'മാനസീകവും ശാരീരികവുമായി പീഡിപ്പിച്ച ഭർത്താവ്, അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ ഉപദേശം, എന്നെ പ്രശ്നക്കാരിയാക്കി'
സൗഭാഗ്യ വെങ്കിടേഷിന്റെ വ്ലോഗുകളിലൂടെയാണ് വിദ്യയെ പ്രേക്ഷകർക്ക് പരിചയം. അർജുന്റെ ജേഷ്ഠൻ അരുണിന്റെ നല്ലപാതിയാണ് ഇന്ന് വിദ്യ. അടുത്തിടെയായിരുന്നു ഇരുവരുടേയും വിവാഹം. ഒമ്പത് വർഷമായി സിംഗിൾ മദറായി ജീവിക്കുകയായിരുന്നു വിദ്യ. ഒരു മകളുണ്ട്. വിദ്യ വിവാഹമോചിതയാണെന്ന് മാത്രമാണ് സൗഭാഗ്യ വിദ്യയെ കുറിച്ച് സംസാരിച്ചപ്പോഴെല്ലാം പറഞ്ഞത്. ഇപ്പോഴിതാ താൻ ആദ്യ വിവാഹശേഷം അനുഭവിച്ച ക്രൂരതകൾ വെളിപ്പെടുത്തുകയാണ് വിദ്യ. ഭർത്താവിന്റെ മർദ്ദനവും പീഡനവും മൂലം കഴിഞ്ഞ ദിവസങ്ങളിൽ അതുല്യ, വിപഞ്ചിക എന്നീ പെൺകുട്ടികൾ ആത്മഹത്യ ചെയ്ത വാർത്ത പുറത്ത് വരികയും വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു.
ആ വാർത്തകൾ വായിച്ചപ്പോഴാണ് താൻ അനുഭവിച്ച ദുരിതങ്ങൾ പുറം ലോകത്തോട് തുറന്ന് പറയണമെന്ന് തോന്നിയതെന്ന് വിദ്യ പറയുന്നു. ഭർത്താവിൽ നിന്നും ഉപദ്രവം കൂടിയപ്പോൾ പലരുമായി അനുഭവങ്ങൾ പങ്കുവെച്ചുവെന്നും എന്നാൽ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാനാണ് അവരെല്ലാം ഉപദേശിച്ചതെന്നും വിദ്യ പറയുന്നു.

പങ്കാളികൾ മൂലമുണ്ടാകുന്ന വേദന കാരണം ജീവിതം അവസാനിപ്പിച്ച സ്ത്രീകളെക്കുറിച്ചുള്ള ഹൃദയഭേദകമായ ചില വാർത്തകൾ നാം അടുത്തിടെയായി നിരന്തരം കേൾക്കുന്നു. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. കാരണം ഞാനും ഒരു സമയത്ത് ആ ഘട്ടത്തിലൂടെ ജീവിച്ചിട്ടുണ്ട്. അത്തരം ദുരിതം അനുഭവിക്കുന്നവർ ഉണ്ടെങ്കിൽ അതിൽ നിന്നും പുറത്ത് കടക്കാൻ അവർക്ക് എന്റെ അനുഭവ കഥ ശക്തി നൽകുമെന്ന് പ്രതീക്ഷിച്ച് എന്റെ കഥ പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു.
നാല് വർഷത്തെ ശാരീരികവും സാമ്പത്തികവും വൈകാരികവും വേദനാജനകമായ പീഡനത്തെ അതിജീവിച്ചതിനുശേഷം ഒമ്പത് വർഷം മുമ്പ് ഞാൻ എന്റെ മുൻ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടി. എന്നെപ്പോലുള്ള സ്ത്രീകളോട് സമൂഹം എങ്ങനെ പ്രതികരിക്കുന്നുവെന്ന് ആ സമയത്ത് ഞാൻ മനസിലാക്കി.
ചിലർ എന്നോട് എല്ലാം അഡ്ജസ്റ്റ് ചെയ്യാൻ പറഞ്ഞു. പല സ്ത്രീകളും അവരുടെ വിവാഹ ജീവിതത്തിൽ ഇതുതന്നെയാണ് അനുഭവിക്കുന്നതെ പറഞ്ഞു. അയാളുടെ അക്രമാസക്തമായ പെരുമാറ്റത്തിൽ നിന്ന് എന്നെയും എന്റെ കുഞ്ഞിനെയും സംരക്ഷിക്കാൻ ശ്രമിച്ചപ്പോൾ ഞാനാണ് അയാളെ ഇത്തരം കാര്യങ്ങൾക്ക് പ്രകോപിപ്പിക്കുന്നതെന്നുള്ള കുറ്റവും ചിലർ എന്റെ മേൽ ആരോപിച്ചു. അത് ഞെട്ടിപ്പിക്കുന്നതും ഹൃദയഭേദകവുമായിരുന്നു.
ജീവിതം അവസാനിപ്പിക്കാൻ ഞാൻ ചിന്തിച്ച ദിവസങ്ങളുണ്ടായിരുന്നു. പക്ഷെ എന്റെ കുഞ്ഞിന് ഒരു വയസ് മാത്രമായിരുന്നു പ്രായം. അങ്ങനെ അവൾക്ക് വേണ്ടി ജീവിക്കാൻ തീരുമാനിച്ചു. ഒരു ദിവസം എന്റെ മാതാപിതാക്കളെ വിളിക്കാൻ ഞാൻ ധൈര്യം സംഭരിച്ചു. എനിക്ക് സുഖമില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. ശരിയായ ഭക്ഷണമില്ല, വസ്ത്രമില്ല, സമാധാനവുമില്ല. എന്റെ ശരീരത്തിലെ മുറിവുകൾ കണ്ടപ്പോൾ അവർ കരഞ്ഞു.

എന്നെ വീട്ടിലേക്ക് കൊണ്ടുപോയി. ശേഷം അവർ എനിക്ക് ഏറ്റവും ശക്തമായ സമ്മാനം നൽകി. സ്വന്തം തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം. എന്നിട്ടും ചില ബന്ധുക്കൾ ആശ്വാസത്തേക്കാൾ കൂടുതൽ ആശയക്കുഴപ്പം എന്നിൽ സൃഷ്ടിച്ചു. എനിക്കും എന്റെ കുഞ്ഞിനും ഭക്ഷണം ഉണ്ടോ ഞങ്ങൾ സുഖമായിരിക്കുന്നുണ്ടോയെന്ന് അവർ ഒരിക്കലും ചോദിച്ചില്ല.
പകരം ഞാൻ എന്ത് ജോലി ചെയ്യുന്നു?. ഞാൻ എപ്പോൾ വീട്ടിലെത്തി?. എങ്ങനെ ജീവിക്കുന്നു എന്നതിനെ കുറിച്ച് അവർ കൂടുതൽ ആശങ്കാകുലരായിരുന്നു. ഞാൻ ദൃഢനിശ്ചയം ചെയ്തു. കഠിനാധ്വാനം ചെയ്യാൻ ഞാൻ തയ്യാറായിരുന്നു. കുറച്ച് വർഷങ്ങൾക്കുശേഷം ഞാൻ എന്റെ കുട്ടിയുമായി അവളുടെ സ്കൂളിനടുത്തുള്ള ഒരു സ്ഥലത്തേക്ക് താമസം മാറി. ഞങ്ങളുടെ ജീവിതശൈലി പതുക്കെ മാറി. ഇന്ന് ഞങ്ങൾ സമാധാനപരവും സന്തുഷ്ടവുമായ ഒരു ജീവിതം നയിക്കുന്നു.
ധൈര്യത്തോടെയും പ്രതീക്ഷയോടെയും ഞങ്ങൾ കെട്ടിപ്പടുത്ത ഒന്ന്. ഇത് വായിക്കുന്ന എല്ലാ സ്ത്രീകളോടുമായി പറയട്ടെ... ദയവായി ഇത് അവസാനമാണെന്ന് വിശ്വസിക്കരുത്. നിങ്ങളുടെ ഇന്നത്തെ സാഹചര്യം നിങ്ങളുടെ ഭാവിയെ നിർവചിക്കുന്നില്ല. എല്ലായ്‌പ്പോഴും പുതിയ അവസരങ്ങൾ, പുതിയ വഴികൾ, മികച്ച ദിവസങ്ങൾ മുന്നിലുണ്ട്. നിങ്ങൾ വിചാരിക്കുന്നതിലും ശക്തരാണ് നിങ്ങൾ.
സമൂഹത്തിനോട് പറയാനുള്ളത്... നിങ്ങൾക്ക് ഒരാളെ പിന്തുണയ്ക്കാൻ കഴിയുന്നില്ലെങ്കിൽ കുറഞ്ഞത് അവരെ ഒന്നിലേക്കും തള്ളിവിടാതിരിക്കുക. വേദനിപ്പിക്കുന്ന വാക്കുകളേക്കാൾ നല്ലത് നിങ്ങളുടെ മൗനമാണ്. മാന്യമായി സംസാരിക്കുക. ബുദ്ധിപൂർവ്വം പ്രവർത്തിക്കുക. ആരാണ് അതിജീവിക്കാൻ പാടുപെടുന്നതെന്ന് നിങ്ങൾക്ക് ഒരിക്കലും അറിയില്ല എന്നായിരുന്നു വിദ്യയുടെ കുറിപ്പ്.


Click it and Unblock the Notifications