'ആറ് ലക്ഷം കൊടുത്തവരെ പറഞ്ഞാൽ മതി, ഇത്തരം ആളുകളെ കൊണ്ടുവന്ന് പരിപാടി ചെയ്യിപ്പിക്കാൻ എല്ലാവരും തയ്യാർ'
അടുത്ത കാലത്തായി യുവതലമുറയുടെ ഹരമായി മാറുന്ന ഗായകനും റാപ്പറും ഗാനരചയിതാവുമെല്ലാമാണ് ഡബ്സി. തല്ലുമാല എന്ന ചിത്രത്തിലെ മണവാളൻ തഗ് എന്ന ഗാനത്തിലൂടെ റാപ്പറായി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച ഡബ്സി ഇതിനോടകം ഇല്ലുമിനാറ്റി അടക്കം നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സിനിമയിൽ പിന്നണി പാടിയ ഗാനങ്ങളെല്ലാം ഹിറ്റായതോടെ കേരളത്തിലും വിദേശത്തുമെല്ലാം നിരവധി ലൈവ് ഷോകൾ നടത്താനുള്ള അവസരവും ഡബ്സിക്ക് ലഭിക്കുന്നുണ്ട്.
എന്നാൽ അടുത്തിടെ സൗദി അറേബ്യയിൽ നടത്തിയ ഷോയുടെ പേരിൽ വലിയ വിമർശനമാണ് ഗായകന് സോഷ്യൽമീഡിയ വഴി ലഭിക്കുന്നത്. ആറ് ലക്ഷത്തോളം രൂപ പ്രതിഫലമായി നൽകിയാണ് പ്രവാസി മലയാളികൾ സൗദി അറേബ്യയിൽ ഷോ നടത്താനായി ഡബ്സിയെ കൊണ്ടുവന്നത്. ടിക്കറ്റ് വെച്ച് നടത്തിയ ഷോയിൽ നല്ല ജനപങ്കാളിത്തവുമുണ്ടായിരുന്നു.

എന്നാൽ നല്ലൊരു മ്യൂസിക്ക് കോൺസേർട്ട് ആസ്വദിക്കാൻ എത്തിയവരെ ഡബ്സി നിരാശപ്പെടുത്തി. നല്ല ഗാനങ്ങളോ റാപ്പോ അവതരിപ്പിക്കാതെ പഴഞ്ചൊല്ലും ചില വാക്കുകളും മറ്റും പറഞ്ഞ് അലറി വിളിക്കുകയാണ് ഗായകൻ ചെയ്തത്. മലബാർ എന്നടക്കം അലറി വിളിച്ച് ഡബ്സി പറയുന്നതെല്ലാം സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ വ്യക്തമാണ്. കാശ് മുടക്കി പരിപാടി ആസ്വദിക്കാൻ എത്തിയവരെ ഡബ്സി പരിഹസിച്ചുവെന്ന തരത്തിലാണ് വിമർശനം.
പാട്ട് പാടാതെ ഡയലോഗും ആർപ്പ് വിളിയുമായി ആളുകളെ കയ്യിലെടുക്കാൻ ഡബ്സി ശ്രമിച്ചെങ്കിലും നടന്നില്ല. പാടാൻ അറിയാത്തതുകൊണ്ടാണോ പദങ്ങൾ പെറുക്കിയെടുത്ത് പറയുന്നതെന്ന തരത്തിൽ വരെ വിമർശനങ്ങളുണ്ട്. ഗായകന്റെ പെരുമാറ്റത്തിൽ അതൃപ്തരായ കാണികൾ അസ്വസ്ഥത പ്രകടിപ്പിക്കുന്നതും പ്രതിഷധേമെന്നോണം പ്രതികരിക്കുന്നതും വൈറൽ വീഡിയോയിൽ കാണാം.
ഡബ്സി വിഷയത്തിൽ നടിയും അവതാരകയുമായ ആര്യ ബഡായ് കുറിച്ചതെന്ന തരത്തിൽ ഒരു കമന്റും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം ആളുകളെ കൊണ്ടുവന്ന് ലക്ഷങ്ങൾ മുടക്കി പരിപാടി ചെയ്യിപ്പിക്കാൻ എല്ലാവരും തയ്യാറാണെന്നും എന്നാൽ കഷ്ടപ്പെട്ട് ഇന്റസ്ട്രിയിൽ പിടിച്ച് നിൽക്കുന്നവർ നൂറ് രൂപ കൂട്ടി ചോദിച്ചാൽ പോലും പലർക്കും തരാൻ മടിയാണെന്നുമുള്ള തരത്തിൽ ആര്യ കമന്റ് കുറിച്ചുവെന്നാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്.
ഇത്തരം ആളുകളെ കൊണ്ടുവന്ന് ലക്ഷങ്ങൾ മുടക്കി പരിപാടി ചെയ്യാൻ എല്ലാവർക്കും വലിയ ഉത്സാഹമാണ്. എന്നാൽ കഷ്ടപ്പെട്ട് ഇന്റസ്ട്രിയിൽ പിടിച്ച് നിൽക്കുന്ന ഒരു ആർട്ടിസ്റ്റ് നൂറ് രൂപ കൂടുതൽ ചോദിച്ചാൽ അപ്പോൾ ദാരിദ്ര്യം പറയും. പിന്നെ അവരെ ഒരു പരിപാടിക്കും വിളിക്കുകയുമില്ല... കഷ്ടം തന്നെ എന്നാണ് സോഷ്യൽമീഡിയയിൽ ആര്യയുടെ പേരിൽ പ്രചരിച്ച കമന്റ്.

വിദേശത്ത് ഷോകൾ നിരന്തരമായി ചെയ്യാറുള്ള ആർട്ടിസ്റ്റുകളിൽ ഒരാളാണ് ആര്യ. നടിയുടെ കമന്റ് വൈറലായതോടെ ആര്യ പറഞ്ഞത് ശരിയാണെന്ന അഭിപ്രായമാണ് പ്രേക്ഷകർക്കും. റോഡ് സൈഡിൽ പാടുന്ന പാട്ടുകാർ ഡബ്സിയെക്കാൾ അടിപൊളിയായി പാടും, പെൻഡ്രൈവ് എടുക്കാൻ മറന്നതുകൊണ്ടാണോ പാടാത്തത് എന്നിങ്ങനെ നീളുന്നു ഡബ്സിയെ വിമർശിച്ച് വന്ന കമന്റുകൾ. ഒരു മാസം മുമ്പാണ് ഒരു വർഷത്തേക്ക് ഇടവേളയെടുക്കുന്നതായി ഡബ്സി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞത്.
എന്റെ വ്യക്തിപരമായ വളർച്ചയിലും സർഗത്മകതയിലും ശ്രദ്ദ കേന്ദ്രീകരിക്കാൻ ഒരു വർഷത്തെ ഇടവേള എടുക്കാൻ ഞാൻ തീരുമാനിച്ചു. ഇത് വെറുമൊരു ഇടവേളയെടുക്കൽ മാത്രമല്ല. ഒരു ചുവട് വെയ്ക്കുന്നത് പുതിയ ആശയങ്ങളുമായി തിരികെ വരാനും റീചാർജ് ആവാനും പുതിയ പ്രചോദനങ്ങൾ കണ്ടെത്താനും എന്നെ സഹായിക്കും എന്നാണ് ഡബ്സി കുറിച്ചത്.
ഇടവേളയെടുക്കുകയാണെന്ന് പറഞ്ഞ താരം എങ്ങനെയാണ് വീണ്ടും സ്റ്റേജ് ഷോകളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതെന്ന തരത്തിലും ഗായകന് എതിരെ സോഷ്യൽമീഡിയയിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്. അടുത്തിടെ മാർക്കോ സിനിമയിൽ ഡബ്സി പാടിയ ഗാനം പിന്നീട് അണിയറപ്രവർത്തകർ പിൻവലിച്ചതും അടുത്തിടെ വലിയ ചർച്ചയായ ഒന്നായിരുന്നു.


Click it and Unblock the Notifications