ആശ ശരത്തിന് പിന്നാലെ മകളും സിനിമയിലേയ്ക്ക്; ഉത്തരയുടെ ആദ്യ ചിത്രം അമ്മയ്ക്കൊപ്പം
ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആശാ ശരത്ത്. അഭിനേത്രി എന്നതിൽ ഉപരി നർത്തകി കൂടിയായ ആശ ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത കുങ്കപ്പൂവ് എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകരുടെ മുന്നിൽ ആദ്യമായി എത്തുന്നത്. ആദ്യ പരമ്പരയിലൂടെ തന്നെ നടി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. പിന്നീട് ബിഗ് സ്ക്രീനിലും ചുവട് വയ്ക്കുകയായിരുന്നു . സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ സിനിമാ പ്രവേശനം. പിന്നീട് മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.

ആശാ ശരത്തിന് പിന്നാലെ മകൾ ഉത്തര ശരത്തും സിനിമയിൽ ചുവട് വയ്ക്കുകയാണ്. അമ്മയ്ക്കൊപ്പമാണ് മകളുടെ സിനിമ പ്രവേശനം. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം സംവിധായകൻ മനോജ് കാന ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഉത്തര ശരത്തിന്റെ സിനിമാ പ്രവേശനം. 'ഖെദ്ദ' എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. എഴുപുന്നയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങ് നടന്നത്. എ.എം. ആരിഫ് എം.പി. തിരക്കഥാകൃത്ത് ജോണ്‍പോള്‍, സുധീര്‍ കരമന തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മാണം. ബെന്‍സി പ്രൊഡക്ഷന്റെ പത്താമത് ചിത്രമാണിത്. ആശാ ശരത്തിനും ഉത്തര ശരത്തിനുമൊപ്പം അനുമോള്‍, സുധീര്‍ കരമന, സുദേവ് നായര്‍, ജോളി ചിറയത്ത് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. സംസ്ഥാന പുരസ്‌കാരം നേടിയ 'കെഞ്ചിര'യുടെ ടീമാണു 'ഖെദ്ദ'യ്ക്കു പിന്നിലും പ്രവര്‍ത്തിക്കുന്നത്. ക്യാമറ: പ്രതാപ് വി നായര്‍, വസ്ത്രാലങ്കാരം: അശോകന്‍ ആലപ്പുഴ, എഡിറ്റര്‍: മനോജ് കണ്ണോത്ത്.രാജ്യാന്തര ചലച്ചിത്ര മേളയില്‍ പുരസ്‌കാരം നേടിയ ചായില്യം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ അമീബ എന്നിവയാണ് മനോജ് കാന സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.
Recommended Video
മോഹൻലാൽ ചിത്രമായ ദൃശ്യം 2 വാണ് ഇനി പുറത്തിറങ്ങാനുളള ആശാ ശരത്തിന്റെ ചിത്രം. ഐജി ഗീതാ പ്രഭാകർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തിലും നടി പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ലോക്ക് ഡൗണിന് ശേഷം ആശ ശരത്ത് ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ഭർത്താവിനോടൊപ്പം ദുബായിലാണ് നടി താമസിക്കുന്നത്.


Click it and Unblock the Notifications











