അഭിനയ രംഗത്തേക്ക് തിരിച്ച് വരുന്നോ, അസിനെ വിളിച്ചപ്പോഴുള്ള പ്രതികരണം; ഇന്നത്തെ ജീവിതത്തെക്കുറിച്ച് സംവിധായകൻ
അഭിനയ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് അസിൻ തോട്ടുങ്കൽ. ഒരു കാലത്ത് തമിഴ് സിനിമാ ലോകത്തെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു അസിൻ. സൂപ്പർതാര ചിത്രങ്ങൾ, അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ, സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യുന്നു തുടങ്ങിയ ഘടകങ്ങൾ അസിനെ കരിയറിൽ തുണച്ചു. തെന്നിന്ത്യൻ സിനിമകളിൽ നിന്നും ഹിന്ദിയിലേക്ക് കടന്ന അസിനെ അവിടെയും വിജയം തുണച്ചു. ഗജിനി റീമേക്കിലൂടെയായിരുന്നു അസിന്റെ ബോളിവുഡ് അരങ്ങേറ്റം.
സിനിമ സൂപ്പർഹിറ്റായി. അസിനെ തേടി വലിയ അവസരങ്ങളെത്തി. 2016 ൽ അഭിനയ രംഗത്ത് നിന്നും പൂർണമായും വിട്ടു നിന്ന അസിനെ ഇന്ന് ലൈം ലൈറ്റിൽ നിന്നും മാറി നിൽക്കുകയാണ്. വിവാഹ ശേഷം സിനിമാ രംഗം വിടുകയാണെന്ന് അസിൻ വ്യക്തമാക്കിയിരുന്നു. ചെറിയ പ്രായം മുതൽ അഭിനയിക്കുന്ന തനിക്ക് ഇനി കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകാനാണ് തീരുമാനമെന്ന് അസിൻ അന്ന് പറയുകയുണ്ടായി. രാഹുൽ ശർമ്മ എന്നാണ് അസിന്റെ ഭർത്താവിന്റെ പേര്. മകൾ അരിൻ.

അസിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ മോഹൻ രാജ. എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന സിനിമയുടെ റീ റിലീസുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് അസിനെക്കുറിച്ച് സംവിധായകൻ പരാമർശിച്ചത്. അസിൻ, രവി മോഹൻ (ജയം രവി) എന്നിവർ പ്രധാന വേഷത്തിലെത്തിയ എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി 2004 ലെ സൂപ്പർഹിറ്റായിരുന്നു. നടി നദിയ മൊയ്തു വർഷങ്ങൾക്ക് ശേഷം സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയ സിനിമയുമാണിത്.
അസിനെ കുറച്ച് കാലം മുമ്പ് ഫോൺ ചെയ്തതിനെക്കുറിച്ചാണ് രവി മോഹൻ സംസാരിച്ചത്. രണ്ട് വർഷം മുമ്പ് അസിനുമായി ഫോണിൽ സംസാരിച്ചിരുന്നു. വീണ്ടും അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചു. ഇല്ല സർ, ഇപ്പോൾ മകളുടെ കാര്യത്തിലാണ് മുഴുവൻ ശ്രദ്ധയെന്ന് പറഞ്ഞു. തിരിച്ച് വരാനുള്ള ഐഡിയ ഉണ്ടെങ്കിൽ ആദ്യം എന്നോട് പറയാൻ താൻ പറഞ്ഞെന്നും മോഹൻരാജ ഓർത്തു. അസിനും നദിയ മൊയ്തുവും സദയുമെല്ലാ സിനിമയ്ക്ക് വേണ്ടി ഏറെ ആത്മാർത്ഥതയോടെ ഒപ്പം നിന്നിരുന്നെന്നും മോഹൻരാജ ഓർത്തു.

നദിയ മാം അവസാന ദിവസം ഇനിയ എന്ന ഗാനരംഗത്തിൽ അഭിനയിച്ചു. ഒരു ദിവസം 17 കോസ്റ്റ്യൂമുകൾ മാറി മാറി ധരിച്ചു. എവിടെയെങ്കിലും ഇടം കിട്ടിയാൽ പെട്ടെന്ന് കോസ്റ്റ്യൂം മാറി വരും. അസിനും സദയ്ക്കുമെല്ലാം വിജയിക്കണം എന്ന വാശിയുണ്ടായിരുന്നെന്നും മോഹൻ രാജ പറയുന്നു. അസിൻ വളരെ ജോളിയാണ്. രവി മോഹനും അസിനും തമ്മിൽ സെറ്റിൽ എപ്പോഴും തമാശകളായിരുന്നെന്നും മോഹൻ രാജ ഓർത്തു. രവി മോഹന്റെ സഹോദരനാണ് മോഹൻ രാജ. നടന്റെ പല സൂപ്പർതാര ചിത്രങ്ങളും സംവിധാനം ചെയ്തത് മോഹൻരാജയാണ്.
മലയാള ചിത്രം നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിലൂടെയാണ് അസിൻ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ചിത്രത്തിൽ സഹനായിക വേഷമായിരുന്നു അസിന്. പിന്നീട് ഒരു മലയാള ചിത്രത്തിലും അസിൻ അഭിനയിച്ചിട്ടില്ല. പോക്കിരി, ഗജിനി, ദശാവതാരം തുടങ്ങിയവയാണ് അസിന്റെ വൻ ഹിറ്റായ മലയാള സിനിമകൾ. സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ പോലും അസിൻ ഇപ്പോൾ പങ്കുവെക്കാറില്ല.


Click it and Unblock the Notifications