ശബരീഷ് പാലത്തില്‍ നിന്ന് തുള്ളിച്ചാടി; നിവിനും കിച്ചുവും കളിയാക്കും; പ്രേമത്തെക്കുറിച്ച് അശ്വിനി
പിസ്ത പാട്ടിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടനാണ് ശബരീഷ് വര്‍മ. നേരം സിനിമയ്ക്ക് വേണ്ടി എഴുതിയ ഗാനമായിരുന്നു പിസ്ത. തുടര്‍ന്ന് പ്രേമത്തിലെ സീന്‍ കോണ്‍ട്ര, മലരേ, ഇതു പുത്തന്‍ കാലം കെട്ടുപോയി, തുടങ്ങി പ്രേമത്തിലെ പാട്ടുകളെല്ലാം എഴുതിയത് ശബരീഷ് വര്‍മയാണ്. ചിത്രത്തിലെ കാലം കെട്ടുപോയി, കോണ്ട്ര, പതിവായി ഞാന്‍, ഇതുപുത്തന്‍ കാലം തുടങ്ങിയ പാട്ടുകള്‍ പാടിയതും ശബരീഷ് ആണ്.
പ്രേമത്തിന്റെ ഷൂട്ടിനിടയിലാണ് ശബരീഷ് വര്‍മ പ്രൊഡക്ഷന്‍ ഡിസൈനറായ അശ്വിനി കാലെയുമായി പ്രണയത്തിലാകുന്നത്. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെക്കുറിച്ച തുറന്നു പറയുകയാണ് അശ്വനിയും ശബരീഷ് വര്‍മയും. പ്രേമം ഷൂട്ട് തീരാന്‍ ഒരു അഞ്ച് ദിവസമോ മറ്റോ ബാക്കി നില്‍ക്കുന്ന സമയത്താണ് ശബരീഷ് എന്നോട് പുള്ളിക്ക് എന്നോട് ഇഷ്ടമുണ്ടെന്ന കാര്യം തുറന്നു പറയുന്നതെന്ന് അശ്വനി പറയുന്നു.

എല്ലാവര്‍ക്കും അറിയാമായിരുന്നു. പക്ഷെ എനിക്ക് മാത്രം അറിയില്ലായിരുന്നു. ഞാന്‍ പിന്നെ വര്‍ക്കില്‍ മാത്രമായിരുന്നു ആ സമയത്ത് ശ്രദ്ധ. നിവിന്റെയും കൃഷ്ണ ശങ്കറിന്റെയും ഒക്കെ ശല്യം ഭയങ്കരമായിരുന്നു. മുന്നിലൂടെ പോകുന്ന സമയത്തൊക്കെ വെറുതേ നോക്കി ചിരിക്കുമായിരുന്നു. കേരളത്തില്‍ നിന്ന് ആരെയെങ്കിലും ഡേറ്റ് ചെയ്യും എന്നൊന്നും ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല.
കാരണം കേരളം എനിക്ക് മുഴുവനായും വേറെ തന്നെ ഒരു സ്ഥലമാണ്. ഞാന്‍ ബേംബെക്കാരിയാണ്. കേരളത്തില്‍ വന്ന് സെറ്റ്ല്‍ ആവുമെന്ന് പോലും കരുതിയിട്ടില്ല. അവസാനം ശബരീഷ് എന്റെ അടുത്ത് ഇങ്ങനെ ഇഷ്ടമുണ്ടെന്ന് പറഞ്ഞപ്പോള്‍, ആ.. നമുക്ക് നോക്കാം. കാരണം ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് ഇയാളെ ഇഷ്ടമാണ്.
നന്നായി കെയര്‍ ചെയ്യുന്ന, സംസാരിക്കാനൊക്കെ എനിക്ക് ഇഷ്ടമുള്ള ആളാണ്. അവസാനം ആ ആലുവ പാലത്തിന്റെ മുകളില്‍ നിന്ന് ഷൂട്ട് ചെയ്യുകയാണ്. ശബരീഷ് ഒരു കോര്‍ണറിലും ഞാന്‍ മറ്റേ അറ്റത്തും ആണ്. അപ്പോള്‍ ഞാന്‍ എനിക്കും ഇഷ്ടമാണെന്ന് ശബരീഷിന് മെസേജ് അയച്ചു. ശബരീഷ് പാലത്തിന്റെ മുകളില്‍ നിന്ന് തുള്ളിച്ചാടുകയായിരുന്നു.
ഞങ്ങളെ സംബന്ധിച്ച് പ്രേമം സെറ്റില്‍ ഞങ്ങളെക്കുറിച്ച് ഓര്‍ക്കുന്ന ഏറ്റവും സുന്ദരമായ നിമിഷം അതാണെന്നും അശ്വിനി കാലെ പറഞ്ഞു. അവിടുന്ന് നിവിനും കിച്ചുവും ഓരോന്ന് കാണിച്ചു കൂട്ടുന്നത് പലപ്പോഴും സഹായമായിരുന്നില്ല എന്നതാണ്. ഇങ്ങനെ നിരന്തരം കളിയാക്കുമ്പോള്‍ അപ്പുറത്ത് നില്‍ക്കുന്ന ആള്‍ക്ക് ശരിക്കും മനസിലാവുമല്ലോ എന്ന് ശബരീഷും പറഞ്ഞു.
ശബരീഷിന് എന്നോട് ഇഷ്ടമുണ്ടെന്ന് തിരിച്ചറിയുന്നതിന് മുമ്പ് എനിക്ക് ശരിക്കും പേടി തോന്നിയിരുന്നു. അവരെന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നത്, എന്തിനാണ് അവര്‍ എന്നെ ഇങ്ങനെ കളിയാക്കുന്നത് എന്നൊക്കെ തോന്നിയിരുന്നു എന്നും അശ്വിനി കാലെ പറഞ്ഞു.

രണ്ട് പേരും ഒരേ മേഖലയില്‍ നിന്ന് ആയതുകൊണ്ട് രണ്ട് പേര്‍ക്കും പരസ്പരം ജീവിതത്തെക്കുറിച്ച് മനസിലാക്കാന്‍ പറ്റുന്നുണ്ട്. അതുകൊണ്ടാണ് ജീവിക്കാന്‍ പറ്റുന്നത്. എല്ലാവരും സെറ്റില്‍ എത്തുന്നതിന് മുമ്പ് സെറ്റില്‍ എത്തി എല്ലാവരും സെറ്റില്‍ നിന്ന് പോയതിന് ശേഷം സെറ്റില്‍ നിന്ന് പോകുന്നവരാണ് ഞങ്ങള്‍.
എന്റെ ജോലി സമയം എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. കാരണം ചിലപ്പോള്‍ അടുത്ത ദിവസത്തേക്കുള്ള കാര്യങ്ങള്‍ സെറ്റ് ചെയ്യേണ്ടതുണ്ടാകാം അതുകൊണ്ട് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പണിയെടുക്കേണ്ടിവരും. മാത്രമല്ല, ശബരീഷ് ഒറ്റയ്ക്കിരിക്കാന്‍ കൂടുതലും ഇഷ്ടപ്പെടുന്ന ആളായതുകൊണ്ടും നമുക്കിടയില്‍ മനസിലാക്കുന്നതിന് പ്രശ്‌നങ്ങള്‍ ഇല്ലെന്നും ശബരീഷ് പറഞ്ഞു.


Click it and Unblock the Notifications











