ഒരു ദിവസം ആ മെസേജില്ലെങ്കിൽ എനിക്ക് സഹിക്കില്ല; ജേഷ്ഠനോട് കല്യാണക്കാര്യം പറഞ്ഞപ്പോൾ: ആശ ശരത്ത്
കരിയറും കുടുംബ ജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ് നടി ആശ ശരത്ത്. ഭർത്താവ് ശരത്തിനും മക്കൾക്കുമൊപ്പം സന്തോഷകരമായ ജീവിതം ആശ ശരത്ത് നയിക്കുന്നു. നായികയായി സിനിമകളിൽ അവസരം വരുന്ന കാലത്താണ് ആശ ശരത്ത് വിവാഹിതയാകുന്നത്. ആശയുടെ ഭർത്താവ് ശരത്തും ചേട്ടനും നേരത്തേ തന്നെ സുഹൃത്തുക്കളായിരുന്നു. ചേട്ടനോട് തന്നെ വിവാഹം ചെയ്യാനാഗ്രഹിക്കുന്ന കാര്യം ശരത്ത് പറഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ആശ ശരത്ത്. പോർട്രേയൽസ് ബെെ ഗദ്ദാഫി എന്ന യൂട്യൂബ് ചാനലിലാണ് നടി മനസ് തുറന്നത്.
മലയാളത്തിൽ ചോദിച്ചാൽ ചിലപ്പോൾ അടി കിട്ടും. ഇംഗ്ലീഷിൽ ചോദിക്കുമ്പോൾ ചിലപ്പോൾ അത്ര ചളിപ്പ് ഉണ്ടാകില്ല. വേണു എന്നാണ് എന്റെ ചേട്ടന്റെ പേര്. വേണു ഐ വാണ്ട് ടു ആസ്ക് യു സംതിങ്, ഐ വുഡ് ലെെക് ടു മാരി യുവർ സിസ്റ്റർ, ഈസ് ദാറ്റ് ഓക്ക ഫോർ യു എന്ന് ചോദിച്ചു. എന്ത് എന്ന് വേണു ചേട്ടൻ. മലയാളത്തിലായിരുന്നു ചോദിച്ചതെങ്കിൽ ചിലപ്പോൾ ഒന്ന് പൊട്ടിച്ചേനെ. അന്ന് ശരത്തേട്ടന് ഭയങ്കര കോൺഫിഡൻസാണ്. ധെെര്യത്തിലങ്ങ് ചോദിച്ചു എന്ന് അദ്ദേഹം പറയുമെന്നും ആശ ശരത്ത് പറഞ്ഞു.

നമുക്ക് നമ്മളുടേതായി ഒരാളെ കിട്ടുക എന്നത് അമൂല്യമായ നിമിഷമാണ്. തെരഞ്ഞെടുക്കുമ്പോൾ ആലോചിക്കണം. എന്റെ കാര്യത്തിൽ ആലോചിച്ച് തെരഞ്ഞെടുത്തതല്ല. എന്തോ ഭാഗ്യം കൊണ്ട് സംഭവിച്ചതാണ്. ഇപ്പോഴത്തെ തലമുറയിൽ നോക്കിയും കണ്ടും നമുക്കൊരു പങ്കാളിയെ തെരഞ്ഞെടുക്കാൻ പറ്റും. പങ്കാളിയാക്കി കഴിഞ്ഞാൽ പരസ്പരം മനസിലാക്കുക. വിവാഹം അഡ്ജസ്റ്റ്മെന്റാണെന്ന് ചിന്തിക്കാൻ പാടില്ല. അപ്പോഴാണ് പ്രശ്നങ്ങൾ വരിക.
ഞാനൊരാളെ മനസിലാക്കുന്നു, അയാളെന്നെ മനസിലാക്കുന്നു എന്ന് പറയുന്നതാണ് ഏറ്റവും നല്ല വാചകം എന്നെനിക്കെപ്പോഴും തോന്നാറുണ്ട്. പിന്നെ ബഹുമാനം. കുറേ സംസാരിക്കണം. ചില ദമ്പതികളിൽ ഞാൻ കണ്ടിട്ടുള്ള പ്രശ്നം അധികം സംസാരിക്കാനുണ്ടാകില്ല എന്നതാണ്. എനിക്കൊന്നും സംസാരിച്ചാൽ തീരില്ല. ശരത്തേട്ടൻ ബിസിനസ് ചെയ്യുന്ന ആളാണ്. കലയുമായി ഒരു ബന്ധവും ഇല്ല. പക്ഷെ അദ്ദേഹത്തിന്റെ ബിസിനസിന്റെ എല്ലാ കാര്യങ്ങളും എന്നോട് പറയും. എനിക്ക് മനസിലാകില്ല. ഞാൻ വെറുതെ മൂളിയാൽ മതിയായിരിക്കും.
മിക്കവാറും സമയങ്ങൾ ഞങ്ങൾ ഒരുമിച്ചാണുണ്ടാകുക. രാവിലെ നേരത്തെ എഴുന്നേൽക്കുന്ന ആളാണ് അദ്ദേഹം. ഒപ്പമില്ലെങ്കിൽ രാവിലെ ഞാൻ എഴുന്നേറ്റ് മൊബെെൽ നോക്കുമ്പോൾ ഗുഡ് മോർണിംഗ് ഐ ലവ് യു എന്ന മെസേജുണ്ടാകും. എല്ലായ്പ്പോഴും ഞാൻ മറുപടി കൊടുക്കണമെന്നില്ല. പക്ഷെ ഒരു ദിവസം അത് കണ്ടിട്ടില്ലെങ്കിൽ ചിലപ്പോൾ തനിക്ക് സഹിക്കാൻ പറ്റില്ലെന്നും ആശ ശരത്ത് പറഞ്ഞു. ആശകൾ ആയിരം ആണ് ആശ ശരത്തിന്റെ പുതിയ സിനിമ. ജയറാം, കാളിദാസ് ജയറാം എന്നിവർ പ്രധാന വേഷം ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജയറാമിനൊപ്പം ആശ ശരത്ത് അഭിനയിക്കുന്ന ആദ്യ മലയാള സിനിമയാണ് ആശകൾ ആയിരം.


Click it and Unblock the Notifications











