'പുഷ് ചെയ്താണ് കുഞ്ഞ് പുറത്തേക്ക് വന്നത്, അവസാനം ശ്വാസം കിട്ടുന്നില്ലായിരുന്നു, മരിച്ചെന്ന് കരുതി'; ദീപ്തി
തന്റേതെന്ന് പറഞ്ഞ് സ്നേഹിക്കാൻ 23 വർഷങ്ങൾക്ക് ശേഷം ഒരു കുഞ്ഞ് അനിയത്തിയെ കിട്ടിയ സന്തോഷത്തിലാണ് നടി ആര്യ പാർവതി. കുറച്ച് ദിവസം മുമ്പാണ് തന്റെ അമ്മ ഇരുപത്തി മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു കുഞ്ഞിനെ പ്രസവിച്ചുവെന്ന സന്തോഷം ആര്യ സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്.
ചെമ്പട്ട്, ഇളയവള്‍ ഗായത്രി എന്നീ സീരിയലുകളിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടിയാണ് ആര്യ. ഇന്‍സ്റ്റഗ്രാമില്‍ ഏറെ ആരാധകരുള്ള ആര്യ പങ്കുവെയ്ക്കുന്ന റീലുകളും ഡാന്‍സ് ഷോര്‍ട്ട് വിഡിയോകളും ശ്രദ്ധിക്കപ്പെടാറുണ്ട്.
അമ്മയുടെ പ്രസവത്തിന് ശേഷം അമ്മയെ നോക്കാനും പരിചരിക്കാനുമെല്ലാം ആര്യയാണ് മുന്നിൽ നിൽക്കുന്നത്. ഇപ്പോഴിത തന്റെ പ്രസവം വളരെ കോംപ്ലിക്കേറ്റഡായിരുന്നുവെന്നും ഒരു നിമിഷമെത്തിയപ്പോൾ മരിച്ചുവെന്ന് തന്നെ കരുതിയെന്നും പറയുകയാണ് ആര്യയുടെ അമ്മ ദീപ്തി ശങ്കർ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ.
'ആര്യയെ പ്രസവിക്കുന്ന സമയത്തുണ്ടായ സിംറ്റംസ് ആയിരുന്നു വാവ ഉണ്ടായപ്പോഴും കാണിച്ചത്. ആര്യയെ ഗർഭിണിയായിരുന്നപ്പോൾ ഞാൻ ഫുൾ ബെഡ് റെസ്റ്റായിരുന്നു. ഇപ്പോഴത്തെ കുഞ്ഞിന്റെ കാര്യത്തിൽ വെറും മൂന്ന് മാസം മാത്രമെ ഞാൻ വെറുതെ ഇരുന്നിട്ടുള്ളു.'

'കുഞ്ഞിന്റെ തല പുറത്തോട്ട് വരുന്നില്ലായിരുന്നു. അതിനാൽ ഒരുപാട് ബുദ്ധിമുട്ടി. സിസേറിയൻ ചെയ്യാനും ആ സമയത്ത് സാധിക്കുമായിരുന്നില്ല. ഒരുപാട് വേദന തിന്നു. പക്ഷെ ഞാൻ അപ്പോഴും കരഞ്ഞിരുന്നില്ല. ഭയങ്കര കോംപ്ലിക്കേറ്റഡായിരുന്നു. എന്റെ ഡെലിവറി സമയത്ത് സഹായിക്കാനായി ആ ലേബർ റൂമിൽ ഒരുപാട് നഴ്സുമാരുണ്ടായിരുന്നു.'
'വയസ് ആയതുകൊണ്ട് സിസേറിയൻ ആയിരിക്കുമെന്നാണ് എന്നോട് എല്ലാവരും പറഞ്ഞത്. ലാസ്റ്റ് മൊമന്റിൽ പുഷ് ചെയ്താണ് കുഞ്ഞ് പുറത്തേക്ക് വന്നത്. ആ സമയത്ത് എനിക്ക് ശ്വാസം കിട്ടുന്നില്ലായിരുന്നു. അതോടെ ഞാൻ തീർന്നുവെന്നാണ് ഞാൻ കരുതിയത്.'

'സൊസൈറ്റി എന്ത് വിചാരിക്കും എന്നത് ഞങ്ങളുടെ വിഷയമായിരുന്നില്ല. ആര്യയുടെ പ്രശസ്തിക്ക് വേണ്ടിയല്ല ഞങ്ങൾ ഇതൊക്കെ എല്ലാവരോടും പങ്കുവെച്ചത്. അവൾക്ക് ഒരു മൈലേജിന് വേണ്ടിയാണ് ഞങ്ങൾ ഇതൊക്കെ ചെയ്തതെന്നും ആരും പറയരുത്. അങ്ങനെ കരുതരുത്' ദീപ്തി ശങ്കർ പറഞ്ഞു.
കുഞ്ഞിനെ ആദ്യം കൈയ്യിൽ വാങ്ങാൻ സാധിച്ചില്ലെന്നും കൈകൾ ആ സമയത്ത് വിറക്കുകയായിരുന്നുവെന്നുമാണ് ആര്യ പാർവതി പറയുന്നത്. 'എല്ലാവരും സന്തോഷത്തിലാണ്. പക്ഷെ എനിക്ക് ഞാൻ വിചാരിച്ചതിനേക്കാൾ സന്തോഷമുണ്ട്. വാവയെ ചെക്കപ്പിന് കൊണ്ടുപോകുമ്പോഴും അവൾക്ക് ചെറിയ വയ്യായ്ക വരുമ്പോഴും അവൾ കരയുമ്പോഴും എനിക്കും ഇപ്പോൾ ഒരു അമ്മയ്ക്ക് വരുന്നപോലെ സങ്കടം വരുന്നുണ്ട്.'

'ഞാൻ ബാംഗ്ലൂരിൽ നിന്നും വരും മുമ്പ് തന്നെ അമ്മയെ ലേബർ റൂമിൽ കേറ്റിയിരുന്നു. നോർമൽ ഡെലിവറിയായിരിക്കില്ല സിസേറിയൻ ആയിരിക്കുമെന്നാണ് പറഞ്ഞത്. പക്ഷെ അതൊന്നും വേണ്ടി വന്നില്ല. അമ്മയ്ക്ക് നോർമൽ പ്രസവമായിരുന്നു.'
'പക്ഷെ അമ്മ നന്നായി കഷ്ടപ്പെട്ടു. കുഞ്ഞിനെ കാണാനുള്ള എക്സൈറ്റ്മെന്റിന് അപ്പുറം അമ്മയുടെ ആരോഗ്യം എനിക്ക് പ്രധാനപ്പെട്ടതായിരുന്നു. അമ്മയെ എനിക്ക് ലൈഫ് ലോങ് കൂടെ വേണം. അതുകൊണ്ട് അമ്മയെ ഡെലിവറിക്ക് കേറ്റിയപ്പോൾ മുതൽ പ്രാർഥനയിലായിരുന്നു ഞാൻ.'

'വാവയെ കൈയ്യിൽ വാങ്ങാൻ എനിക്ക് പറ്റിയില്ല. കാരണം കൈയ്യെല്ലാം വിറക്കുകയായിരുന്നു. അമ്മയുടെ സഹോദരിയാണ് കുഞ്ഞിനെ വാങ്ങിയത്. അമ്മയേയും കുഞ്ഞിനേയും കാണാൻ നിരവധി നഴ്സുമാരൊക്കെ വരുമായിരുന്നു.'
'പുതിയ കുഞ്ഞ് വന്നപ്പോൾ എനിക്ക് ആദ്യം കുശുമ്പൊന്നും ഇല്ലായിരുന്നു. പക്ഷെ അമ്മയുടെ മടിയിൽ വാവ ഇങ്ങനെ കുറേനേരെ ഇരുന്ന് കാണുമ്പോൾ ചെറിയ വിഷമം വരുമായിരുന്നു. പക്ഷെ ഇപ്പോൾ അതൊക്കെ മാറി.'

'ആദ്യ പാർവതി എന്നാണ് പേരിട്ടിരിക്കുന്നത്. പാലുവെന്നാണ് വീട്ടിൽ വിളിക്കുന്നത്' ആര്യ പാർവതി പറഞ്ഞു. ആശുപത്രിയിലെ എല്ലാ കാര്യവും ആര്യയാണ് മുമ്പിൽ നിന്ന് ചെയ്തതെന്നും തനിക്ക് ഒന്നും അറിയേണ്ടി വന്നില്ലെന്നുമാണ് ആര്യയുടെ അച്ഛൻ പറയുന്നത്. 'ഒരു കുഞ്ഞ് കൂടി വന്നതിൽ ഒരുപാട് സന്തോഷം തോന്നി.'
'ആര്യയോട് ഗർഭിണിയാണെന്ന് പറയണ്ടേയെന്ന് ഞാനാണ് ആദ്യം ചോദിച്ചത്. ആര്യയ്ക്ക് വിഷമമാകുമോ എന്നതായിരുന്നു എന്റെ പേടി. ആശുപത്രിയിലെ എല്ലാ കാര്യവും ആര്യയാണ് മുമ്പിൽ നിന്ന് ചെയ്തത്. എനിക്കൊന്നിനും ബുദ്ധിമുട്ടേണ്ടി വന്നില്ല' ആര്യയുടെ അച്ഛൻ പറഞ്ഞു.


Click it and Unblock the Notifications