ജീവനായി കരുതിയ മകളുടെ ആത്മഹത്യ! കാന്‍സറില്‍ പൊലിഞ്ഞ മകനും! ഏറ്റവും വലിയ ദു:ഖത്തെക്കുറിച്ച് പറഞ്ഞത്
തന്റെ ശബ്ദത്തിലൂടെയായി ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയ ഗായികയാണ് ആശ ഭോസ്ലെ. ഇന്ത്യന്‍ സംഗീതത്തിലെ അതുല്യ പ്രതിഭകളിലൊരാള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗായികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ പ്രാര്‍ത്ഥനയിലായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഗായിക. ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നുവെന്നായിരുന്നു കൊച്ചുമകളും, ഗായികയുമായ സനൈ ഭോസ്ലെ കുറിച്ചത്.
നെഞ്ചുവേദനയെ തുടര്‍ന്നാണ് ഗ്രാന്‍ഡ്മയെ ആശുപത്രിലേക്ക് മാറ്റിയത്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം. ട്രീറ്റ്‌മെന്റുകളെല്ലാം നന്നായി നടക്കുന്നു. വൈകാതെ തന്നെ പോസിറ്റീവ് വാര്‍ത്ത വരുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അവര്‍ കുറിച്ചിരുന്നു. കേള്‍ക്കാനാഗ്രഹിച്ചത് ശുഭവാര്‍ത്തയാണെങ്കിലും ഗായിക മറ്റൊരു ലോകത്തേക്ക് മടങ്ങിയെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ഗായിക ലത മങ്കേഷ്‌ക്കറുടെ സഹോദരിയാണ് ആശ. 92 വയസായിരുന്നു. വ്യത്യസ്ത ഭാഷകളിലായി പതിനായിരത്തലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് അവര്‍. ഗായക കുടുംബത്തിലായിരുന്നു ആശയുടെ ജനനം. അച്ഛനായിരുന്നു ആദ്യ ഗുരു. പിന്നീട് ചേച്ചിയും. ആദ്യം ചലച്ചിത്ര മേഖലയിലേക്കെത്തിയത് ലതയായിരുന്നു. സൂപ്പര്‍ഹിറ്റ് ഗായികയായി ലത മങ്കേഷ്‌കര്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് സഹോദരിയും രംഗപ്രവേശനം ചെയ്യുന്നത്.
തുടക്കകാലത്ത് ബുദ്ധിമുട്ടായിരുന്നുവെങ്കിലും പിന്നീട് തന്റേതായ ശൈലിയും, സ്ഥാനവും നേടിയെടുക്കുകയായിരുന്നു ആശ. തന്റെ മാനേജര്‍ കൂടിയായിരുന്ന ഗണ്‍പത് റാവുവിനെയായിരുന്നു അവര്‍ വിവാഹം ചെയ്തത്. പ്രായവ്യത്യാസവും, പൊരുത്തക്കേടുകളുമൊക്കെയായിരുന്നു വിവാഹ ജീവിതത്തില്‍. പ്രതീക്ഷയോടെ തുടങ്ങിയതാണെങ്കിലും കയ്‌പേറിയ അനുഭവങ്ങളായിരുന്നു.
വിഖ്യാത ഗായികയായി ലോകം വാഴ്ത്തുമ്പോഴും സ്വകാര്യ ജീവിതത്തില്‍ അഗ്നിപരീക്ഷണങ്ങളായിരുന്നു ഗായിക നേരിട്ടത്. വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകളും, മക്കളുടെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ചുമൊക്കെ 'എ ലൈഫ് ഇന്‍ മ്യൂസിക്' എന്ന ജീവചരിത്രത്തില്‍ അവര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. 16ാം വയസില്‍ 20 വയസ് പ്രായവ്യത്യാസമുള്ള ഗണ്‍പത് റാവുവിനെ വിവാഹം ചെയ്യുമ്പോള്‍ കുടുംബം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
വേദനകളെ സന്തോഷമായി കാണുന്ന സാഡിസ്റ്റ് സ്വഭാവമായിരുന്നു ഭര്‍ത്താവിന്. ഗര്‍ഭിണിയായിരുന്നപ്പോള്‍ പോലും വളരെ മോശമായ അനുഭവങ്ങളായിരുന്നു. ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അത്പരാജയപ്പെടുകയായിരുന്നു. ഹേമന്ദ് ഭോസ് ലെ, വര്‍ഷ ഭോസ് ലെ, ആനന്ദ് ഭോസ് ലെ, മൂന്ന് മക്കളായിരുന്നു ഗായികയ്ക്ക്. ചെറുപ്രായത്തില്‍ തന്നെ രണ്ട് മക്കളുടെ വിയോഗം കാണേണ്ടി വന്നു. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി ഗായിക പറഞ്ഞത് മക്കളുടെ വിയോഗത്തെക്കുറിച്ചായിരുന്നു.
ആ വേദന മരണം വരെ അവരെ അലട്ടിയിരുന്നു. കടുത്ത ഡിപ്രഷനിലായിരുന്നു മൂത്ത മകളായ വര്‍ഷ. നിരവധി തവണ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. 2012 ലായിരുന്നു വര്‍ഷയുടെ മരണം. അര്‍ബുദത്തോട് പൊരുതിയായിരുന്നു ഹേമന്ദിന്റെ മരണം. 2015 ലായിരുന്നു വിയോഗം. മക്കളുടെ വിയോഗത്തില്‍ ഉള്ളുലഞ്ഞപ്പോഴും അവര്‍ പാട്ട് നിര്‍ത്തിയിരുന്നില്ല. വേദനകളൊന്നും കാണിക്കാതെ വേദികളില്‍ സജീവമാവുകയായിരുന്നു അവര്‍.ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അന്ന് അവര്‍ക്ക് ആശ്വാസമായതും പാട്ടായിരുന്നു. ഇളയ മകനായിരുന്നു പിന്നീട് നിഴലായി അമ്മയോടൊപ്പം നിന്നത്. കാര്യങ്ങളെല്ലാം നോക്കിയിരുന്നത് അദ്ദേഹമായിരുന്നു. ആശ ഭോസ് ലെയുടെ കൊച്ചുമകളും പിന്നണി ഗാനരംഗത്ത് സജീവമാണ്.


Click it and Unblock the Notifications











