twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓരോ സ്‌ക്രൂ ടൈറ്റാക്കുമ്പോഴും സൂരജ് ശ്വാസം പിടിച്ച് നില്‍ക്കും! കുഞ്ഞപ്പന് വേണ്ടി സൂരജിന്റെ ത്യാഗം

    |

    സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഹിറ്റ് സിനിമയാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. ഒരു റോബര്‍ട്ടും മനുഷ്യനും തമ്മിലുണ്ടാകുന്ന ആത്മബന്ധത്തിന്റെ കഥ പറഞ്ഞെത്തിയ ചിത്രത്തിന് തിയറ്ററുകളില്‍ നിന്നും നല്ല അഭിപ്രായമായിരുന്നു ലഭിച്ചത്. സിനിമ ഹിറ്റായതോടെ ചിത്രത്തില്‍ റോബര്‍ട്ട് ആയി അഭിനയിച്ച ആളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നു.

    നടന്‍ സൂരജ് തേലക്കാട് ആയിരുന്നു ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന റോബര്‍ട്ട് ആയി അഭിനയിച്ചത്. അതിന് വേണ്ടി സൂരജ് അനുഭവിക്കേണ്ടി വന്ന ത്യാഗങ്ങള്‍ എന്തൊക്കെയാണെന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായ രഞ്ജിത്ത് മഠത്തില്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുകയാണ്.

     രഞ്ജിത്ത് പറയുന്നതിങ്ങനെ

    'സൂരജ് തേലക്കാട് in & sa ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ Ver. 5.25 '. ഈ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന നിലയില്‍ സൂരജിനെ ആദ്യമായി വിളിക്കുന്നത് റോബോട്ടിന്റെ കോസ്റ്റ്യൂം ട്രയലിനു വേണ്ടിയാണ്. മാസങ്ങള്‍ക്ക് മുന്നേ ഒരുപാട് ഡിസൈനുകള്‍ ചെയ്ത് ചെയ്ത് ഒടുവില്‍ ഒരു അവസാന ഡിസൈനില്‍ ഈ ചിത്രത്തിന്റെ ഡയറക്ടറും മറ്റനവധി ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഡിസൈനറുമായ രതീഷേട്ടന്‍ എത്തിച്ചേര്‍ന്നിരുന്നു. ആ ഡിസൈന്‍ പ്രകാരം, സൂരജിന്റെ ശരീരത്തിനനുസരിച്ച് അളവുകള്‍ക്കനുസരിച്ച് സമയമെടുത്ത് ചെയ്തു വെച്ച കോസ്റ്റ്യൂം സൂരജിനെ ധരിപ്പിച്ച് റോബോട്ടിന്റെ മൂവ്‌മെന്റും ആക്ഷന്‍സും നോക്കി റോബോട്ടിന്റെ നടത്തവും ബാക്കി സംഗതികളുമൊക്കെ ഷൂട്ടിന് മുമ്പ് തന്നെ വിലയിരുത്തുക എന്നതായിരുന്നു ഉദ്ദേശ്യം.

     രഞ്ജിത്ത് പറയുന്നതിങ്ങനെ

    പറഞ്ഞ ദിവസം സൂരജ് എത്തി. മുംബൈയില്‍ നിന്നും വന്ന സൂര്യ ഭായ് റോബോട്ടിന്റെ കോസ്റ്റ്യൂം സൂരജിനെ ധരിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് ആദ്യത്തെ വെല്ലുവിളി. അളവെടുക്കുമ്പോഴുണ്ടായിരുന്ന സമയത്തേക്കാള്‍ വണ്ണം വച്ചിരിക്കുന്നു സൂരജ്. (ഇത് മുന്‍കൂട്ടി കണ്ട് കൊണ്ട് തന്നെ അളവിനേക്കാള്‍ കുറച്ച് കൂട്ടിയാണ് കോസ്റ്റ്യൂം ഉണ്ടാക്കിയിരുന്നത്.) പക്ഷേ അതിനേക്കാള്‍ തടി വച്ചിരുന്നു സൂരജ്. എന്ത് ചെയ്യുമെന്നായി? രണ്ടും കല്‍പ്പിച്ച് റോബോട്ടിന്റെ കോസ്റ്റ്യൂം അണിയിക്കാന്‍ തുടങ്ങി.

    രഞ്ജിത്ത് പറയുന്നതിങ്ങനെ

    പല ഭാഗങ്ങളായിട്ടാണ് അതുണ്ടാക്കിയിരുന്നത്. ഒരോ ഭാഗങ്ങളും സ്‌ക്രൂ വെച്ച് മുറുക്കുകയാണ് ചെയ്യുന്നത്. ഓരോ സ്‌ക്രൂ ടൈറ്റാക്കുമ്പോഴും സൂരജ് ശ്വാസം പിടിച്ച് നില്‍ക്കും. അതിനുള്ളില്‍ വേദന സഹിച്ച് ഞെരുങ്ങി നിന്ന് എല്ലാവരെയും നോക്കി ഓരോ തമാശ പറഞ്ഞ് അവന്റെ വേദനകളെ ഉള്ളിലൊതുക്കും. ഇട്ട് കഴിഞ്ഞ് നോക്കിയപ്പോള്‍ രണ്ട് കാര്യമായിരുന്നു അലട്ടിയിരുന്നത്, ഒന്ന് വണ്ണക്കൂടുതല്‍ കാരണം അവന് അത് ടൈറ്റായിരുന്നു. പിന്നെ പ്രതീക്ഷിച്ചതിനേക്കാള്‍ ഭാരക്കൂടുതലും. അതു കൊണ്ട് തന്നെ അവന് നടക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ചിത്രത്തിലാണെങ്കില്‍ റോബോട്ട് നടന്ന് കൊണ്ടുള്ള സീനുകള്‍ ഒരുപാടുണ്ട്. ഒരു പേടിയും വേണ്ട എല്ലാം ശരിയാക്കാം എന്നു പറഞ്ഞ് ചിരിച്ച് കൊണ്ട് നില്‍ക്കും സൂരജ്.

     രഞ്ജിത്ത് പറയുന്നതിങ്ങനെ

    കണ്ണില്‍ ഇത്തിരി നനവോടെയാണെങ്കിലും. ഇത്രയും ചിലവെടുത്ത് ഉണ്ടാക്കിയ കോസ്റ്റ്യൂം ഇനി മാറ്റുന്നത് നടപ്പില്ല. വഴി ഒന്നേയുണ്ടായിരുന്നുള്ളൂ. സൂരജ് വണ്ണം കുറയ്ക്കുക. ഷൂട്ട് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം. പിന്നെ റോബോട്ടിന്റെ നടത്തം, അതും കറക്ടാക്കുക. ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിയും വ്യായാമം ചെയ്തും ദിവസങ്ങള്‍ കൊണ്ട് കുറച്ചധികം കഷ്ടപ്പെട്ടും ഷൂട്ടിന് മുമ്പ് തന്നെ വണ്ണം കുറച്ച് കോസ്റ്റ്യൂം പാകമാകുന്ന രീതിയില്‍ സൂരജ് എത്തി. രതീഷേട്ടന്റെ നിര്‍ദ്ദേശത്തിനനുസരിച്ച് റോബോട്ടിന്റെ നടത്തങ്ങളും ചലനങ്ങളും അവന്‍ പഠിച്ചെടുത്തു.

     രഞ്ജിത്ത് പറയുന്നതിങ്ങനെ

    പിന്നെ ഉണ്ടായിരുന്ന ജോലി ഡയലോഗ് പഠിക്കലായിരുന്നു. സൂരജിനെ ഡയലോഗ് പഠിപ്പിക്കാനിരുന്നപ്പോഴാണ് അടുത്ത പണി. ഡയലോഗ് കാണാതെ പഠിച്ച് പറയാന്‍ സൂരജിനാവുന്നില്ല. ഷൂട്ട് സമയത്ത് ഡയലോഗ് പറഞ്ഞ് കൊടുത്ത് അഭിനയിക്കല്‍ സൂരജിന്റെ കാര്യത്തില്‍ നടക്കുമായിരുന്നില്ല. കാരണം റോബോട്ടിന്റെ കോസ്റ്റ്യൂം ധരിച്ചാല്‍ പിന്നെ അതിനുള്ളിലൂടെ കേള്‍ക്കാനും കാണാനും കുറച്ചധികം ബുദ്ധിമുട്ടാണ്.

     രഞ്ജിത്ത് പറയുന്നതിങ്ങനെ

    കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സൂരജ്, റോബോട്ടിന്റെ ഡയലോഗുകള്‍ മുഴുവന്‍ ഓരോന്നോരോന്നായി എഴുതിപ്പഠിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ ഡയലോഗും കാണാപ്പാഠമാക്കി. അങ്ങനെ വീണ്ടും അവന്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി. (നിന്നെ ഡയലോഗ് പഠിപ്പിച്ചതിന്റെ ചിലവ് ഇതു വരെ കിട്ടിയിട്ടില്ല ട്ടോ, അത് മറക്കണ്ട) പിന്നെ ഷൂട്ടിന്റെ ദിനങ്ങള്‍. ഏകദേശം ഒരു മണിക്കൂര്‍ വേണം ഇത് മുഴുവനായി ധരിക്കാന്‍. അത് വരെ ഇരിക്കാനോ കിടക്കാനോ കഴിയില്ല. ഒരു റോബോട്ടിനെ പോലെ തന്നെ അനങ്ങാതെ നില്‍ക്കണം. അഴിക്കുമ്പോഴും അങ്ങനെ തന്നെ... സഹിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള ചൂട്. ഏകദേശം അഞ്ചരക്കിലോയോളം ഭാരം.

    രഞ്ജിത്ത് പറയുന്നതിങ്ങനെ

    ഈ ചൂടും ഭാരവും സഹിച്ച് മണിക്കൂറുകള്‍. ഇടയ്ക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കണമെങ്കിലോ തലയിലെ ഭാഗം അഴിക്കണം. ഇനി അങ്ങനെ കഴിച്ചോ കുടിച്ചോ ബാത്ത് റൂമില്‍ പോകാന്‍ തോന്നിയാല്‍ പിന്നെ മുഴുവന്‍ ഭാഗങ്ങളും അഴിക്കണം. അഴിക്കാനും പിന്നെയും ധരിപ്പിക്കാനും മണിക്കൂറുകള്‍. ആ മണിക്കൂറുകളത്രയും ഇരിക്കാന്‍ കഴിയാതെ ഒരേ നില്‍പ്. അഴിക്കുമ്പോള്‍ ചൂട് കൊണ്ട് വിയര്‍ത്തൊലിച്ചു നില്‍ക്കുന്ന അവന്റെ മുഖം കാണുമ്പൊ മൊത്തം ടീമിനും സങ്കടം വരും. എങ്കിലും അവന്‍ ചിരിക്കും.

     രഞ്ജിത്ത് പറയുന്നതിങ്ങനെ

    അസഹ്യമായ പുറം വേദനയും കൊണ്ട് ഇടയ്ക്കവന്‍ പറയും എന്നെക്കൊണ്ടിത് മുഴുവനാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പിന്നെ കുറച്ച് കഴിഞ്ഞവന്‍ തന്നെ പറയും വീടിന്റെ ലോണിനെക്കുറിച്ച്, വീട്ടുകാരെക്കുറിച്ച് എന്നിട്ട് വീണ്ടും ഊര്‍ജ്വസ്വലനാകും. കോസ്റ്റ്യൂം ധരിക്കും. അഭിനയിക്കാനിറങ്ങും. വീട്ടില്‍ നിന്നും അച്ഛനും അമ്മയുമൊക്കെ കാണാന്‍ വന്നപ്പോ എല്ലാ വേദനയും മറന്നവന്‍ ചിരിച്ചു. അവര്‍ക്ക് മുമ്പില്‍ ഒരു പൂവിറുക്കുന്ന ലാഘവത്തോടെ ആ ഭാരവും താങ്ങിയവന്‍ അഭിനയിച്ചു, നടന്നു, ചിരിച്ചു.

    രഞ്ജിത്ത് പറയുന്നതിങ്ങനെ

    അവന് വേണ്ടി എല്ലാ രീതിയിലും സൗകര്യമൊരുക്കിയാലും ഷൂട്ട് സമയത്ത് അതും ധരിച്ച് ചൂടില്‍ മുഴുവന്‍ ഡയലോഗും പറഞ്ഞ് രാത്രി വൈകി റോബോട്ടിന്റെ കോസ്റ്റ്യൂം അഴിക്കും വരെയുള്ള സമയം അവന് സഹിക്കാവുന്നതിലും അപ്പുറമാണ്. അങ്ങനെയുള്ള ഏകദേശം 45 ദിനങ്ങളാണ് അവന്‍ താണ്ടിയത്. എല്ലാ കഷ്ടതയോടും. ചിത്രം കണ്ട എല്ലാവരും അഭിനന്ദനം കൊണ്ട് മൂടിയപ്പോള്‍ അവരാരും അറിയാതെ പോയ യഥാര്‍ത്ഥ കുഞ്ഞപ്പനാണവന്‍. സുരാജേട്ടനും സൗബിക്കയ്ക്കും മറ്റ് അഭിനേതാക്കള്‍ക്കും വേണ്ടി കയ്യടിച്ചപ്പോള്‍ അവരുടെ മറുതലയ്ക്കല്‍ അതിന് കാരണക്കാരനായി എതിര്‍ സംഭാഷണങ്ങളും റിയാക്ഷന്‍സും കൊടുത്ത് എല്ലാവരെയും ഞെട്ടിച്ച അസാമാന്യ ടൈമിംഗ് ഉള്ള പ്രതിഭയാണവന്‍.

    രഞ്ജിത്ത് പറയുന്നതിങ്ങനെ

    ക്ലൈമാക്‌സില്‍ സുരാജേട്ടന്റെ പെര്‍ഫോമന്‍സില്‍ ഏകദേശം മുഴുവന്‍ ക്രൂവിനും കണ്ണ് നനഞ്ഞപ്പോള്‍, തീയേറ്ററില്‍ ആ അഭിനയം കണ്ട് നിങ്ങള്‍ കരഞ്ഞെങ്കില്‍ അതിന് കാരണക്കാരന്‍ അപ്പുറത്ത് 'ചിതാഭസ്മം എനിക്ക് വെറും ചാരം മാത്രമാണ് ' എന്ന് പറഞ്ഞ കുഞ്ഞപ്പനാണ്. അവനാണവന്‍. അവന്റെ മുഖം വൈകിയാണെങ്കിലും നിങ്ങള്‍ക്ക് മുമ്പില്‍ തുറക്കപ്പെടുമ്പോള്‍ ഏറ്റവും അധികം സന്തോഷം പ്രേക്ഷകരെപ്പോലെ ഞങ്ങള്‍ മുഴുവന്‍ കുഞ്ഞപ്പന്‍ ടീമിനുമുണ്ട്. (സിനിമയുടെ ക്യൂരിയോസിറ്റി നഷ്ടമാകാതിരിക്കാനാണ് റിലീസ് സമയത്ത് ഇത് പുറത്തു വിടാതിരുന്നത് എന്ന് വിനയപൂര്‍വ്വം പറഞ്ഞു കൊള്ളട്ടെ).

     രഞ്ജിത്ത് പറയുന്നതിങ്ങനെ

    രതീഷേട്ടനെന്ന അസാമാന്യ പ്രതിഭയും പ്രതിഭാസവുമായ അത്ഭുത മനുഷ്യന്റെ തലയ്ക്കുള്ളിലെ കുഞ്ഞപ്പനെ നിങ്ങളിലേക്ക് എത്തിക്കാന്‍ അവന്‍ സഹിച്ച വേദനകളും, കഷ്ടപ്പാടുകളും പരിശ്രമവുമാണ് കുഞ്ഞപ്പനെ നിങ്ങള്‍ക്ക് പ്രിയങ്കരനാക്കിയത്. സൂരജ് നീ അടിപൊളിയാണ്. പരിശ്രമം കൊണ്ടും പ്രയത്‌നം കൊണ്ടും അസാധ്യമെന്നത് നീ സാധ്യമാക്കുന്നു. വലുപ്പം കൊണ്ട് നിന്നെ അളക്കുന്നവരെയെല്ലാം പെരുമാറ്റും കൊണ്ടും പുഞ്ചിരി കൊണ്ടും നീ ചെറിയവരാക്കുന്നു. മുന്നോട്ട് പോകട്ടെ. ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ. എല്ലാവിധ ആശംസകളും.

    Read more about: sooraj
    English summary
    Assistant Director Talks About Actor Sooraj Thelakkad
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X