'പ്രപ്പോസ് ചെയ്തപ്പോൾ രണ്ടുപേരും കരഞ്ഞു, കീർത്തിയെ ഭാര്യയായി കിട്ടിയ അശോകാണ് ഭാഗ്യവാൻ'; അശോകും കീർത്തിയും!
അടുത്തിടെ നടന്ന താരവിവാഹങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടൊരു വിവാഹമായിരുന്നു തമിഴ് സിനിമയിലെ യുവതാരങ്ങളായ അശോക് സെൽവന്റെയും കീർത്തി പാണ്ഡ്യന്റെയും വിവാഹം. വലിയ കൊട്ടിഘോഷവും അറിയിപ്പുകളുമൊന്നുമുണ്ടായിരുന്നില്ല.
പെട്ടന്നൊരു ദിവസമാണ് അശോക് സെൽവന്റെ സോഷ്യൽമീഡിയ പേജിൽ വിവാഹ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. വളരെ ലളിതമായി നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് വൈറലുമായി. പ്രത്യേകിച്ച് ഒരു ഗോസിപ്പുകള്‍ക്കും ഇടം നല്‍കാതെയാണ് അശോക് സെല്‍വനും കീര്‍ത്തി പാണ്ഡ്യനും ഒന്നിച്ചത്.
തമിഴില്‍ വില്ലനായും സഹനടനായും സജീവമായിരുന്ന നടന്‍ അരുണ്‍ പാണ്ഡ്യന്റെ മൂന്ന് പെണ്‍മക്കളില്‍ ഒരാളാണ് കീര്‍ത്തി പാണ്ഡ്യൻ. സിനിമ മാത്രമല്ല രാഷ്ട്രീയപരമായും നല്ല സ്വാധീനം ഉള്ള വ്യക്തിയാണ് അരുണ്‍ പാണ്ഡ്യൻ. അതുകൊണ്ട് തന്നെ അരുണ്‍ പാണ്ഡ്യന്റെ പണവും സ്വാധീനവും കണ്ടാണ് അശോക് സെല്‍വന്‍ കീര്‍ത്തിയെ വിവാഹം ചെയ്തത് എന്ന വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.

അതുപോലെ തന്നെ കീർത്തിയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചുള്ള നിരവധി കമന്റുകളും വിവാഹ ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെട്ടിരുന്നു. അശോക് സെല്‍വന് ഇതിലും നല്ല പെണ്‍കുട്ടിയെ കിട്ടും എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ട്രോളുകളും വന്നിരുന്നു.
വിമർശനങ്ങളും കളിയാക്കലും കൂടിയപ്പോൾ അശോക് സെൽവൻ തന്നെ പ്രതികരിച്ച് എത്തിയിരുന്നു. ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയോടൊപ്പം എന്ന തലക്കെട്ട് നൽകി ഭാര്യ കീർത്തിക്കൊപ്പമുള്ള റൊമാന്റിക്ക് ചിത്രം പങ്കുവെച്ചായിരുന്നു അശോക് സെൽവന്റെ മറുപടി. അശോക് സെല്‍വന്റെ റിലീസിനൊരുങ്ങുന്ന ബ്ലൂ സ്റ്റാര്‍ എന്ന സിനിമയില്‍ നായിക കീര്‍ത്തി പാണ്ഡ്യനാണ്.
ഈ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായതെന്ന് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ സത്യാവസ്ഥ അതൊന്നുമല്ലെന്നും വർഷങ്ങളായി പരിചയമുണ്ടെന്നും പറയുകയാണ് അശോകും കീർത്തിയും കഴിഞ്ഞ ദിവസം എക്സ്ക്ലൂസീവായി സിനിമാ വികടന് നൽകിയ അഭിമുഖത്തിൽ.
ഒരു പക്ക തമിഴ് പെണ്ണിനെ വിവാഹം ചെയ്യണമെന്നതായിരുന്നു അശോകിന്റെ ആഗ്രഹം അതാണ് കീർത്തിയെ വിവാഹം ചെയ്തതോടെ സഫലമായത്. തനിക്ക് കീർത്തിയോട് തോന്നിയത് ലവ് അറ്റ് ഫസ്റ്റ് സൈറ്റാണെന്നും അശോക് സെൽവൻ പറയുന്നു. ആദ്യമായി കണ്ടത് പത്ത് വർഷം മുമ്പാണെന്നും ആദ്യ കാഴ്ചയിൽ തന്നെ വർഷങ്ങളുടെ പരിചയം തോന്നിയിരുന്നുവെന്നും അശോക് കൂട്ടിച്ചേർത്തു.

കീർത്തി ആദ്യമായി ഡിസ്ട്രിബ്യൂട്ട് ചെയ്ത സിനിമയും അശോക് സെൽവന്റെ സൂദു കാവ്വും എന്ന അരങ്ങേറ്റ സിനിമയായിരുന്നു. ആദ്യമായി പരിചയപ്പെട്ട ശേഷം പിന്നീട് കുറച്ച് വർഷം ഒരു കോൺടാക്ടും ഇല്ലായിരുന്നുവെന്നും കീർത്തിയും അശോക് സെൽവനും പറയുന്നു. താനാണ് ആദ്യം കീർത്തിയുടെ നമ്പർ വാങ്ങിയതെന്നും അശോക് സെൽവൻ കൂട്ടിച്ചേർത്തു.
പ്രപ്പോസ് ചെയ്തത് ആൻഡമാനിൽ ട്രിപ്പ് പോയപ്പോഴാണ്. കീർത്തിക്ക് കടലും സ്കൂബ ഡൈവിങുമെല്ലാം ഇഷ്ടമാണ്. അതുകൊണ്ടാണ് അവിടേക്ക് ട്രിപ്പ് പോയതെന്നും അശോക് പറയുന്നു. 'ആൻഡമാൻ ട്രിപ്പ് മുഴുവൻ പ്ലാൻ ചെയ്ത് നടപ്പാക്കിയത് അശോകാണ്. എന്റെ പിറന്നാൾ ദിവസമായിരുന്നു എന്നെ പ്രപ്പോസ് ചെയ്തത്. ഒരു മോതിരവും തന്നിരുന്നു.'
'പ്രപ്പോസിങ് സമയത്ത് ഞങ്ങൾ രണ്ടുപേരും കരയുകയായിരുന്നുവെന്നും', കീർത്തി പറഞ്ഞു. 'അച്ഛനോടും അമ്മയോടും കീർത്തിയുടെ കാര്യം പറഞ്ഞശേഷമാണ് കീർത്തിയോട് പ്രണയം പറഞ്ഞത്. കീർത്തിയെയാണ് ഞാൻ പ്രണയിക്കുന്നതെന്ന ഊഹം അമ്മയ്ക്കുണ്ടായിരുന്നു. കീർത്തിയുടെ കാര്യം പറഞ്ഞതും എല്ലാവർക്കും അതിയായ സന്തോഷമായിരുന്നു.'
'എന്റെ സഹോദരിക്ക് പുതിയൊരു സുഹൃത്തിനെ കൂടി കിട്ടിയ സന്തോഷമായിരുന്നുവെന്നാണ്', വീട്ടുകാരുടെ പ്രതികരണത്തെ കുറിച്ച് സംസാരിച്ച് അശോക് സെൽവൻ പറഞ്ഞു. അശോക് സെൽവൻ ദി ബൈസ്റ്റ് എന്ന മനോഭാവമായിരുന്നു തന്റെ വീട്ടിലെന്നാണ് കീർത്തി പറഞ്ഞത്. ഇരുവരുടെയും ആദ്യത്തെ കപ്പിൾ ഇന്റർവ്യു വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.
ഇന്റർവ്യു കാണും മുമ്പ് അശോകിനെ കിട്ടിയ കീർത്തി ഭാഗ്യവതി എന്നായിരുന്നു കരുതിയതെന്നും എന്നാൽ ഇന്റർവ്യു കണ്ടശേഷം കീർത്തിയെ ഭാര്യയായി കിട്ടിയ അശോകാണ് ഭാഗ്യവാൻ എന്നാണ് തോന്നിയതെന്നുമാണ് ഒരു ആരാധകൻ കുറിച്ച കമന്റ്. സൂര്യയ്ക്കും ജ്യോതികയ്ക്കും ശേഷം മനസിൽ കയറിക്കൂടിയ കപ്പിൾ അശോകും കീർത്തിയുമാണെന്നും കമന്റുകൾ ഉണ്ടായിരുന്നു.


Click it and Unblock the Notifications











