ഡാൻസ് കണ്ട് സ്പാർക്ക്, വിവാഹത്തിന് കുറച്ച് ദിവസം മുമ്പ് കൂടിക്കാഴ്ച, ശരത്തേട്ടനോട് സംസാരിക്കാത്ത ദിവസമില്ല!
നടിയും നർത്തകിയുമായ ആശ ശരത് തന്റെ വിവാഹം നടന്ന കഥ പങ്കുവെക്കുകയാണിപ്പോൾ. ഭർത്താവ് ശരത്തിനെ നേരിട്ട് കാണാതെയാണ് വിവാഹത്തിന് സമ്മതം പറഞ്ഞതെന്നും കല്യാണത്തിന് കുറച്ച് ദിവസം മാത്രം ശേഷിക്കെയാണ് പരസ്പരം ആദ്യമായി കണ്ടതെന്നും നടി ഐ ആം വിത്ത് ധന്യ വർമ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആശയുടെ മൂത്ത സഹോദരൻ വഴിയാണ് ശരത് ആശയുടെ ജീവിതത്തിലേക്ക് എത്തുന്നത്.
നാസിക്കിൽ പഠിച്ച് വളർന്ന ശരത് ഇരുപത്തിനാല് വയസിലാണ് ആശയോട് പ്രണയമാണെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും കുടുംബത്തോട് പറയുന്നത്. രണ്ട് ചേട്ടന്മാരുമായും എനിക്ക് നല്ലൊരു ബോണ്ടിങ്ങുണ്ടായിരുന്നു. ഞാൻ കണ്ടുപിടിക്കുന്ന ആളെയാണോ അതോ അച്ഛൻ കണ്ടുപിടിക്കുന്ന ആളെയാണോ നീ വിവാഹം കഴിക്കുകയെന്ന് ചേട്ടൻ എന്നോട് ചോദിക്കുമായിരുന്നു.

ചേട്ടൻ കണ്ടുപിടിക്കുന്ന ആളെ എന്നതായിരുന്നു എപ്പോഴും എന്റെ മറുപടി. അതുപോലെ തന്നെ സംഭവിച്ചു. അദ്ദേഹം കണ്ടുപിടിച്ചയാളാണ് ശരത്തേട്ടൻ. ശരത്തേട്ടനും എന്റെ ചേട്ടനും ഗൾഫിൽ വെച്ചാണ് പരിചയപ്പെടുന്നത്. ശരത്തേട്ടൻ പഠിച്ചതും വളർന്നതും നാസിക്കിലാണ്. അതുകൊണ്ട് തന്നെ മലയാളികളുമായി ഇടപഴകാൻ ഗൾഫിൽ വന്നശേഷം വളരെ അധികം ഇഷ്ടപ്പെട്ടിരുന്നു.
ഒരു റെസ്റ്റോറന്റിൽ വെച്ചാണ് ശരത്തേട്ടനെ എന്റെ ചേട്ടൻ വേണു ആദ്യമായി കാണുന്നത്. മലയാളികൾ എന്ന രീതിയിൽ സംസാരിച്ച് തുടങ്ങി. അങ്ങനെ പരിചയം സൗഹൃദമായി വളർന്നു. നല്ല സുഹൃത്തുക്കളായി. ശരത്തേട്ടന് ഡാൻസും പാട്ടുമായി ഒരു ബന്ധവുമില്ല. ഒരു ദിവസം എന്റെ ഒരു ഡാൻസ് പ്രോഗ്രാം ചേട്ടനൊപ്പം ഇരുന്ന് ശരത്തേട്ടൻ കണ്ടു. വീഡിയോ കണ്ട് ക്രഷ് തോന്നിക്കാണണം.
എന്റെ ചേട്ടനൊപ്പമാണ് ആദ്യമായി എന്റെ ഡാൻസ് ശരത്തേട്ടൻ കാണുന്നത്. അന്ന് 24 വയസേ അദ്ദേഹത്തിനുള്ളു. ശേഷം ഒരു പെൺകുട്ടിയെ കണ്ടുവെന്നും അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അമ്മയോട് അദ്ദേഹം വിളിച്ച് പറഞ്ഞു. ഇരുപത്തിനാലുകാരന്റെ തോന്നൽ എന്ന രീതിയിലാണ് അമ്മ അന്ന് അതിനെ സ്വീകരിച്ചത്. പക്ഷെ അദ്ദേഹം പിന്നീട് നേരിട്ട് പോയി എന്നെ വിവാഹം കഴിക്കാനുള്ള ആഗ്രഹം എന്റെ ചേട്ടനോട് പറഞ്ഞു.
ശരത്തേട്ടൻ വളരെ ഡിസിപ്ലിനൊക്കെയുള്ള ആളാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ എന്റെ ചേട്ടനും ഇഷ്ടമായി. അങ്ങനെ വിവാഹ ആലോചനയിലേക്ക് കാര്യങ്ങൾ എത്തി. ശരത്തേട്ടൻ എന്നെ കാണാൻ വന്നിരുന്നില്ല. പക്ഷെ മാതാപിതാക്കൾ എന്റെ വീട്ടിൽ വരികയും മൂന്ന്, നാല് ദിവസം താമസിക്കുകയും ചെയ്തു.

അവർക്കും ബന്ധത്തിനോട് താൽപര്യമായി. വിവാഹത്തിന് കുറച്ച് ദിവസം മുമ്പാണ് ഞാൻ ശരത്തേട്ടനെ കാണുന്നത്. പക്ഷെ ഒരു വർഷം കാണതെ തന്നെ നന്നായി പ്രണയിച്ചു. നിരന്തരമായി കത്തെഴുതുമായിരുന്നു. റൊമാന്റിക്കായ കാലഘട്ടമായിരുന്നു. 1994ൽ ആണ് ഞങ്ങൾ കല്യാണം കഴിച്ചത്. ഇപ്പോഴും ഞങ്ങൾ വളരെ റൊമാന്റിക്കാണ്. അന്ന് തൊട്ട് ഇന്ന് വരെ ശരത്തേട്ടനോട് സംസാരിക്കാത്ത ഒരു ദിവസം എനിക്കുണ്ടായിട്ടില്ലെന്നും ആശ ശരത് പറയുന്നു.
മൂത്ത ചേട്ടന്റെ വിവാഹം കഴിഞ്ഞ് മൂന്ന് ദിവസങ്ങൾക്കുള്ളിൽ ആയിരുന്നു ആശയുടേയും ശരത്തിന്റേയും വിവാഹം. വിവാഹശേഷമാണ് നടി ദുബായിൽ സെറ്റിൽഡാകുന്നത്. പിന്നീട് സീരിയലിലും സിനിമയിലും സജീവമായശേഷമാണ് നാട്ടിലും സമയം ചിലവഴിച്ച് തുടങ്ങിയത്. പലയിടത്തായി നിരവധി നൃത്തവിദ്യാലയങ്ങൾ ആശയ്ക്കുണ്ട്.
എല്ലാത്തിനും ഭർത്താവാണ് പിന്തുണ. ജയറാം സിനിമ ആശകൾ ആയിരമാണ് അവസാനം റിലീസ് ചെയ്ത നടിയുടെ സിനിമ. കാളിദാസ് ജയറാം, ഇഷാനി കൃഷ്ണ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.


Click it and Unblock the Notifications

















