'കെട്ട്യോളാണ് എന്റെ മാലാഖ'; ആസിഫ് അലി കുടുംബകഥയുമായി എത്തുന്ന് ചിത്രം വരുന്നു!
ഒന്നിനൊന്ന് സിനിമകളിലൂടെ ആസിഫ് അലി ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രമായിരുന്നു ആസിഫ് അലിയുടേതായി ആദ്യമെത്തിയ ചിത്രം. പോസിറ്റീവ് റിവ്യൂ സ്വന്തമാക്കിയാണ് ഈ ചിത്രം പ്രദര്‍ശനം തുടങ്ങിയത്. ശേഷം പാര്‍വ്വതിയ്‌ക്കെപ്പം ഉയരെ എന്ന ചിത്രത്തില്‍ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ചു. ചിത്രത്തിലെ ഗോവിന്ദ് എന്ന കഥാപാത്രം പ്രേക്ഷക പ്രശംസ കൈവരിച്ചിരുന്നു. ഇന്ന് വൈറസിലും ആസിഫ് അലിയുടെ സാന്നിധ്യമുണ്ട്.

ഇതൊന്നുമല്ലാതെ ഒരു കുടുംബ ചിത്രവുമായി ആസിഫ് വരികയാണെന്നുള്ളതാണ് ഏറ്റവും പുതിയ വാര്‍ത്ത. 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന് പേരിട്ടിരിക്കുന്ന ചിത്രവുമായിട്ടാണ് ആസിഫിന്റെ വരവ്. പേര് പോലെ തന്നെ കൗതുകം നിറഞ്ഞൊരു കുടുംബ ചിത്രമാണിതെന്നാണ് സൂചന. പുതുമുഖം വീണ നന്ദകുമാറാണ് ചിത്രത്തിലെ നായിക. ഫാമിലി എന്റര്‍ടെയിനറായിരിക്കുമെന്ന സൂചന മാത്രമേ ഇതുവരെ വന്നിട്ടുള്ളു. സിനിമയുടെ ഇതിവൃത്തമെന്താണെന്നുള്ളതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല.
നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അജി പീറ്റര്‍ തങ്കമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിലാഷ് എസ് ഛായഗ്രഹണം നിര്‍വഹിക്കും. പീരുമേട്, പാല എന്നിവിടങ്ങളില്‍ നിന്നുമായിരിക്കും ചിത്രീകരണം നടക്കുന്നതെന്നാണ് സൂചന. കക്ഷി അമ്മിണിപിള്ളെ ആണ് ഈ ദിവസങ്ങളില്‍ റിലീസിനൊരുങ്ങുന്ന ആസിഫിന്റെ സിനിമ. ശേഷം രാജീവ് രവിയുടെ ഇനിയും പേരിടാത്ത ഒരു ചിത്രവും അരുണ്‍ കുമാര്‍ അരവിന്ദന്റെ അണ്ടര്‍വേള്‍ഡും ഷൂട്ടിംഗ് ആരംഭിക്കാനുണ്ട്.


Click it and Unblock the Notifications