ലാലേട്ടന്റെ മുഖത്ത് അടിക്കേണ്ടി വന്ന നിമിഷം; ഓര്‍ക്കാന്‍ വയ്യാത്ത നിമിഷമാണത്, മനസ് തുറന്ന് ആശ ശരത്ത്
സസ്‌പെന്‍സുകള്‍ നിറഞ്ഞ് ദൃശ്യം 2 പ്രേക്ഷകരിലേക്ക് എത്തി. കൊവിഡ് കാലമായത് കൊണ്ട് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് വമ്പന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ആദ്യ ഭാഗം ഉണ്ടാക്കിയ ജനപ്രീതി നിലനിര്‍ത്താന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളെല്ലാം മികവുറ്റ പ്രകടനം കാഴ്ച വെക്കുകയും ചെയ്തു.
തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം
അതേ സമയം സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ടൊരു രംഗത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ആശ ശരത്ത്. മോഹന്‍ലാലിന്റെ മുഖത്ത് അടിക്കേണ്ട രംഗം ചെയ്തത് എങ്ങനെയാണെന്നും വീണ്ടും ദൃശ്യത്തില്‍ അഭിനയിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമാണെന്നും നടി പറയുന്നു.

എന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവ് തന്നെയാണ് ദൃശ്യം 2 വിലെ ഗീതാ പ്രഭാകര്‍. ദൃശ്യം ലൊക്കേഷനില്‍ എനിക്ക് ഒത്തിരി ഒത്തിരി ഓര്‍മ്മകളാണുള്ളത്. എല്ലാം പോസിറ്റീവ് ആയിട്ടുള്ളത് തന്നെ. ഒരു കൂട്ടുകെട്ടിന്റെ വിജയം തന്നെയാണ് ദൃശ്യത്തിന്റെ വിജയം. ചിത്രത്തില്‍ വളരെ കരുത്തുറ്റ കഥാപാത്രമായിരുന്നു എന്റേത്. എക്കാലവും എന്നെ പ്രേക്ഷകര്‍ ഓര്‍മ്മിക്കുന്ന പോലീസ് ഓഫീസര്‍ തന്നെയാണ് ഗീതാ പ്രഭാകര്‍. എനിക്കേറെ അത്ഭുതവും വിസ്മയവും തീര്‍ത്ത അനുഭവമായിരുന്നു ദൃശ്യത്തിലേത്.

പറയാന്‍ ഏറെയുണ്ട് എങ്കിലും ലാലേട്ടനുമായുള്ള ഒരു സീനാണ് ഇന്നുമെന്നെ അത്ഭുതപ്പെടുത്തുന്നത്. ഞാന്‍ ലാലേട്ടന്റെ മുഖത്തടിക്കുന്ന ഒരു സീനുണ്ട് ചിത്രത്തില്‍. എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. എന്റെ കഥാപാത്രത്തിന് അങ്ങനെയൊരു സീന്‍ അനിവാര്യമായിരുന്നു. ഞാന്‍ ലാലേട്ടന്റെ മുഖത്തടിക്കുക, അയ്യോ എനിക്ക് ഓര്‍ക്കാന്‍പോലും വയ്യ. പക്ഷേ ലാലേട്ടനും ജിത്തു സാറും വളരെ കൂളായിട്ട് തന്നെയാണ് ആ സീനെടുത്തത്. ലാലേട്ടന്‍ പറഞ്ഞു കഥാപാത്രമാണ് അതിലൊന്നും ഒരു കാര്യവുമില്ല.

അങ്ങനെ വളരെ രസകരമായിട്ടായിരുന്നു ആ സീന്‍ ഷൂട്ട് ചെയ്തത്. എങ്കിലും ആ ഞെട്ടല്‍ ഇന്നുമെന്നെ വിട്ട് പോയിട്ടില്ല. വളരെയേറെ ആന്തരിക സംഘര്‍ഷമുള്ള കഥാപാത്രമാണ് ഗീതാ പ്രഭാകര്‍. ഏക മകന്റെ ഓര്‍ക്കാപ്പുറത്തുള്ള വേര്‍പാട്, സത്യം തെളിയിക്കപ്പെടാതിരിക്കുക, ഉയര്‍ന്ന പോലീസ് ഓഫീസറായിരുന്നിട്ടും ഒരു സാധാരണക്കാരനാല്‍ കബളിപ്പിക്കപ്പെടുക, അങ്ങനെ മാനസികമായി വളരെയധികം തകര്‍ന്ന ഒരു സ്ത്രീയാണ് ഗീതാ പ്രഭാകര്‍. വളരെയേറെ ആര്‍ജ്ജവമുള്ള ആ വേഷം എനിക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

ജിത്തു സാറിനോടും ലാലേട്ടനോടും ഒത്തിരി സ്‌നേഹമുണ്ട്. എല്ലായിടത്തു നിന്നും പോസിറ്റീവായ ധാരാളം മെസ്സേജുകള്‍ വരുന്നുണ്ട്. ദൃശ്യത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹമായി തന്നെ കാണുന്നു. ഇതുവരെ ചെയ്ത എല്ലാ വേഷങ്ങളും ദൈവാനുഗ്രഹത്താല്‍ ശ്രദ്ധേയവും മികച്ചതുമായിരുന്നു. ഇപ്പോള്‍ ദൃശ്യം 2 വിലെ ഗീതാ പ്രഭാകറെയും നിങ്ങള്‍ ഏറ്റെടുത്തതില്‍ ഒത്തിരി ഒത്തിരി നന്ദി.


Click it and Unblock the Notifications











