ഇതാണ് ആ വീഡിയോ, ഖുഷിയും ഞാനും ഇത്ര ശബ്ദത്തിൽ മുമ്പ് 'യെസ്' പറഞ്ഞിട്ടില്ല; സിബിൻ പ്രപ്പോസ് ചെയ്തത് ഇങ്ങനെ!
അടുത്തിടെയായിരുന്നു ആര്യ ബഡായിയുടേയും സിബിന്റെയും വിവാഹം. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. തന്നെ ഏറ്റവും നന്നായി മനസിലാക്കിയിട്ടുള്ള അടുത്ത സുഹൃത്തിനെ തന്നെ ജീവിത പങ്കാളിയാക്കിയാലോ എന്ന ചിന്തയിൽ നിന്നാണ് വിവാഹ ആലോചനയുമായി സിബിൻ ആദ്യം ആര്യയെ സമീപിക്കുന്നത്. കേട്ടപ്പോൾ ആര്യയ്ക്കും അത് നല്ലൊരു ആശയമായി തോന്നി. കാരണം ആര്യയെ സിബിനോളം മറ്റാരും മനസിലാക്കിയിട്ടില്ല.
എല്ലാ ദിവസവും മണിക്കൂറുകളോളം സംസാരിക്കുകയും പല കാര്യങ്ങളും ഉപദേശവും സഹായവും ആര്യ ചോദിക്കാറുള്ളതും സിബിനോടാണ്. ആര്യ സമ്മതം പറഞ്ഞുവെങ്കിലും ആര്യയുടെ മകൾ ഖുഷിയുടെ പ്രതികരണം കൂടി അറിയണമെന്നത് സിബിന് നിർബന്ധമായിരുന്നു. അമ്മയുടെ ബെസ്റ്റ് ഫ്രണ്ടായ സിബിനുമായി നല്ലൊരു ബോണ്ടിങ് ഖുഷിക്കും ഏറെക്കാലമായുണ്ട്.

അങ്ങനൊരാൾ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുന്നത് നല്ലതാണെന്ന് ഖുഷിക്കും തോന്നിയതോടെ ആര്യയും സിബിനും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. എന്നിരുന്നാലും ആര്യയ്ക്ക് വേണ്ടി ഒരു സർപ്രൈസ് പ്രപ്പോസൽ സിബിൻ ഹോളിവുഡ് സ്റ്റൈലിൽ നടത്തിയിരുന്നു. അൽപ്പം റൊമാന്റിക്കും ഫാന്റസിയും ഫെയറി ടെയ്ലും എല്ലാം ഇഷ്ടപ്പെടുന്ന ആര്യയ്ക്കും അതൊരു വലിയ സർപ്രൈസായിരുന്നു.
ആര്യയുടെ പിറന്നാൾ ദിനത്തിൽ ഒരു റിങ്ങുമായി എത്തിയായിരുന്നു സിബിൻ പ്രപ്പോസ് ചെയ്തത്. അന്ന് ആര്യ യെസ് പറയും മുമ്പ് പിന്നിൽ നിന്ന മകൾ ഖുഷിയാണ് ആദ്യം ഉച്ചത്തിൽ യെസ് വിളിച്ച് പറഞ്ഞത്. ഇങ്ങനൊരു വീഡിയോയുണ്ടെന്ന് അടുത്തിടെ പല അഭിമുഖങ്ങളിലും ആര്യ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ആദ്യമായി ആ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ആര്യ. ആര്യ പറഞ്ഞത് ശരിയാണ്. ആര്യ യെസ് പറയും മുമ്പ് തന്നെ ഖുഷി യെസ് പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. 2014 സെപ്റ്റംബർ 17ന് എന്റെ ഫ്ലാറ്റിന്റെ കതകും തുറന്ന് ഞാൻ ഉള്ളിലേക്ക് നടന്ന് വരുമ്പോൾ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഘട്ടത്തിലേക്ക് ഞാൻ കടക്കാൻ പോവുകയാണെന്ന് ഞാൻ ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല.
എല്ലാ വർഷവും എനിക്ക് കിട്ടാറുള്ളതുപോലെ ഒരു നോർമൽ സർപ്രൈസ് ബർത്ത് ഡെ പാർട്ടി ആയിരിക്കും അല്ലാതെ അതിന് അപ്പുറത്തേക്ക് എന്തെങ്കിലും അവിടെ സംഭവിക്കുമെന്ന് ഞാൻ ചിന്തിച്ചിട്ടേയില്ല. പക്ഷെ എന്റെ ജീവിതത്തിലെ ഏറ്റവും ഹാപ്പിയസ്റ്റായ ഒരു കാര്യം കൂടി അന്നേ ദിവസം സംഭവിച്ചു.

സിബിൻ എന്നെ പ്രപ്പോസ് ചെയ്തു. ഞാനും ഖുഷിയും ചേർന്ന് ഏറ്റവും വലിയ ശബ്ദത്തിൽ ജീവിതത്തിൽ ആദ്യമായി ഒരു യെസ് പറഞ്ഞ ദിവസം കൂടിയായിരുന്നു അന്ന്. ഈ പ്രപ്പോസൽ വീഡിയോ നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കിടുന്നുവെന്നാണ് വീഡിയോ പങ്കുവെച്ച് ആര്യ കുറിച്ചത്. പന്ത്രണ്ട് വയസുകാരിയായ മകളുടെ അമ്മ വീണ്ടും വിവാഹിതയാകേണ്ട ആവശ്യമുണ്ടോയെന്ന തരത്തിലായിരുന്നു സിബിനുമായുള്ള എൻഗേജ്മെന്റ് ചിത്രങ്ങൾ ആര്യ പുറത്തുവിട്ടപ്പോൾ പ്രധാനമായും ലഭിച്ച കമന്റുകൾ.
എന്നാൽ ആര്യയുടെ ഭർത്താവ് എന്നതിലുപരി ഖുഷിയുടെ ഡാഡ്സില്ല റോളിലാണ് സിബിൻ കൂടുതൽ തിളങ്ങുന്നത്. സംഗീത് നൈറ്റിൽ സിബിനെ കുറിച്ച് ഖുഷി പറഞ്ഞ വാക്കുകളും വൈറലായിരുന്നു. ഇനിയുള്ള ജീവിതത്തിൽ തന്റെ ഡാഡ്സില്ല ഇല്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ലെന്നാണ് ഖുഷി പറഞ്ഞത്.
സിബിന് ചിഞ്ചുവുമായുള്ള ആദ്യ വിവാഹത്തിൽ ഒരു മകനുണ്ട്. ഓട്ടിസ്റ്റിക്കായ കുഞ്ഞ് സിബിന്റെ മുൻ ഭാര്യയുടെ സംരക്ഷണയിലാണ്. കുഞ്ഞിനെ കാണാൻ മുൻഭാര്യ അനുവദിക്കുന്നില്ലെന്ന് സിബിൻ ആരോപിച്ചിരുന്നു. ആര്യയുടെ ആദ്യ വിവാഹം നടി അർച്ചന സുശീലന്റെ സഹോദരൻ രോഹിത്തുമായിട്ടായിരുന്നു. ഖുഷി പിറന്നശേഷമാണ് ഇരുവരും വേർപിരിഞ്ഞത്.


Click it and Unblock the Notifications