'വീട്ടിൽ ചെല്ലണമെന്ന് പറഞ്ഞു, എന്ത് സമയം ആകും ചോദിക്കാൻ ഇരുന്നത്?'; ജ്യോത്സ്യനോട് സംശയം ഉണ്ടെന്ന് പറഞ്ഞ സുബി!
നമ്മളെ എല്ലാവരേയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഏറെനാളുകളായി നമുക്കൊപ്പം ഉണ്ടായിരുന്ന ഒരു കലാകാരികൂടി അകാലത്തിൽ പൊലിഞ്ഞ് പോയിരിക്കുകയാണ്. സുബി സുരേഷിന്റെ മരണം ഉൾക്കൊള്ളാനാവാതെ ഞെട്ടലിലാണ് സിനിമാ ലോകവും സുബിയെ സ്നേഹിക്കുന്നവരും.
നാൽപ്പത്തിരണ്ടുകാരിയായ സുബി കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. ടിനി ടോം സുബിയുടെ മരണവാർത്ത പുറത്തുവിട്ടപ്പോൾ ആദ്യം സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർ വിശ്വസിക്കാൻ തയ്യാറായില്ല.
അതിനാൽ തന്നെ അസുഖം ബാധിച്ച് സുബി ചികിത്സയിലായിരുന്നപ്പോൾ ഇതേ സുഹൃത്തുക്കൾ തന്നെയാണ് സുബിക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്ത് കൊടുത്ത് എപ്പോഴും ഒപ്പമുണ്ടായിരുന്നത്. ഏറ്റവും അവസാനം ജാർഖണ്ഡിലേക്ക് യാത്ര പോയിരിക്കുകയായിരുന്നു താരം.

അവിടെ നിന്നും മടങ്ങി എത്തിയ ഉടനെയാണ് താരം ആശുപത്രിയിൽ അഡ്മിറ്റായത്. ഇപ്പോഴിത സുബിയെ കുറിച്ച് ജ്യോത്സ്യനും റിയാലിറ്റി ഷോ താരവുമായ ഹരി പത്തനാപുരം കുറിച്ച വരികളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്.
കുറച്ച് നാളുകൾക്ക് മുമ്പ് വീട്ടിലേക്ക് ചെല്ലണമെന്ന് ആവശ്യപ്പെട്ട് സുബി വിളിച്ചിരുന്നുവെന്നാണ് ഹരിയുടെ സോഷ്യൽമീഡിയ കുറിപ്പിൽ പറയുന്നത്.
'വിശ്വസിക്കാൻ ആകുന്നില്ല ഈ വിയോഗം ഡിസംബർ മാസത്തിൽ പത്തനാപുരത്ത് ഒരു പ്രോഗ്രാമിന് വന്നപ്പോൾ മുൻ നിരയിൽ ഇരുന്ന എന്നെ കണ്ട് നിരവധി തവണയാണ് മൈക്കിലൂടെ എന്റെ പേര് വിളിച്ച് സംസാരിച്ചത്.'

'പിന്നീട് ജനുവരി ആദ്യം ഫോൺ വിളിച്ചു... സുബിയുടെ വീടിനെ കുറിച്ചുള്ള കുറെ കാര്യങ്ങൾ സംസാരിച്ചു. സുബിയുടെ ഇപ്പോഴത്തെ പ്രോഗ്രാം തിരക്കുകൾ കഴിയുമ്പോൾ ഞാൻ ഒന്ന് വീട്ടിൽ ചെല്ലണമെന്ന് പറഞ്ഞു.... ചെല്ലാം എന്ന് ഉറപ്പും കൊടുത്തു.... പിന്നീട് ഒരു ദിവസം വിളിച്ചിട്ട് എന്റെ വാട്സാപ്പ് നമ്പർ തരാമോ ഒരു സംശയം ചോദിക്കാൻ ഉണ്ടെന്ന് പറഞ്ഞു.'
'എന്റെ വാട്സാപ്പിൽ നിന്നും അങ്ങോട്ട് മെസേജ് അയക്കാം എന്ന് പറഞ്ഞ് ഫോൺ വെച്ചു. ആ അയച്ച മെസേജ് ഇപ്പോഴും മറുപടിയില്ലാതെ കിടക്കുന്നുണ്ട്. എന്തിനാകും വാട്സാപ്പ് നമ്പർ ചോദിച്ചത്..?'

'എന്ത് സമയമാകും ചോദിക്കാൻ ഇരുന്നത്. മരണമേ.... വല്ലാതെ പേടിപ്പെടുത്തുന്നു' എന്നെഴുതി കൊണ്ടാണ് ഹരി പത്താനാപുരം കുറിപ്പ് അവസാനിപ്പിച്ചത്. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു സുബി.
കരൾ പൂർണമായും പ്രവർത്തന രഹിതമായതിനെ തുടർന്ന് കരൾ മാറ്റിവയ്ക്കാൻ ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു അന്ത്യം. 42 വയസായിരുന്നു സുബിക്ക്. മൃതദേഹം രാജഗിരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ ഉച്ചയോടെ സംസ്കാരം നടക്കും.

'സുബി സുരേഷിന് കരൾ രോഗം നേരത്തെയുണ്ടായിരുന്നു. അതിന് ശേഷം ഇൻഫക്ഷനുണ്ടായി. ഇത് വ്യക്കയേയും ഹൃദയത്തേയും ബാധിച്ചു. അവസാനം ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.'
'സുബിയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള നടപടികൾ ആശുപത്രിയിൽ പുരോഗമിക്കുകയായിരുന്നു. അവരുടെ കുടുംബത്തിൽ നിന്നും തന്നെ കരൾ ദാതാവിനെയും കണ്ടെത്തിയിരുന്നു. എന്നാൽ സുബിക്ക് ഇൻഫക്ഷൻ ഉണ്ടായിരുന്നതിനാൽ ആ സമയത്ത് അവയവമാറ്റ ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞില്ല.'

'എല്ലാ അവസ്ഥയിലും കരൾ മാറ്റിവെക്കൽ സാധ്യമല്ല. അവയവമാറ്റത്തിന് നടപടിക്രമത്തിൽ കാലതാമസമുണ്ടായിട്ടില്ല. പരിശോധനകൾക്ക് ശേഷമാണ് സുബിക്ക് കരൾ മാറ്റിവെക്കേണ്ടതാണെന്ന് സ്ഥിരീകരിച്ചത്. അതിന് ശേഷം ദാതാവിനെ കണ്ടെത്തി.'
'സ്വീകർത്താവിനും ദാതാവിനും ടെസ്റ്റുകൾ നടത്തി. മാസങ്ങൾ നീണ്ടുനിൽക്കുന്ന നടപടിക്രമങ്ങൾ ദിവസങ്ങൾക്കുള്ളിൽ തന്നെ പൂർത്തിയാക്കിയിരുന്നു' എന്നാണ് രാജഗിരി ആശുപത്രിയിലെ സുപ്രണ്ട് സണ്ണി പറഞ്ഞത്.


Click it and Unblock the Notifications