ലാലേട്ടന് ഇടി കിട്ടിയിട്ടും അദ്ദേഹം ഒരക്ഷരം മിണ്ടിയില്ല; തനിക്കുണ്ടായ പരിക്ക് നോക്കുമ്പോൾ നിസ്സാരം; ആസിഫ് അലി
ജനപ്രിയ നടനായി പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് ആസിഫ് അലി. അഭിനയ പ്രധാന്യമുള്ളതും സെലക്ടീവായ സിനിമകളുമാണ് ആസിഫ് ഇപ്പോള്‍ ചെയ്യാറുള്ളത്. അത് നടന്റെ കരിയറിനും വലിയ ഗുണമായി. എന്നാല്‍ സിനിമകളില്‍ സജീവമായി അഭിനയിക്കുന്നതിനിടെ നടന് വലിയൊരു പരിക്ക് പറ്റി. കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും എഴുന്നേറ്റ് നടക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയിലേക്ക് എത്തി.
സര്‍ജറിയും അതിന് ശേഷമുള്ള അഞ്ച് മാസത്തെ ജീവിതത്തെ കുറിച്ചും മനസ് തുറക്കുകയാണ് നടനിപ്പോള്‍. സിനിമയില്‍ അഭിനയിക്കുമ്പോള്‍ പരിക്ക് പറ്റുന്നത് സാധാരണമാണ്. എന്നാല്‍ ഇതൊക്കെ സഹിച്ച് നിന്ന് അഭിനയിച്ച മോഹന്‍ലാലിനെ കുറിച്ചും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ആസിഫ് വ്യക്തമാക്കി.

ടിക്കി ടാക്ക എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് തനിക്ക് അപകടമുണ്ടാവുന്നത്. ഫൈറ്റ് സീനിനിടെ ചാടുമ്പോള്‍ സ്ലിപ് ആയി വീണൂ. ഇടത് കാല്‍മുട്ടിലെ ലിഗ്മെന്റുകള്‍ പൊട്ടിപ്പോയി. സര്‍ജറിയും വിശ്രമവും ഫിസിയോ തെറാപ്പിയുമൊക്കെയായി അഞ്ച് മാസത്തോളം മാറി നില്‍ക്കേണ്ടി വന്നു. അപ്പോഴാണ് പരിക്കിന്റെ കാഠിന്യം മനസിലാകുന്നത്. ഫുള്‍ടൈം വീട്ടില്‍ നില്‍ക്കാമെന്ന സന്തോഷത്തിലാണ് ആ ദിവസങ്ങള്‍ തുടങ്ങിയത്.
രണ്ടാഴ്ച കഴിഞ്ഞതോടെ ടെന്‍ഷനായി തുടങ്ങി. ലൊക്കേഷന്‍ വല്ലാതെ മിസ് ചെയ്യുന്നു. ആ സമയത്ത് വിനീത് ശ്രീനിവാസനും വൈശാഖും വീട്ടില്‍ വന്നു. സംസാരത്തിനിടെ ടെന്‍ഷന്‍ മനസിലാക്കിയ വിനീത് ലൊക്കേഷനിലേക്ക് ക്ഷണിച്ചു. ലൊക്കേഷനില്‍ കുറച്ച് നേരം വന്നിരിക്കൂ, കഥാപാത്രം എന്നൊന്നും കരുതേണ്ട എന്നാണ് പറഞ്ഞത്. അങ്ങനെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയില്‍ അഭിനയിക്കുന്നത്. സര്‍ജറി ചെയ്തത് കൊണ്ട് എഴുന്നേറ്റ് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായത് കൊണ്ട് ഇരിക്കുന്ന രീതിയിലാണ് ആ രംഗം ചിത്രീകരിച്ചത്. അന്ന് വീല്‍ചെയറിലാണ് ലൊക്കേഷനിലെത്തിയതെന്നും ആസിഫ് പറയുന്നു.

സിനിമയില്‍ അഭിനയിക്കുമ്പോള്‍ താരങ്ങള്‍ക്കുണ്ടാവുന്ന പരിക്കിനെ കുറിച്ച് സിബി മലയില്‍ സാര്‍ തന്നോട് പറഞ്ഞ കഥകളും ആസിഫ് അലി പങ്കുവെച്ചു. 'കിരീടത്തില്‍ കീരിക്കാടന്‍ ജോസും മോഹന്‍ലാലുമായിട്ടുള്ള ഫൈറ്റ് സീന്‍ അഭിനയിക്കുകയാണ്. പുതുമുഖമായ വില്ലന്റെ ഇടി പല തവണ ലാലേട്ടന് കിട്ടുന്നുണ്ടായിരുന്നു. പരിചയക്കുറവ് കൊണ്ട് സംഭവിച്ചതാണെന്ന് മനസിലാക്കിയ ലാലേട്ടന്‍ അതൊന്നും അദ്ദേഹത്തെ അറിയിച്ച് ടെന്‍ഷനാക്കേണ്ടെന്ന് കരുതി മിണ്ടാതെ നിന്നു. അങ്ങനെ ആ സംഭവങ്ങളൊന്നും ഷൂട്ടിങ്ങിനെ ബാധിക്കാതെ കൊണ്ട് പോയി. മോഹന്‍ലാലിനെ പോലൊരു നടന്‍ ചെയ്തത് വെച്ച് നോക്കുമ്പോള്‍ ഈ പരിക്കൊക്കെ നിസ്സാരമാണെന്നാണ' ആസിഫ് അലി പറയുന്നത്.
അതേ സമയം ഇതേ പരിക്കും കൊണ്ട് മക്കളുടെ സ്‌കൂളിലേക്ക് ഭര്‍ത്താവ് വന്നതിനെ കുറിച്ച് ആസിഫിന്റെ ഭാര്യ സമയം സംസാരിച്ചിരുന്നു. 'മക്കളുടെ സ്‌കൂളിലെ എല്ലാ പരിപാടികള്‍ക്കും പങ്കെടുക്കണമെന്നത് ആസിഫിന് നിര്‍ബന്ധമാണ്. ആ വര്‍ഷം ആനുവല്‍ ഡേ യ്ക്ക് ആദമിന്റെ പാട്ടും ഹയയുടെ ഡാന്‍സുമുണ്ട്. സര്‍ജറി മാറ്റി വെക്കണമെന്ന് ആസിഫിന് നിര്‍ബന്ധം. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചില്ല. സര്‍ജറി കഴിഞ്ഞ അന്ന് തന്നെ ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലെത്തി. പിന്നെ വീല്‍ചെയറില്‍ സ്‌കൂളിലേക്ക് പോയി, കാല് നീട്ടിവെച്ച് മക്കളുടെ പരിപാടി കാണുകയും ചെയ്തുവെന്നും'സമ പറയുന്നു.
കള എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ എന്റര്‍ടൈനര്‍ ചിത്രമാണ് ആസിഫ് അലിയുടെ ടിക്കി ടാക്ക. ഈ സിനിമയുടെ ചിത്രീകരണത്തിൻ്റെ ഭാഗമായി നടന്ന സ്റ്റണ്ട് പരിശീലനത്തിനിടെയാണ് ആസിഫിന്റെ മുട്ടുകാലിനു ഗുരുതരമായി പരുക്കേറ്റത്. ഇതിനെ തുടര്‍ന്ന് അഞ്ചു മാസത്തെ വിശ്രമത്തിലായിരുന്ന നടൻ പരിക്ക് ഭേദമായ ശേഷം തിരികെ എത്തിയിരുന്നു. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന് ഇന്തോനേഷ്യയില്‍ നിന്നുള്ള ഉദേ നന്‍സ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.


Click it and Unblock the Notifications











