ഞാൻ ജീനിയസാണെന്ന് അന്ന് തോന്നി, കുറഞ്ഞ സമയത്തിനുള്ളിൽ പല സ്വപ്നങ്ങളും കണ്ടു; അനുഭവം പറഞ്ഞ് അരവിന്ദ് സ്വാമി
ഇന്ത്യയിൽ നിന്നുള്ള ചെസ് ഗ്രാൻഡ്‌മാസ്റ്ററും ഫിഡെയുടെ മുൻലോക ചെസ് ചാമ്പ്യനും ലോക ചെസ് കിരീടം നേടിയ ആദ്യ ഏഷ്യാക്കാരനുമായ വിശ്വനാഥൻ ആനന്ദിനെ അറിയാത്ത ഇന്ത്യക്കാർ ചുരുക്കമായിരിക്കും. തമിഴ്നാട്ടിൽ ജനിച്ച് വളർന്ന ആനന്ദ് ആറാം വയസ് മുതൽ ചെസ് കളിച്ച് തുടങ്ങിയതാണ്. അമ്മയാണ് ചെസ്സിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്നതും ബാല പാഠങ്ങൾ പഠിപ്പിച്ച് കൊടുത്തതും. നടനായ അരവിന്ദ് സ്വാമി വിശ്വനാഥൻ ആനന്ദിന്റെ ക്ലാസ്മേറ്റും സുഹൃത്തുമാണ്. സ്കൂളിലും കോളേജിലുമെല്ലാം ഇരുവരും ഒരുമിച്ചായിരുന്നു.
ഇപ്പോഴിതാ വിശ്വനാഥൻ ആനന്ദിനൊപ്പമുള്ള രസകരമായ അനുഭവം പങ്കിട്ട അരവിന്ദ് സ്വാമിയുടെ പഴയൊരു വീഡിയോയാണ് വീണ്ടും വൈറലാകുന്നത്. വർഷങ്ങൾക്ക് മുമ്പ് നടൻ പ്രകാശ് രാജുമായി നടത്തിയ സൗഹൃദ സംഭാഷണത്തിനിടെയാണ് രസകരമായ കഥ നടൻ പങ്കുവെച്ചത്. ഞാനും ആനന്ദും സ്കൂളിൽ ഒരുമിച്ചാണ് പഠിച്ചത്. ലയോള കോളേജിലും ഒരുമിച്ചായിരുന്നു പഠിച്ചത്.

സ്കൂൾ മുതൽ നല്ല സുഹൃത്തുക്കളാണ്. മാത്രമല്ല അദ്ദേഹത്തിന് യാത്രകളും ചാമ്പ്യൻഷിപ്പുമൊന്നും ഇല്ലാത്ത സമയങ്ങളിൽ ഞങ്ങൾ സമയം കണ്ടെത്തി സൗഹൃദം പുതുക്കും. വളരെ നല്ല വ്യക്തിത്വമാണ്. അസാധാരണ മനുഷ്യനാണ്. ചെസ്സിൽ മാത്രമല്ല ജ്യോതിശാസ്ത്രത്തിലും ആനന്ദിന് താൽപര്യമുണ്ട്. ഒരു ദിവസം ആനന്ദിനൊപ്പം ചെസ് കളിക്കാനിരുന്നു.
ട്രയൽ ചെയ്ത് ആദ്യം നോക്കാം. റിലാക്സ് ചെയ്ത് കളിക്കൂ. അതിനുശേഷം സീരിയസ് ഗെയിമിലേക്ക് കടക്കാമെന്നാണ് ആനന്ദ് പറഞ്ഞത്. എന്നെ കംഫേർട്ട് ചെയ്യുന്നതിന് വേണ്ടിയായിരുന്നു ആ ഗെയിം. അങ്ങനെ ഗെയിം ആരംഭിച്ചു. ഞങ്ങൾ രണ്ടുപേരും കൂടി ഇരുപതോളം മൂവ്സ് നടത്തി. വിശ്വനാഥൻ ആനന്ദിനൊപ്പം ഒരു ട്രെയിനിങ്ങുമില്ലാതെ ഇരുപതോളം മൂവ്സ് നടത്തിയല്ലോ.
അതുകൊണ്ട് ഇനി ജൂനിയർ ചാമ്പ്യൻഷിപ്പ്, സ്റ്റേറ്റ് ലെവൽ മത്സരങ്ങൾ എന്നിവ പോലുള്ളവയിൽ മത്സരിക്കാൻ പേര് കൊടുക്കണം എന്നൊക്കെ മനസിൽ ചിന്തിച്ചു. കാരണം വിശ്വനാഥൻ ആനന്ദിനൊപ്പം ഇത്ര നന്നായി ഗെയിം കളിക്കാൻ പറ്റുന്നുണ്ടെങ്കിൽ ഞാൻ ഒരു ജീനിയസാണല്ലോ.
ആനന്ദിനൊപ്പം ഇരുപതോളം മൂവ്സ് നടത്തുക എന്നതൊക്കെ വലിയ കാര്യമാണല്ലോ. ഇതുവരെ ഞാൻ എന്റെ ഈ കഴിവ് കണ്ടുപിടിച്ചിട്ടില്ലായിരുന്നു. ഞാൻ ഒരു ജീനിയസാണെന്നത് ഞാൻ തന്നെ തിരിച്ചറിയാൻ വൈകി എന്നൊക്കെയാണ് ആ സമയത്ത് ചിന്തിച്ചുകൊണ്ടിരുന്നത്. ശേഷം ഞങ്ങൾ ട്രയൽ ഗെയിം അവസാനിപ്പിച്ച് സീരിയസായി കളിച്ച് തുടങ്ങി. നാല്, അഞ്ച് കരുക്കൾ നീക്കി കഴിഞ്ഞപ്പോഴേക്കും ആനന്ദ് എന്ന തോൽപ്പിച്ചു.

ആനന്ദ് ചെക്ക് മേറ്റ് വിളിച്ചതോടെ അതുവരെ ഞാൻ മനസിൽ ചിന്തിച്ച് കൂട്ടിയതെല്ലാം ഒരു നിമിഷത്തിൽ ഇല്ലാതെയായി. ആദ്യമെ ആനന്ദിന് ഇത് ചെയ്യാമായിരുന്നില്ലേ..? വെറുതെ ഓരോ ആഗ്രഹങ്ങൾ തന്നു. ഞാൻ എന്തൊക്കെ സ്വപ്നങ്ങൾ കുറച്ച് സമയത്തിനുള്ളിൽ കണ്ടുവെന്നോ... അരവിന്ദ് സ്വാമി പറഞ്ഞു.
നടന്റെ ക്ലാസ്മേറ്റായിരുന്നതുകൊണ്ട് തന്നെ പ്രണയവും ക്രഷും ഒന്നുമുണ്ടായിരുന്നില്ലെന്നും അന്നേ പെൺകുട്ടികളുടെ ക്രഷ് അരവിന്ദ് ആയിരുന്നുവെന്നും അതുകൊണ്ട് പെൺകുട്ടികൾക്കൊന്നും തങ്ങളെ താൽപര്യമില്ലായിരുന്നുവെന്നുമാണ് വിശ്വനാഥൻ ആനന്ദ് മറ്റൊരു അഭിമുഖത്തിൽ സുഹൃത്തിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. അരവിന്ദിന്റെ ഇതുവരെ ഇറങ്ങിയ സിനിമകളെല്ലാം വിശ്വനാഥൻ ആനന്ദ് കണ്ട് കഴിഞ്ഞു.
സുഹൃത്തിനെ കുറിച്ചുള്ള അരവിന്ദിന്റെ വാക്കുകൾ വളരെ വേഗത്തിൽ വൈറലായി. ഇരുവരുടേയും സൗഹൃദത്തെ പ്രശംസിച്ചാണ് ഏറെയും കമന്റുകൾ. അമ്പത്തിനാലുകാരനായ അരവിന്ദ് മോഡലിങ്ങിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ആദ്യ സിനിമ ദളപതിയായിരുന്നു. പിന്നീട് മണിരത്നം സിനിമ റോജയിൽ നായകനായി. അതിനുശേഷമാണ് അരവിന്ദ് സ്വാമി എന്ന പേര് പ്രേക്ഷകർക്കിടയിൽ ആഘോഷിക്കപ്പെട്ട് തുടങ്ങിയത്.


Click it and Unblock the Notifications











