പോഴും തയ്യാറാണെന്നും', അരുൺ ഗോപി പറയുന്നു.


Click it and Unblock the Notifications











