'ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ നിന്നും നീക്കം ചെയ്തു'; നടി അസിനും വിവാഹമോചനത്തിന് ഒരുങ്ങുന്നു?
ഒട്ടും പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടിയാണ് അസിൻ തോട്ടുങ്കൽ. മലയാളിയാണെങ്കിലും തമിഴിലും ബോളിവുഡിലും സിനിമകൾ ചെയ്താണ് അസിൻ തിളങ്ങിയത്. തുടക്കം എല്ലാവരെയും പോലെ മലയാള സിനിമയിലൂടെ ആയിരുന്നുവെങ്കിലും താരമൂല്യമുള്ള നടിയായി മാറി സൂപ്പർ സ്റ്റാർഡം നേടിയത് ഇതര ഭാഷകളിലേക്ക് ചേക്കേറിയ ശേഷമാണ്.
നരേന്ദ്രൻ മകൻ ജയകാന്തൻ വക ആയിരുന്നു ആദ്യത്തെ സിനിമ. കുഞ്ചാക്കോ ബോബൻ നായകനായ സിനിമയിലെ അസിന്റെ പ്രകടനം പ്രശംസിക്കപ്പെട്ടിരുന്നു. 2001ലായിരുന്നു സിനിമാപ്രേവശനം. മോഡലിങിൽ നിന്നും സിനിമയിലേക്ക് എത്തിയ അസിൻ പിന്നീട് തെലുങ്കിലാണ് സിനിമകൾ ചെയ്തത്.
എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന സിനിമയിലൂടെയാണ് തമിഴിലേക്ക് എത്തിയത്. പിന്നീട് തലവര മാറുകയും തെന്നിന്ത്യയിലും ബോളിവുഡിലും മുൻനിര നായികയായി മാറുകയുമായിരുന്നു.
പ്രശസ്തിയുടെ കൊടുമുടിയിൽ നിന്നിരുന്ന അസിൻ 2016ലാണ് മൈക്രോമാക്‌സ്- റെവോള്‍ട്ട് ബ്രാന്‍ഡുകളുടെ മേധാവിയായ രാഹുൽ ശർമ്മയെ വിവാഹം ചെയ്തത്. വിവാഹശേഷം കുടുംബജീവിതത്തിനാണ് എല്ലാവരെയും പോലെ അസിനും പ്രാധാന്യം കൊടുത്തത്.

അതിനാൽ തന്നെ അഭിനയം, മോഡലിങ്, ബ്രാന്റിങ് എന്നിവയെല്ലാം അസിൻ അവസാനിപ്പിച്ചു. 2017ൽ അസിൻ-രാഹുൽ ശർമ്മ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് പിറന്നു. അരിൻ എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. വല്ലപ്പോഴും മകളുടെ വിശേഷങ്ങൾ പങ്കുവെക്കാൻ വേണ്ടി മാത്രമാണ് അസിൻ സോഷ്യൽമീഡിയ ഉപയോഗിക്കാറുള്ളത്.
ഇടയ്ക്ക് ഭർത്താവിനൊപ്പമുള്ള കപ്പിൾ ഫോട്ടോകളും താരം പങ്കുവെച്ചിരുന്നു. എന്നാലിപ്പോൾ അസിന്റെ ദാമ്പത്യ ജീവിതം സുഖകരമായി അല്ല മുന്നോട്ട് പോകുന്നതെന്നും താരം വിവാഹമോചനത്തിന് തയ്യാറെടുക്കുകയാണെന്നുമുള്ള റിപ്പോർട്ടുകളാണ് സിനിമാമേഖലയിൽ നിന്നും വരുന്നത്.
മാത്രമല്ല ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ അസിൻ സോഷ്യൽമീഡിയയിൽ നിന്നും നീക്കം ചെയ്തിട്ടുമുണ്ട്. അസിന്റെയും മകളുടെയും ചിത്രങ്ങൾ മാത്രമാണ് സിംപ്ലി അസിൻ എന്ന സോഷ്യൽമീഡിയ പേജിലുള്ളത്. അസിൻ-രാഹുൽ ശർമ ദമ്പതികളുടെ ദാമ്പത്യജീവിതം ഏഴ് വർഷം പൂർത്തിയാക്കി.
ഭർത്താവിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ നിന്നും നീക്കം ചെയ്തതിന് പിന്നിലെ കാരണം ആരാധകർ താരത്തോട് കമന്റിലൂടെ ചോദിച്ചുവെങ്കിലും നടി പ്രതികരിച്ചിട്ടില്ല. മുമ്പ് വിവാഹ ചിത്രങ്ങൾ അടക്കം അസിൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാർത്ത വലിയ കോളിളക്കം ആരാധകർക്കിടയിൽ സൃഷ്ടിച്ചിട്ടുണ്ട്.

രാഹുൽ ശർമ്മയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അത് മനസിലാക്കിയാണ് അസിൻ വിവാഹമോചനം നേടാൻ തീരുമാനിച്ചതെന്നും ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ കുട്ടിയുമായി മാതാപിതാക്കളോടൊപ്പം തനിച്ചാണ് അസിൻ താമസിക്കുന്നതെന്നും പറയപ്പെടുന്നു. ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരം ആർഭാടമായാണ് അസിൻ-രാഹുൽ ശർമ്മ വിവാഹം നടന്നത്.
റിപ്പോർട്ടുകൾ പ്രകാരം 1300 കോടി രൂപയുടെ ആസ്തിയുള്ള ടെക് കോടീശ്വരനാണ് രാഹുൽ ശർമ്മ. അക്ഷയ് കുമാറാണ് അസിൻ-രാഹുൽ പ്രണയത്തിന് കാരണക്കാരൻ. ഹൗസ്ഫുൾ 2 സിനിമയുടെ പ്രൊമോഷൻ തിരക്കിലായിരുന്ന സമയം ബംഗ്ലാദേശിലെ ധാക്കയിൽ പ്രചാരണത്തിന് ഭാഗമായി എത്തിയതായിരുന്നു അസിൻ. അവിടെ വെച്ച് പരിചയപ്പെട്ട രാഹുലിനെ അസിൻ അഭിവാദ്യം ചെയ്തു.
നടൻ അക്ഷയ് കുമാറാണ് അന്ന് അസിനെയും രാഹുലിനെയും പരസ്പരം പരിചയപ്പെടുത്തിയത്. ഇവർ വിവാഹം ചെയ്യും എന്ന് അക്ഷയ് അന്നേ പ്രവചിച്ചിരുന്നു. അക്ഷയ് തമാശ പറഞ്ഞതാവും എന്ന് അസിൻ അന്ന് കരുതി. എന്നാൽ ആ പ്രവചനം പിന്നീട് സത്യമായി.
മകളുടെ പിറന്നാൾ ദിനത്തിൽ സൂപ്പർ ഹീറോ വേഷത്തിലെത്തി മകൾക്കൊപ്പം കളിക്കുന്ന രാഹുലിന്റെ ചിത്രങ്ങളും അസിൻ മുമ്പ് പങ്കുവെച്ചിരുന്നു. സാന്റാക്ലോസ് വേഷത്തിൽ മകളെയും കൈയ്യിലേന്തി നിൽക്കുന്ന രാഹുലിന്റെ ചിത്രങ്ങളും അസിൻ പങ്കുവെച്ചിരുന്നു. തമിഴിൽ കാവലനാണ് അസിൻ അഭിനയിച്ച് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ.


Click it and Unblock the Notifications