'പേര് തെറ്റിച്ച് വിളിച്ചതാണ് വിഷമമെങ്കിൽ സാറിന് ദേഷ്യം എന്നോടാകാമായിരുന്നു ആസിഫിനോട് എന്തിന് കാണിച്ചു?'
കഴിഞ്ഞ ദിവസം മുഴുവൻ സോഷ്യൽമീഡിയയിൽ ചർച്ചയായതും വൈറലായതുമായ ഒരു സംഭവമാണ് പൊതുവേദിയിൽ ചടങ്ങിനിടെ നടൻ ആസിഫ് അലിയെ സംഗീത സംവിധായകൻ അപമാനിച്ചുവെന്നത്. ആസിഫ് അലി ഉപഹാരം നൽകിയപ്പോൾ അത് മൈന്റ് ചെയ്യാതെ സുഹൃത്തായ സംവിധായകൻ ജയരാജിനെ വിളിച്ച് വരുത്തി അദ്ദേഹത്തിൽ നിന്നും ഉപഹാരം സ്വീകരിക്കുകയാണ് രമേഷ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ രമേഷ് നാരായണൻ ആസിഫ് അലിയോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. എങ്കിലും സോഷ്യൽമീഡിയ വലിയ രീതിയിൽ രമേഷ് നാരായണനെ സൈബർ ബുള്ളിയിങ് ചെയ്യുന്നുണ്ട്. അതുപോലെ ചടങ്ങിൽ വെച്ച് രമേഷ് നാരായണന്റെ പേര് അവതാരക തെറ്റിച്ച് സന്തോഷ് നാരായണൻ എന്നാണ് അനൗൺസ് ചെയ്തത്.
അതും രമേഷിനെ ബാധിച്ചതിനാലാവാം മൊമന്റോ നൽകാനെത്തിയ ആസിഫിനെ രമേഷ് മൈന്റ് ചെയ്യാതിരുന്നത്. നടി കൂടിയായ ജുവൽ മേരിയായിരുന്നു വിവാദമായ പരിപാടിയുടെ അവതാരക. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് ജുവൽ തന്നെ രംഗത്തെത്തി. പേര് തെറ്റിച്ച് അനൗൺസ് ചെയ്തതിനും ആസിഫ് അലി അപമാനിതനായതിലും തനിക്കുള്ള വിഷമം പങ്കുവെക്കുക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തു ജുവൽ.

ജുവൽ മേരിയുടെ വാക്കുകളിലേക്ക്... ഒരുപാട് സമയം ആലോചിച്ചിട്ടാണ് ചില കാര്യങ്ങളിൽ വ്യക്തത തരണമെന്നും ഞാൻ കണ്ട കാര്യങ്ങൾ ഷെയർ ചെയ്യണമെന്നും വിചാരിച്ചിട്ടാണ് ഈ ഒരു വീഡിയോ ചെയ്യുന്നത്. കഴിഞ്ഞ ദിവസം നടന്ന മനോരഥങ്ങൾ എന്ന പരിപാടിയുടെ അവതാരക ഞാനായിരുന്നു. മനോരഥങ്ങൾ എന്നത് ഒമ്പത് സിനിമകൾ ഉൾപ്പെടുന്ന ആന്തോളജിയാണ്. അതുകൊണ്ട് തന്നെ ഒമ്പത് സിനിമകളിലേയും താരങ്ങളും സംവിധായകരും മ്യൂസിക്ക് ഡയറക്ടേഴ്സും തുടങ്ങി ഒരുപാട് പ്രതിഭാധനരായ ആളുകളുടെ വലിയൊരു നിരയുണ്ട്.
അക്കൂട്ടത്തിൽ മമ്മൂക്കയും പ്രിയദർശൻ സാറുമെല്ലാമുണ്ട്. പരിപാടി ഗംഭീരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇത്രത്തോളം ഗസ്റ്റുകൾ ഉള്ളതുകൊണ്ട് തന്നെ ഇതിൽ ആരൊക്കെ വരും വരില്ലെന്നതിൽ സംഘാടകർക്ക് കൃത്യത കുറവുണ്ടായിരുന്നു. മാത്രമല്ല എനിക്ക് തന്നിട്ടുള്ള ലിസ്റ്റിൽ പലതും അപൂർണമായിരുന്നു. പിന്നെ ചിലത് ചേർക്കുകയും ഒഴിവാക്കുകയുമെല്ലാം ചെയ്യുന്നുണ്ടായിരുന്നു... ഇത് സ്വാഭാവികമാണ്.
ജയരാജ് സാർ സംവിധാനം ചെയ്ത സിനിമക്കാണ് രമേഷ് നാരായണൻ സാർ മ്യൂസിക്ക് കൊടുത്തിട്ടുള്ളത്. ഒമ്പത് സിനിമകളുടെ അണിയറപ്രവർത്തകരുടെയും പേരുകൾ തന്ന ലിസ്റ്റിൽ രമേഷ് നാരായണൻ സാറിന്റെ പേര് ഇല്ലായിരുന്നു. എനിക്ക് ലിസ്റ്റ് തന്ന സംഘാടകരുടെ ഭാഗത്ത് നിന്നും വന്ന വീഴ്ചയാണത്. കൂടാതെ ജയരാജ് സാർ സംവിധാനം ചെയ്ത സിനിമയുമായി ബന്ധപ്പെട്ട് സ്റ്റേജിൽ കയറിയവർ ആരും രമേഷ് സാറിന്റെ കാര്യം ശ്രദ്ധിച്ചതുമില്ല.
ഭയങ്കര തിരക്കും ക്രൗഡുമുള്ള ഷോയായിരുന്നതുകൊണ്ട് മുഴുവൻ കാര്യങ്ങളും കണ്ട് കൺട്രോൾ ചെയ്യാൻ പറ്റില്ല. അതുകൊണ്ട് തന്നെ രമേഷ് സാറിനെ ജയരാജ് സാറിന്റെ ടീമിനൊപ്പം സ്റ്റേജിലേക്ക് വിളിച്ചുമില്ല. കാരണം തന്ന ലിസ്റ്റിൽ അദ്ദേഹത്തിന്റെ പേര് ഇല്ലെന്നത് തന്നെയാണ്.
അതിനിടയിൽ പെട്ടന്നാണ് ഷോ ഡയറക്ടേഴ്സ് വന്ന് രമേഷ് സാറിനെ വേദിയിലേക്ക് വിളിച്ചില്ലെന്നും ആസിഫ് അലി തൊട്ടടുത്ത് ഇരിപ്പുണ്ട്. അദ്ദേഹത്തിന് മൊമന്റോ കൊടുത്തിട്ട് കൊടുക്കാൻ പറയൂവെന്നും പറഞ്ഞത്. കൂടാതെ രമേഷ് സാറിനെ എനിക്ക് കാണിച്ച് തന്നു. പക്ഷെ പേര് എനിക്ക് പറഞ്ഞ് തന്നില്ല.

മാത്രമല്ല അദ്ദേഹത്തിന്റെ പേര് എനിക്ക് അറിയാമെങ്കിലും അത് തെറ്റായാണ് പറയുന്നതെന്ന് മനസിലായെങ്കിലും അപ്പോൾ ആരും എനിക്ക് തിരുത്തി തന്നില്ല. സന്തോഷ് നാരായണനെന്ന് അനൗൺസ് ചെയ്ത ഉടൻ ഞാൻ അടുത്ത് നിന്നവരോട് അദ്ദേഹത്തിന്റെ കറക്ട് പേര് പറയാൻ ആവശ്യപ്പെടുന്നത് വൈറൽ വീഡിയോയിൽ നിങ്ങൾക്ക് കാണാം. അതിനുശേഷം സന്തോഷ് എന്നത് തിരുത്തി രമേഷെന്ന് ഞാൻ അനൗൺസ് ചെയ്തു.
നടക്കാൻ പ്രശ്നമുള്ളതിനാൽ പടികൾ കയറാൻ രമേഷ് സാറിന് കഴിയില്ലെന്ന് സംഘാടകർ പറഞ്ഞതുകൊണ്ടാണ് അദ്ദേഹത്തെ സ്റ്റേജിൽ വിളിച്ച് മൊമന്റോ കൊടുക്കാതിരുന്നത്. ആസിഫ് അലി രമേഷ് സാറിന്റെ തൊട്ടടുത്ത് ഇരിക്കുന്നത് കണ്ട് ഷോ ഡയറക്ടറാണ് ആസിഫിനെ കൊണ്ട് കൊടുപ്പിക്കൂവെന്ന് പറഞ്ഞത്. അല്ലാതെ വേറൊന്നും അതിൽ ഞങ്ങൾ ചിന്തിച്ചിട്ടില്ല. നമ്മുടെ അറിവിൽ മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് ആസിഫ്. അങ്ങനെ ഞാൻ ആസിഫിനോട് ആവശ്യപ്പെട്ടു.
അദ്ദേഹം മൊമന്റോ രമേഷ് സാറിന് നൽകി. അതിനിടയിൽ ലിസ്റ്റിലെ ചില തിരുത്തലുകൾക്കായി സംഘാടകർ എന്നെ വിളിച്ചു. ഇതെല്ലാം സെക്കന്റുകൾക്കുള്ളിൽ നടന്ന കാര്യങ്ങളാണ്. നമുക്ക് ഒന്നും പ്ലാൻ ചെയ്യാൻ സമയമില്ല. അതുകൊണ്ട് തന്നെ ആസിഫ് അലി മൊമന്റോ കൊടുക്കാൻ പോയപ്പോൾ എന്താണ് നടന്നതെന്ന് ഞാൻ കണ്ടിട്ടില്ല. അടുത്ത അനൗൺസ്മെന്റിനുള്ള ലിസ്റ്റ് തയ്യാറാക്കുന്ന തിരക്കിലായിരുന്നു ഞാൻ. ഞാനും ആ ആസിഫ് അലിയുടെ വീഡിയോ കണ്ടു.
എനിക്കും ഒരുപാട് വിഷമം തോന്നി. ആസിഫ് തനിക്ക് തരാനാണ് കൊണ്ടുവരുന്നതെന്ന് അറിയില്ലായിരുന്നുവെന്ന് രമേഷ് സാർ പറയുന്നത് കേട്ടു. താങ്കൾക്ക് തരാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് സാർ ആസിഫ് ചിരിച്ച മുഖത്തോടെ അത് നിങ്ങൾക്ക് നേരെ നീട്ടുന്നത്. അദ്ദേഹത്തിന്റെ പേര് തെറ്റിച്ച് വിളിച്ചതാണ് വിഷമമെങ്കിൽ അത് എന്നോടാകാമായിരുന്നു.
എന്നെ പറ്റി പരാതിപ്പെടാമായിരുന്നു. അല്ലാതെ ആസിഫിനോട് എന്തിനാണ് അത് ചെയ്തത്. അവിടെ നടന്ന ആ സംഭവത്തിൽ എനിക്ക് നല്ല വിഷമമുണ്ട്. അതുകൊണ്ട് തന്നെ ഞാൻ ആ സംഭവത്തിൽ ആസിഫിനോടും രമേഷ് സാറിനോടും സോറി പറയുന്നു.
എല്ലാം ഹാന്റിൽ ചെയ്യാൻ ഞാൻ ശ്രദ്ധിക്കണമായിരുന്നു. വളരെ ശോകമായ രീതിയിലാണ് ആ പരിപാടി ഓർഗൈസ് ചെയ്തിരുന്നത്. പരമാവധി അവതാരകയായിരിക്കുമ്പോൾ ഒരാളെപ്പോലും വിഷമിപ്പിക്കാതെ ചിന്തിച്ച് സെൻസിബിളായി സംസാരിക്കാൻ ശ്രമിക്കുന്നൊരാളാണ് ഞാൻ. വലിപ്പം ചെറുപ്പം നോക്കിയല്ല ആസിഫിനെ കൊണ്ട് മൊമന്റോ കൊടുപ്പിച്ചത്.
ആസിഫിന്റെ ചിരിച്ച മുഖം കണ്ടിട്ടാണ്. ആസിഫിനോട് ഒരുപാട് സ്നേഹം. ആ സംഭവത്തിലൂടെ ഉണ്ടായ വേദന ആസിഫ് അർഹിക്കുന്നതല്ല. ആരെയും ദ്രോഹിക്കാൻ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും ജുവൽ മേരി പറഞ്ഞു.


Click it and Unblock the Notifications











