ദിലീപേട്ടന്റെ പ്രശ്നം വന്ന സമയത്ത് ഞാൻ അനുഭവിച്ചത്; ആ തിരക്കഥാകൃത്തുക്കളോട് ഞാൻ ചോദിച്ചത്; ആസിഫ് അലി
കഴിഞ്ഞ ദിവസമാണ് സംഗീത സംവിധായകൻ രമേശ് നാരായണൻ നടൻ ആസിഫ് അലിയെ പൊതുവേദിയിൽ അപമാനിച്ച സംഭവം നടന്നത്. രമേശ് നാരായണന് നേരെ വ്യാപക വിമർശനവും വന്നു. എന്നാൽ ഇദ്ദേഹത്തിനെതിരെയുള്ള സൈബർ ആക്രമണത്തിനെതിരെ ആസിഫ് അലി തന്നെ രംഗത്ത് വന്നു. തനിക്കുള്ള പിന്തുണ ഒരിക്കലും രമേശ് നാരായണിനെതിരെയുള്ള വിദ്വേഷമാകരുതെന്ന് ആസിഫ് അലി പറഞ്ഞു. ഇതേക്കുറിച്ച് വിശദീകരിക്കുകയാണ് ആസിഫ് അലിയിപ്പോൾ.
തനിക്കും സൈബർ ആക്രമണം നേരിട്ട ഘട്ടം ഉണ്ടായിട്ടുണ്ടെന്ന് ആസിഫ് അലി പറയുന്നു. മനോരമ ന്യൂസിനോടാണ് പ്രതികരണം. ദിലീപേട്ടന്റെ പ്രശ്നം വന്ന സമയത്ത് താൻ ഇതേ സാഹചര്യത്തിലൂടെ കടന്ന് പോയിട്ടുണ്ടെന്ന് ആസിഫ് അലി പറയുന്നു. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്നെടുത്ത തീരുമാനത്തിന്റെ പ്രസ് റിലീസ് ഞാൻ പറയുന്ന സമയത്ത് അത് ന്യൂസ് സ്ക്രോൾ ആയി പോയി. അന്ന് എനിക്ക് കിട്ടിയ സോഷ്യൽ മീഡിയ അറ്റാക്കുണ്ട്.

എന്റെ കരിയറും ജീവിതവും സമാധാനവും തീർന്നു എന്ന് വിചാരിച്ചിരുന്ന സമയമുണ്ടായിരുന്നു. എത്ര ഉദ്ദേശ്യ ശുദ്ധിയോടെ ആണ് പറഞ്ഞതെങ്കിലും എത്ര പേരെ പറഞ്ഞ് മനസിലാക്കാൻ പറ്റുമെന്നും ആസിഫ് അലി ചോദിക്കുന്നു. ഉസ്താദ് ഹോട്ടലിൽ കുഞ്ചാക്കോ ബോബനല്ലേ എന്ന് മാമുക്കോയ തന്നോട് ചോദിക്കുന്ന സീനിനെക്കുറിച്ചും ആസിഫ് അലി സംസാരിച്ചു.
ആക്ടേർസിൽ ഒരുപാട് പേർക്ക് അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഞങ്ങൾ പരസ്പരം പറഞ്ഞ് ചിരിക്കാറുമുണ്ട്. ഞാൻ വന്ന സമയത്ത് പല സംവിധായകരെയും പേര് മാറി വിളിച്ചിട്ട് ദേഷ്യപ്പെട്ട കഥകൾ കേട്ടിട്ടുണ്ട്. ആ സീൻ എടുക്കുന്ന സമയത്ത് മാമുക്കോയ ആണ് ഇങ്ങനെയൊരു കോമഡിയുടെ സാധ്യത അവിടെ പറയുന്നതും അൻവർ റഷീദിന് കൃത്യമായി സ്ട്രെെക്ക് ആകുന്നതും.

അതിന് ശേഷം എനിക്കിത് യഥാർത്ഥത്തിൽ സംഭവിച്ചിട്ടുണ്ട്. ആൾക്കാർ മനപ്പൂർവം എന്റെയടുത്ത് വന്ന് കുഞ്ചാക്കോ ബോബനല്ലേ എന്ന് ചോദിച്ചിട്ടുണ്ട്. ഒരു ചിരി കിട്ടാനോ ചിലപ്പോൾ ചെറുതായി ഇറിറ്റേറ്റ് ചെയ്യാനോ ആയിരിക്കും. അതും ഞാൻ ആസ്വദിച്ചിട്ടുണ്ട്. പക്ഷെ ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുമ്പോഴുള്ള പ്രതികരണം അപ്പോഴത്തെ മൂഡ് പോലെയായിരിക്കുമെന്നും ആസിഫ് അലി വ്യക്തമാക്കി.
കരിയറിലെ തുടക്ക കാലത്തെക്കുറിച്ചും ആസിഫ് അലി സംസാരിച്ചു. എന്നെ സംബന്ധിച്ച് എല്ലാം ലോട്ടറി ആയിരുന്നു. കാരണം എനിക്ക് പ്ലാൻ ബി ഇല്ലായിരുന്നു സിനിമയിൽ വരണം എന്ന പ്ലാൻ എ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് എന്ത് ധൈര്യത്തിലാണെന്ന് പിന്നീട് ആലോചിക്കുമ്പോൾ എനിക്ക് പേടിയായിട്ടുണ്ട്. സിനിമയിൽ വന്ന ശേഷം പൃഥിരാജ്, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബൻ തുടങ്ങിയ ബാച്ച് കഴിഞ്ഞ് വരുന്ന ഒരാൾ ഞാൻ മാത്രമായിരുന്നു.
ഇവരെല്ലാം കഥ കേട്ട് അവർക്ക് വർക്ക് കാത്ത ക്യാരക്ടറും സ്ക്രിപ്റ്റുകളുമാണ് എന്റെയടുത്തേക്ക് വന്നത്. മല്ലു സിംഗ് എന്ന സിനിമയ്ക്ക് ആദ്യം പൃഥിരാജിനെ വെച്ച് ഫോട്ടോഷൂട്ട് ചെയ്ത് അനൗൺസ് ചെയ്തിരുന്നെന്ന് തോന്നുന്നു. എന്തൊക്കെയോ കാരണങ്ങൾ കാരണം ഈ സിനിമയിൽ നിന്ന് അദ്ദേഹത്തിന് മാറേണ്ടി വന്നു. പതിവ് പോലെ നേരെ എന്റെയടുത്തേക്കാണ് സിനിമ വന്നത്.
ഈ കഥ കേട്ട് ഞാൻ എഴുന്നേറ്റ് നിന്ന് സ്ക്രിപ്റ്റ് റൈറ്റേഴ്സിനോട് എന്നെയൊന്ന് നോക്ക്, ഞാൻ എങ്ങനെയാണ് മല്ലു സിംഗായി അഭിനയിക്കുക എന്ന് ചോദിച്ചു. ആ പേര് പോലും ഞാൻ താങ്ങില്ല. അങ്ങനെയുള്ള കഥാപാത്രങ്ങളാണ് തനിക്ക് വന്നത്. എന്നാൽ അതും താൻ അതിജീവിച്ചെന്ന് ആസിഫ് അലി വ്യക്തമാക്കി.


Click it and Unblock the Notifications