കമ്പനി തകർന്നു, ഇനിയും ഇത് വേണ്ടെന്ന് തീരുമാനിച്ചു; ഇന്നത്തെ വരുമാനം: അസിന്റെ ഭർത്താവ് രാഹുൽ ശർമ
അഭിനയ രംഗത്ത് നിന്നും വർഷങ്ങളായി മാറി നിൽക്കുകയാണ് അസിൻ. വിവാഹ ശേഷം അഭിനയിക്കില്ലെന്ന് നടി തീരുമാനിക്കുകയായിരുന്നു. 2016 ലായിരുന്നു അസിനും രാഹുൽ ശർമ്മയും തമ്മിലുള്ള വിവാഹം. രഹസ്യമായിരുന്ന ഡേറ്റിംഗ് കാലത്തിന് ശേഷമായിരുന്നു വിവാഹം. വിവാഹ ശേഷം ലെെം ലെെറ്റിൽ നിന്നും അസിൻ പൂർണമായും മാറി നിന്നു. സെലിബ്രറ്റികളുടെ പിറകെ നിഴല് പോലെ ഇന്ന് പാപ്പരാസികളുണ്ടെങ്കിലും അസിന്റെ ഒരു ഫോട്ടോ പോലും ഇതുവരെ ഇവർ പുറത്ത് വിട്ടിട്ടില്ല. സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിൽ നടി സജീവവുമല്ല.
പല നടിമാരും അഭിനയ രംഗം വിട്ടെങ്കിലും അവാർഡ് ഷോകൾക്കോ, വിവാഹ ചടങ്ങുകൾക്കോ മറ്റ് എത്തുമ്പോൾ ഫോട്ടോകൾ പുറത്ത് വരാറുണ്ട്. എന്നാൽ അസിനെ ആരാധകർ അഭിനയ രംഗം വിട്ടതിന് ശേഷം കണ്ടിട്ടേയില്ല. അസിനെ വിവാഹം ചെയ്യുന്ന സമയത്ത് മെെക്രോമാക്സിന്റെ അമരക്കാരനാണ് രാഹുൽ ശർമ്മ. അന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മൊബെെൽ ബ്രാൻഡുകളിലൊന്ന്. എന്നാൽ പിന്നീട് ഈ കമ്പനി തകർന്നു. ഇതേക്കുറിച്ച് പുതിയ പോഡ്കാസ്റ്റിൽ രാഹുൽ സംസാരിക്കുന്നുണ്ട്.

ചെെനീസ് കമ്പനികളുടെ കടന്ന് വരവാണ് മെെക്രോമാക്സിനെ ബാധിച്ചതെന്ന് രാഹുൽ ശർമ്മ പറയുന്നു. പാൻഡമെക്കിന്റെ സമയത്താണ് കമ്പനിയുടെ മരണമണി മുഴക്കിയത്. മഹാമാരിക്ക് മുമ്പ് വിപണി വിഹിതത്തിന്റെ 50 ശതമാനം കെെവശമുണ്ടായിരുന്ന ഇന്ത്യൻ ബ്രാൻഡുകൾ പിന്നീട് പൂർണമായും നശിച്ചു. ചെെനീസ് കമ്പനികളുമായുള്ള മത്സരം കമ്പനിയെയും വിപണിയെയും ബാധിച്ചു. ഇതിന് പിന്നാലെ മഹാമാരിക്കാലം വന്നത് കമ്പനിയെ പൂർണമായും പരാജയപ്പെടുത്തിയെന്ന് രാഹുൽ ശർമ്മ പറയുന്നു.
2020 ൽ മത്സരം മതിയാക്കി. മാനുഫാക്ചറിങ്ങിലേക്ക് തിരിഞ്ഞു. മറ്റ് ബ്രാൻഡുകൾക്ക് വേണ്ടി മാനുഫാക്ചറിംഗ് ചെയ്യാൻ തുടങ്ങിയതോടെ മുമ്പത്തേക്കാളും വരുമാനം ഒരുപാട് കൂടുതലാണ്. അത് പലർക്കും അറിയില്ലായിരുന്നു. എന്നാൽ മുമ്പത്തേക്കാൾ ഇന്ന് നന്നായി പോകുന്നു. കമ്പനി തകർന്നപ്പോഴും ടെക്നോളജി മേഖലയിൽ തന്നെ നിലനിൽക്കുകയെന്നതായിരുന്നു തന്റെ അടിസ്ഥാനപരമായ തീരുമാനമെന്നും രാഹുൽ ശർമ്മ വ്യക്തമാക്കി. റിയൽ എസ്റ്റേറ്റിലേക്കോ മറ്റോ തിരിഞ്ഞില്ലെന്നും രാഹുൽ ശർമ ചൂണ്ടിക്കാട്ടി. നിഖിൽ കാമത്തിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു രാഹുൽ ശർമ്മ.

അരിൻ എന്നാണ് അസിന്റെയും രാഹുൽ ശർമയുടെയും മകളുടെ പേര്. മകളുടെ ഫോട്ടോ പിറന്നാൾ ദിനത്തിൽ അസിൻ പങ്കുവെക്കാറുണ്ട്. . തെന്നിന്ത്യയിലെ താര റാണിയായിരിക്കെയാണ് അസിൻ ബോളിവുഡിലേക്ക് കടന്നത്. ഗജിനിയുടെ ഹിന്ദി റീമേക്കിലൂടെയായിരുന്നു തുടക്കം. ആമിർ ഖാൻ നായകനായ സിനിമ വൻ വിജയം നേടി. പിന്നീട് സൽമാൻ ഖാന്റെ റെഡി എന്ന സിനിമയിലും അഭിനയിച്ചു. എന്നാൽ പിന്നീട് വലിയ ഹിറ്റുകൾ ബോളിവുഡിൽ നിന്നും അസിന് ലഭിച്ചില്ല.
തമിഴ്, തെലുങ്ക് സിനിമാ രംഗത്തെ അതേ വിജയഗാഥ അസിന് ബോളിവുഡിൽ ആവർത്തിക്കാനായിരുന്നില്ല. ബോളിവുഡ് എന്ന ഗ്ലാമറസ് ലോകവുമായി പൊരുത്തപ്പെട്ട് പോകാൻ അസിന് സാധിച്ചിരുന്നില്ല. തെന്നിന്ത്യൻ സിനിമാ ലോകത്ത് അക്കാലത്ത് അസിനായിരുന്നു ഏറ്റവും താരമൂല്യമുള്ള നടി. എന്നാൽ ബോളിവുഡിൽ അസിന് മുന്നിൽ നിരവധി പേരുണ്ടായിരുന്നു. ഇവർക്കൊപ്പം മത്സരിച്ച് നിൽക്കുക എളുപ്പവുമായിരുന്നില്ല. 2015 ൽ പുറത്തിറങ്ങിയ ഓൾ ഈസ് വെൽ ആണ് അസിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications